നിയമ വിദഗ്ധന്‍മാരുമായി ആലോചിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉപദേശങ്ങള്‍ക്കനുസൃതമായി മുശാവറ യോഗങ്ങളിലെ സജീവ ചര്‍ച്ചകള്‍ക്കൊടുവില്‍ തയ്യാര്‍ ചെയ്ത ഭരണഘടന സംസ്ഥാന ഗവണ്‍മെന്റ് അംഗീകരിച്ചു. 1934 നവംബര്‍ 14ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോഴിക്കോട് ജില്ലാ രജിസ്ത്രാഫീസില്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. (Reg. No.S1.1934/35) സമസ്തയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ തന്നെ സവിശേഷ ശ്രദ്ധേയമാണ് ``എസ്.ഒന്ന്.'' ഈ നമ്പറുകള്‍ യാദൃശ്ചികമാവാം. എന്നാല്‍ അതുമാത്രമല്ലെന്ന് കരുതുന്നത് തെറ്റല്ല. സംഘടനയുടെ രജിസ്‌ത്രേഷന്‍ നമ്പര്‍ ഒന്നാം നമ്പറായി ലോകാവസാനം വരെ നിലനില്‍ക്കും. ഇതൊരു അനുഗ്രഹീതാവസ്ഥയാണ്. യഥാര്‍ത്ഥ ഇസ്‌ലാമിന്റെ പ്രബോധനം, മതവിദ്യാഭ്യാസ പ്രചരണം, അന്ധവിശ്വാസങ്ങള്‍ക്കും അനിസ്‌ലാമിക സംസ്കാരങ്ങള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനം എന്നിവ സംഘടനയുടെ പ്രാഥമികവും സുപ്രധാനവുമായ ലക്ഷ്യങ്ങളായി സമസ്തയുടെ ഭരണഘടന പ്രഖ്യാപിച്ചു. മതവിശ്വാസങ്ങളോട് സമരസപ്പെട്ടുപോകുന്ന മതേതര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനും മതസഹിഷ്ണുത, മതമൈത്രി, സമാധാന പൂര്‍ണമായ ജീവിതം, ദേശീയ പുരോഗതി എന്നിവയ്ക്ക് വേണ്ടി നിലകൊള്ളുവാനും സംഘടനയുടെ ഭരണഘടന പ്രത്യേകം ശ്രദ്ധിച്ചു.