ആദര്ശമാര്ഗത്തിലെ ത്യാഗസന്നദ്ധതയാണ് മനുഷ്യ മഹത്വം: തങ്ങള്

ദൈവീക മാര്‍ഗത്തിലെ ത്യാഗസന്നദ്ധതയാണ് വിശ്വാസത്തിന്റെ പൂര്‍ണത എന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദുല്‍ അസ്ഹ സന്ദേശത്തില്‍ പറഞ്ഞു. ആദര്‍ശ പാതയില്‍ വിലപ്പെട്ടതെന്തും ത്യജിക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമേ മനുഷ്യ മഹത്വം ഉയര്‍ത്തിപ്പിടിക്കാനാവുകയുള്ളു. പ്രവാചകന്‍മാരുടെയും മഹാപണ്ഡിതന്മാരുടെയും മുന്‍ തലമുറകളുടെയും ചരിത്രം അതാണ്.
ദൈവീക കല്‍പനയനുസരിച്ച് സ്വപുത്രനെ ബലിനല്‍കാന്‍ സന്നദ്ധനായ ഹസ്രത്ത് ഇബ്രാഹീം നബി (അ)യുടെ അനശ്വര ത്യാഗത്തിന്റെ ഓര്‍മകളാണ് ബലിപെരുന്നാള്‍ ഉണര്‍ത്തുന്നത്.
മനുഷ്യന്റെ സമര്‍പ്പണം പൂര്‍ണമായും സ്ര്ഷ്ടാവിനുള്ളതാണ്. നന്മ തിന്മകള്‍ വേര്‍തിരിച്ചു തന്ന് ജീവിതോപാധികളെ നിശ്ചയിക്കുകയും ബുദ്ധിയും സംസ്കാരവും സമ്മാനിക്കുകയും ചെയ്ത് മാനവകുലത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന പ്രപഞ്ച നാഥനോടാണ് മനുഷ്യനു കടപ്പാടും വിധേയത്വവും വേണ്ടത്.
ഭൂമിയില്‍ ഏകഛത്രാധിപതിയായി നിലകൊണ്ട രാജാവിനു മുന്നില്‍ അല്ലാഹു അക്ബര്‍ എന്ന ദൈവീക മഹത്വത്തിന്റെ മുദ്രാവാക്യം ഉയര്‍ത്തി അഗ്നി പരീക്ഷയെ നേരിട്ട ഇബ്രാഹീം നബി (അ)യുടെ വിപ്ലവം മാനവ സാഹോദര്യത്തിനും സമത്വത്തിനും വേണ്ടിയായിരുന്നു.
ദൈവത്തിനു മുന്നില്‍ രാജാവും പ്രജയും പണ്ഡിതനും പാമരനും സമന്മാരാണെന്ന സന്ദേശമാണ് അല്ലാഹു മാത്രമാണ് മഹാന്‍ എന്ന മുദ്രാവാക്യത്തിലൂടെ ഇബ്രാഹീം നബിയുയര്‍ത്തിയത്. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുയര്‍ന്ന ആ സമത്വ സന്ദേശത്തിന്റെ പ്രതീകമാണ് പരിശുദ്ധ ഹജ്ജ് കര്‍മം. ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന്റെ പ്രതിനിധികളായി കാല്‍കോടിയിലധികം പേര്‍ പുണ്യഭൂമിയിലൊരുമിച്ചു കൂടി അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയാണ്.
ഒരേ വേഷവും ഒരേ ലക്ഷ്യവുമായി ഒരേ സൂക്തങ്ങളുരുവിട്ട് വര്‍ണ, വര്‍ഗ, ദേശ, ഭാഷാ ഭേദമില്ലാതെ തോളുരുമ്മി നിന്ന് അല്ലാഹുവിന് ആരാധന ചെയ്യുന്നു മാനവകുലം. ഇസ്ലാം മുന്നോട്ടുവെക്കുന്ന നിതാന്തമായ ദൈവ സ്മരണയും ലാളിത്യവും സമത്വവുമാണ് ഹജ്ജിന്റെ പ്രൗഢിയും മഹത്വവും.
