റമദാന് - ഒരു ആമുഖം

മനുഷ്യര്‍ക്ക് സന്മാര്‍ഗമായും സത്യാസത്യ വിവേചകമായും വിശുദ്ധ ഖുര്‍ആന്‍ അല്ലാഹു സമ്മാനിച്ച മാസമാണ് റമദാന്‍. നന്മകള്‍ക്ക് ഇരട്ടി പ്രതിഫലവം ലഭിക്കുന്ന മഹത്തായ മാസമാണ് നമ്മുടെ മേല്‍ തണലിടുന്നത്. നബി(സ) റമദാന്‍ സമാഗതമാവുന്ന അവസരത്തില്‍, അതിന്റെ അനുഗ്രഹങ്ങള്‍ ലഭ്യമാവുന്നതിന് ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്താന്‍ ശിഷ്യന്മാരെ ഉപദേശി ക്കുമായിരുന്നു. പുണ്യങ്ങള്‍ ചെയ്യുന്നതിലും റമദാന്റെ ഗുണ ഫലങ്ങള്‍ നേടിയെടുക്കുന്നതിലും മത്സരിച്ച് മുന്നേറേണ്ട വിലപ്പെട്ട ദിനരാത്രങ്ങളാണ് വന്നെത്തുന്നത്. പ്രതിസന്ധിഘട്ടങ്ങള്‍ നേരിടുമ്പോള്‍ വ്രതമനുഷ്ഠിക്കാനാണ് ഖുര്‍ആനും സുന്നത്തും നമ്മോട് ആവശ്യപ്പെടുന്നത്. ആത്മനിയന്ത്രണം നേടിയെടുക്കാന്‍ സാധ്യമാവുന്ന ഇബാദത്താണ് വ്രതം.

ആത്മനിയന്ത്രണമാണ് മനുഷ്യന് മഹത്വം സമ്മാനിക്കുന്നത്. മൃഗമായി അധഃപതിക്കുന്നതില്‍ നിന്നും മനുഷ്യനെ തടയുന്നത് ഈ മൂല്യമാണ്. നിങ്ങളില്‍ ശക്തിയുള്ളവന്‍, മല്ലയുദ്ധത്തില്‍ എതിരാളിയെ ഇടിച്ചുവീഴ്ത്തുന്നവനല്ലെന്നും കോപം വരുമ്പോള്‍ ശരീരത്തെ നിയന്ത്രിക്കുന്ന വനാണെന്നും നബി(സ) പഠിപ്പിക്കുന്നു. അധഃപതനത്തിന്റെ അഗാധഗര്‍ത്തങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള പാതയും പാഥേയവുമാണ് വ്രതം. ഇസ്‌ലാം സ്വീകരിച്ച പാശ്ചാത്യന്‍ ബുദ്ധിജീവികള്‍ വ്രതത്തിന്റെ ഈ ശക്തിയെ പ്രത്യേകം വിലയിരുത്തിയിട്ടുണ്ട്. ജീവിതത്തില്‍ വിജയം വരിക്കാനുള്ള ശരിയായ വഴിയാണ് ആത്മനിയന്ത്രണം. ഭൂഖണ്ഡങ്ങള്‍ കീഴടക്കിയ മഹാരഥന്മാര്‍ പോലും ചിലപ്പോള്‍ സ്വന്തം ആഗ്രഹങ്ങളുടെയും ഇഛകളുടെയും മുമ്പില്‍ തോറ്റുപോകുന്നു. ശരീരത്തെയും മനസ്സിനെയും നാഥന്റെ മാര്‍ഗത്തില്‍ സമര്‍പ്പിച്ച് ശുദ്ധീകരിച്ചെടുക്കാന്‍ ഏറ്റവും നല്ല അവസരമാണ് പരിശുദ്ധ റമദാന്‍.

നന്മയും തിന്മയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കി അല്ലാഹു ആദരിച്ച സൃഷ്ടിയാണ് മനുഷ്യന്‍. സ്വാതന്ത്ര്യം നല്‍കപ്പെട്ട മേഖലയില്‍ മനുഷ്യന്‍ നാഥന് വിധേയനാകുമ്പോഴാണ് അല്ലാഹുവിന്റെ പ്രതിനിധിയെന്ന പദവിയില്‍ അവന്‍ അവരോധിതനാവുന്നത്. അല്ലാഹുവിന്റെ സൃഷ്ടിജാലങ്ങളില്‍ ഉത്തമര്‍, അല്ലാഹു ഇഷ്ടപ്പെടുകയും അല്ലാഹുവിനെ ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണെന്ന് ഖുര്‍ആന്‍ വിവരിക്കുന്നു. ''ഈമാന്‍ കരസ്ഥമാക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ശാശ്വത ജീവിതം നയിക്കുന്നവരാണ്.'' അല്ലാഹുവിനോടുള്ള സ്‌നേഹപ്രകടനത്തിന്റെ ഉദാത്തമായ മാര്‍ഗമാണ് അനുസരണം.

