കെ.ടി.മാനു മുസ്‌ലിയാര്‍ സ്‌മാരക അവാര്‍ഡുകള്‍ ഈ വര്‍ഷം മുതല്‍

തേഞ്ഞിപ്പലം : സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള മദ്‌റസകളിലെ +2 പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക്‌ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ കെ.ടി. മാനു മുസ്‌ലിയാരുടെ പേരില്‍ പ്രത്യേക സ്‌മാരക അവാര്‍ഡ്‌ ഏര്‍പ്പെടുത്തി.
കേരളത്തിന്‌ അകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന 403 റെയ്‌ഞ്ചുകളില്‍ നിന്ന്‌ കൂടുതല്‍ മാര്‍ക്ക്‌ നേടുന്ന ഓരോ വിദ്യാര്‍ത്ഥിക്ക്‌ 2000 രൂപ വീതമാണ്‌ അവാര്‍ഡുകള്‍ നല്‍കുക. മുന്‍കാല നേതാക്കളുടെ സ്‌മരണക്കായി പത്താം ക്ലാസുകാര്‍ക്ക്‌ നല്‍കിവരുന്ന സ്‌മാരക അവാര്‍ഡ്‌ 1500 രൂപയായും, ഏഴാം ക്ലാസില്‍ 1000 രൂപയായും ഉയര്‍ത്തി. 403 റെയ്‌ഞ്ചുകളിലെ ഓരോ വിദ്യാര്‍ത്ഥികള്‍ക്കാണ്‌ ഈ അവാര്‍ഡുകള്‍ നല്‍കുക. 18 ലക്ഷം രൂപയാണ്‌ ഒരു വര്‍ഷം അവാര്‍ഡുകള്‍ക്ക്‌ മാത്രമായി വിനിയോഗിക്കുക. സര്‍വ്വീസിലിരിക്കെ മരണപ്പെടുന്ന മദ്‌റസാ അധ്യാപകരുടെ ആശ്രിതര്‍ക്ക്‌ നല്‍കിവരുന്ന മരണാനന്തര ക്രിയാ സഹായം 4000 രൂപയായി ഉയര്‍ത്തി. 

ചേളാരി സമസ്‌ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ്‌ കൗണ്‍സിലില്‍ സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ ,ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, ടി.പി. അബ്ദുല്ല മുസ്‌ലിയാര്‍ മേലാക്കം, മൊയ്‌തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്‌, കെ.സി.അഹ്‌മദ്‌ കുട്ടി മൗലവി കോഴിക്കോട്‌, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, മൊയ്‌തീന്‍കുട്ടി ഫൈസി വാക്കോട്‌, കെ.ടി. അബ്ദുല്ല മൗലവി കാസര്‍കോഡ്‌, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്‌, പി. ഹസന്‍ മുസ്‌ലിയാര്‍ മലപ്പുറം, ഒ.എ. ശരീഫ്‌ ദാരിമി കോട്ടയം എന്നിവര്‍ സംസാരിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി സ്വാഗതവും കൊടക്‌ അബ്ദദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.