അറഫയില്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) ചെയ്ത "വിടവാങ്ങല്‍' പ്രസംഗം മാനവരാശിക്കുള്ള മാര്‍ഗരേഖയാണ്. വിശുദ്ധ ഖുര്‍ആനിനെയും നബിചര്യയെയും പിന്‍പറ്റി ജീവിതം ചിട്ടപ്പെടുത്താനാണ് പ്രവാചക തിരുമേനി ലോകത്തോട് ആഹ്വാനം ചെയ്തത്.
മനുഷ്യര്‍ക്കിടയില്‍ വിവേചനങ്ങള്‍ക്കിട നല്‍കാത്ത വിധം "ജനങ്ങളേ' എന്ന സംബോധനയി ലൂടെയാണ് പ്രവാചകന്‍ തന്റെ വിടവാങ്ങല്‍ പ്രസംഗമാരംഭിച്ചത്.
ജീവനും സ്വത്തും അഭിമാനവും പരസ്പരം സൂക്ഷിക്കണമെന്നും അനീതികാണിക്കരുതെന്നും അപരനു ദ്രോഹമായിതോന്നുന്നതൊന്നും മറ്റൊരാളില്‍ നിന്നുണ്ടാവരുതെന്നും നബി (സ) ഓര്‍മിപ്പിച്ചു. മനുഷ്യര്‍ക്കിടയില്‍ അസമത്വവും വിവേചനവും അവസാനിപ്പിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തു. സ്ത്രീകള്‍ക്ക് ഉന്നതമായ പദവിയും സംരക്ഷണവും നിഷ്ക്കര്‍ഷിച്ചു.
ദൈവഭക്തിയും സല്‍ക്കര്‍മങ്ങളുമാണ് ഇസ്ലാമില്‍ ഒരാള്‍ക്ക് മറ്റൊരാളെക്കാള്‍ ഔന്നത്യം നിശ്ചയിക്കാനുള്ള മാനദണ്ഡമെന്ന് പ്രവാചക തിരുമേനി പഠിപ്പിച്ചു.
പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുഹമ്മദ് നബി (സ) നടത്തിയ ആ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഊര്‍ജ്ജ മുള്‍ക്കൊണ്ട് മുന്നോട്ട് പോവാന്‍ ഓരോ വിശ്വാസിയും പ്രതിജ്ഞാബദ്ധമാവണം.
മാനവ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൈത്രിയുടെയും സന്ദേശ പ്രചാരകരാവാന്‍ ബലിപെരുന്നാള്‍ ദിനം ഓര്‍മിപ്പിക്കുന്നു.  ലോകത്തിന്റെ വിവിധ കോണുകളില്‍ യുദ്ധവും സംഘര്‍ഷവും കടുത്ത ദാരിദ്രyവും രോഗവും വരിഞ്ഞുമുറുക്കി ദുരിത പൂര്‍ണമായി ജീവിതം തള്ളിനീക്കുന്ന സഹോദരങ്ങളുണ്ടെന്ന യാഥാര്‍ത്ഥ്യം ആഘോഷങ്ങള്‍ക്കിടയില്‍ വിസ്മരിക്കരുത്.
പീഡാനുഭവങ്ങളില്‍ നിന്നു മുക്തരായി എെശ്വര്യ പൂര്‍ണമായ ജീവിതം നയിക്കാന്‍ ലോകത്തെല്ലാവര്‍ക്കും കഴിയട്ടെ എന്ന് ഈ പവിത്ര ദിനത്തില്‍ പ്രാര്‍ത്ഥിക്കുക. കഷ്ടപ്പെടുന്നവര്‍ക്കു നേരെ സഹായത്തിന്റെ കൈകള്‍ നീട്ടുക.
അല്ലാഹു അനുഗ്രഹിക്കട്ടെ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദാശംസകള്‍.