സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരണ കാലഘട്ടം

കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയാര്‍ജ്ജിച്ചിട്ടുള്ള പ്രശസ്തരായ സുന്നിപണ്ഡിത മഹത്തുക്കളുടെ കൂട്ടായ്മയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന വ്യക്തിഗത നേതൃത്വത്തില്‍നിന്നും സംഘടിത പ്രസ്ഥാനങ്ങളിലേക്കുള്ള മൗലികമായ മാറ്റം കേരള മുസ്‌ലിംകള്‍ക്കിടയില്‍ പൊതുവെ ദൃശ്യമായത് 1921 ന് ശേഷമുള്ള കാലഘട്ടത്തിലാണ്.

പശ്ചാത്യന്‍ നടപ്പുരീതികളിലുള്ള ആധുനികവല്‍കരണ ശ്രമങ്ങള്‍ക്ക് വേഗം കൂടുന്നതും മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബി (1702 - 1793) ന്റെ പുത്തന്‍ ആശയങ്ങളും റശീദ് റിള (1865 - 1935) സ്വയം വിളിച്ച സലഫിസവും മുഹമ്മദ് അബ്ദു(1814 - 1897)വിന്റെ ഇസ്‌ലാമിക ആധുനികതയും ജമാലുദ്ദീന്‍ അഫ്ഗാനി(1939-1997) യുടെ പാന്‍ ഇസ്‌ലാമിസവും ഉത്തരേന്ത്യയിലെ ത്വരീഖെ മുജാഹീദിനെ പോലുള്ള ലിബറല്‍ചിന്താധാരകളും കേരള മുസ്‌ലിംകള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുന്നതും അതിന്റെ ദൂഷ്യഫലങ്ങളും ഉഖ്‌റവിയായ ഉലമാഇനെ കര്‍മ്മനിതരാക്കി. പരലോക ചിന്തയില്‍ മുഴുകിയ സുമനസ്സുള്ളവരുടെ ഇടപെടല്‍ ഫലം കണ്ടു.

സീതി സാഹിബ്, കെ.എം. മൗലവി, ഇ.കെ. മൗലവി തുടങ്ങിയ നേതാക്കളുടെ കീഴില്‍ 1922ല്‍ തിരുകൊച്ചി സംസ്ഥാനത്തെ കൊടുങ്ങല്ലൂരില്‍ രൂപീകൃതമായ കേരള മുസ്‌ലിം ഐക്യ സംഘത്തിലൂടെയാണ് കേരളത്തില്‍ ആദ്യമായി പുതിയ വാദഗതികള്‍ പുറത്തുവരാന്‍ തുടങ്ങിയത്. തൊട്ടുമുമ്പ് നിഷ്പക്ഷ സംഘമെന്ന പേരില്‍ ഒരു റിബറലിസം രൂപപ്പെട്ടിരുന്നു. സംസ്ഥാനത്ത് അങ്ങിങ്ങായി ചിന്നിച്ചിതറിക്കിടന്നിരുന്ന പുത്തന്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ഈ സംഘടന യത്‌നിച്ചു. നിശ്പക്ഷ സംഘവും ഐക്യസംഘവും ഇസ്‌ലാമിലെ സമ്പ്രദായിക രീതികളെ വെല്ലുവിളിച്ചു. പിന്നീട് ഇവര്‍ 1924ല്‍ ആലുവയില്‍ നടന്ന ദ്വിദിന സമ്മേളനത്തില്‍ കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിച്ചു. ഈ ദ്വിദിന സമ്മേളനത്തില്‍ നിരവധി പണ്ഡിതന്‍മാര്‍ പ്രത്യേക ക്ഷണിതാക്കളായിരുന്നു. തുടക്കത്തില്‍ ഈ പണ്ഡിതസംഘടനക്ക് വലിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. കാരണം പുറത്തൊന്നും അകത്തൊന്നുമായിരുന്നു. സംഘടനയുടെ നയം. പൊന്നാനിയിലെ മഖ്ദൂമികളുടെ കാര്‍മികത്വത്തിലുള്ള പണ്ഡിതമഹത്തുക്കളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കുകീഴില്‍ പുഷ്കലമാകുകയും നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ നിരാക്ഷേപം അനുവര്‍ത്തിച്ചു പോരുന്നതുമായ പാരമ്പര്യ ഇസ്‌ലാമിനെ ആക്രമിക്കാന്‍ ഇക്കൂട്ടര്‍ തങ്ങളുടെ സംഘടനാവേദികള്‍ മെല്ല മെല്ലെ ഉപയോഗപ്പെടുത്താന്‍ തുടങ്ങി. നിരവധി ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങളെ ഇവര്‍ ശിര്‍ക്കും ബിദുഅത്തുമായി പ്രഖ്യാപിക്കുകയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേരള മുസ്‌ലിംകളുടെ പരമ്പരാഗത മൂല്യങ്ങളെ അനിസ്‌ലാമികമായും വ്യതിയാനങ്ങളായും ചിത്രീകരിക്കുകയും ചെയ്തു. ഖുറാഫികള്‍ (അന്ധവിശ്വാസികള്‍) എന്നായിരുന്നു ഇവര്‍ യഥാര്‍ത്ഥ മുസ്‌ലിംകളെ പരിചയപ്പെടുത്തിയിരുന്നത്. ലോക മുസ്‌ലിംകളെ (മുശ്‌രിക്ക്) ബഹുദൈവ വിശ്വാസികളെന്ന് വിളിച്ചാക്ഷേപിക്കാന്‍ ഇവര്‍ക്ക് ഒട്ടും മടിയുണ്ടായില്ല. ഈ ഘട്ടത്തില്‍ ഉലമാഅ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു.