സി.എം.അബ്‌ദുല്ല മുസ്‌ലിയാരുടെ കൊലയാളികളെ കണ്ടെത്തി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനുള്ള പോരാട്ടത്തില്‍ നീതിബോധമുള്ളവരുടെയും, മാധ്യമങ്ങളുടെയും പിന്തുണ ഉണ്ടായിരിക്കണമെന്നു സുന്നി മഹല്ല് ഫെഡറേഷന്‍. 2010 ഫ്രെബുവരി 15ന് രാവിലെ 7 മണിക്ക് ചെമ്പരിക്ക കടലില്‍ സി.എം.അബ്‌ദുല്ല മുസ്‌ലിയാരുടെ മൃതദേഹം മത്സ്യ തൊഴിലാളികളാണ് കണ്ടത്. ഡി.വൈ.എസ്.പി ഹബീബുര്‍റഹ്‌മാന്റെ നേതൃത്വത്തിലുള്ള പോലീസ് 9.15 ഓട് കൂടി ജനാസ പരിയാരം എ.കെ.ജി.ഹോസ്‌പിറ്റലിലെത്തിക്കുകയായിരുന്നു.
പ്രഥമ ദര്‍ശനത്തില്‍ തന്നെ ഇതൊരു കൊലപാതകമാണെന്ന് വ്യക്തമായിരിക്കെ ഫോറന്‍സിക് വിദഗ്‌തരുടെയോ, പോലീസ് നായയുടെയോ സഹായം പോലീസ് തേടിയില്ല. കാലിലും, കഴുത്തിലും, മുഖത്തും മുറിവുകളും ക്ഷതങ്ങളും കാണപ്പെട്ടിട്ടും ജീവനോടെയാണ് കടലില്‍ പതിച്ചെതെങ്കില്‍ മയ്യിത്ത് പൊങ്ങുകയില്ലന്ന പ്രാഥമിക അറിവുണ്ടായിട്ടും, ധാരാളം കേസുകള്‍ കൈകാര്യം ചെയ്‌ത മുന്‍ പരിചയമുള്ള ഹബീബുര്‍റഹ്‌മാന്‍ എന്തുകൊണ്ട് പ്രാഥമിക പോലീസ് നടപടി ക്രമങ്ങളും മര്യാദയും പാലിച്ചില്ല. ഖാസി എഴുതിവരുന്ന ബുര്‍ദ കാവ്യത്തിലെ ഒരു ഭാഗം ആത്മഹത്യാകുറിപ്പെന്ന പേരില്‍ എങ്ങനെ പത്രക്കാര്‍ക്ക് ലഭ്യമായി. ശരിയായ വിധം അനുവാദം കിട്ടിയാല്‍ കൊലയാളിയെ പിടികൂടാനാവുമെന്ന സി.ബി.ഐ. ഓഫീസറുടെ സ്വകാര്യ സംഭാഷണം എന്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
കേസന്വേഷണം തുടക്കം മുതല്‍ എന്തു കൊണ്ട് വീടും, കുടുംബത്തിലുമായി പരിമിതപ്പെടുത്തി. സി,ബി.ഐ. അന്വേഷണ റിപ്പോര്‍ട്ട് മുന്‍കൂട്ടി ചില പത്രങ്ങളില്‍ വരാനിടയായ സാഹചര്യ മെന്താണ്. ഖാസിയുടെ വടി, ചെരുപ്പ് തുടങ്ങിയ വസ്‌തുക്കള്‍ വേലിയേറ്റ സമയത്തും എന്തുകൊണ്ട് നനയാതെ കിടന്നു. ഇത്തരം നിരവധി ചേദ്യങ്ങള്‍ക്കുത്തരം നല്‍കാതെ ആര്‍ക്കോ വേണ്ടി, ആരെയോ രക്ഷിക്കാന്‍ സി.ബി.ഐ നടത്തിയ നീക്കം വേദനാജനകമാണന്നും സി.എം.അബ്‌ദുല്ല മുസ്‌ലിയാരുടെ കൊലയാളികളെ കണ്ടെത്തി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനുള്ള പോരാട്ടത്തില്‍ നീതിബോധമുള്ളവരുടെയും, മാധ്യമങ്ങളുടെയും പിന്തുണ ഉണ്ടായിരിക്കണമെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ ആവശ്യപ്പെട്ടു.