അനുസരണത്തിന്റെ പാരമ്യമാണ് നമസ്‌കാരം. അതിന്റെ തന്നെ മറ്റൊരു വശമാണ് വ്രതത്തില്‍ ഉള്‍ച്ചേരുന്നത്. നശ്വരമായ ഐഹികജീവിതത്തോടുള്ള കൊതിമൂലം മണ്ണില്‍ മുഖംകുത്തി നടക്കേണ്ട ഗതികേടിലാണ് ഭോഗതൃഷ്ണ പുതിയ ലോകത്തിലെ മനുഷ്യനെ കൊണെ്ടത്തിച്ചിരിക്കുന്നത്. മനുഷ്യരാശി അല്ലാഹുവിലേക്കാണ് മുഖം തിരിക്കേണ്ടത് എന്ന സന്ദേശമാണ് ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്നത്. ''ലോക രക്ഷിതാവായ അല്ലാഹുവിന് ഞാനിതാ മുഖം തിരിച്ചിരിക്കുന്നു'' എന്ന ഖുര്‍ആന്‍ വാക്യം എല്ലാ നമസ്‌കാരങ്ങളിലും ഏറ്റുപറയുന്ന സത്യവിശ്വാസികള്‍ക്ക് അത് ജീവിതം കൊണ്ട് അന്വര്‍ഥമാക്കാനുള്ള അവസരമാണ് റമദാന്‍. സ്വഭാവ സംസ്‌കരണം റമദാനില്‍ നമ്മുടെ ഉന്നമാകണം. ദുശ്ശീലങ്ങളുടെ അടിമകളാവേണ്ടവരല്ല. ഓരോ റമദാനിലും ഇക്കാര്യത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കാന്‍ നമുക്ക് കഴിയണം. അസത്യവാക്കും പ്രവൃത്തിയും ഉപേക്ഷിക്കലും വഴക്കിന് വരുന്നവരോട് 'ഞാന്‍ നോമ്പുകാരനാണ്' എന്ന് സൂക്ഷ്മതയോടെ പ്രതികരിക്കുന്നതും റമദാനില്‍ മാത്രം ശീലിച്ചവസാനിപ്പിക്കേണ്ട ശൈലിയുമല്ല.

''പുണ്യത്തിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പിക്കുകയും ധര്‍മശാസനം നടത്തുകയും തിന്മ തടയുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍നിന്നുണ്ടാകട്ടെ'' (സൂറ ആലുഇംറാന്‍) എന്ന് നമ്മുടെ നിയോഗലക്ഷ്യത്തെ ഖുര്‍ആന്‍ അടിവരയിടുന്നുണ്ട്. ഖുര്‍ആനെ ജീവിതവുമായി ബന്ധപ്പെടുത്തുന്ന കാര്യത്തില്‍ അതുല്യമാതൃകയാണ് നബി(സ)യും സ്വഹാബാകിറാമുമടങ്ങുന്ന ആദ്യ തലമുറ കാഴ്ചവെച്ചത്. നോമ്പ്പ്രസംഗത്തില്‍ മാത്രം വിഷയമാകേണ്ടതല്ല ഇക്കാര്യങ്ങള്‍. നമ്മുടെ ജീവിതത്തിലേക്ക് അവരുടെ ഉജ്ജ്വല മാതൃകയെ സ്വാംശീകരിക്കുന്ന സമീപനമാണ് വേണ്ടത്.

ഖുര്‍ആന്‍ പാരായണം ചെയ്തും തഫ്‌സീറുകള്‍ വായിച്ചും ദീര്‍ഘമായി ഓതി രാത്രി നമസ്‌കരിച്ചും ഖുര്‍ആനോടുള്ള ബാധ്യത നിര്‍വഹിക്കാന്‍ നാം സമയം കണെ്ടത്തണം. 'വ്രതമനുഷ്ഠിക്കുന്നതു വഴി നിങ്ങള്‍ തഖ്‌വയുള്ളവരായേക്കാം' എന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. തഖ്‌വ ജീവിത മൂല്യമാവണമെങ്കില്‍ നിതാന്ത ജാഗ്രത അനിവാര്യമാണ്. തുടര്‍ച്ചയായി ചെയ്യുന്ന കാര്യങ്ങള്‍ യാന്ത്രികമായി മാറിപ്പോകാതെ നോക്കണം. പ്രാര്‍ഥന സത്യവിശ്വാസികളുടെ കരുതിവെപ്പും കൈമുതലുമാണ്. ലോകത്തുള്ള മുഴുവന്‍ മര്‍ദിതരായ ജനവിഭാഗങ്ങള്‍ക്കും അന്യായമായി ഭീകരതയുടെ മുദ്രയടിക്കപ്പെടുന്ന സഹോദരങ്ങള്‍ക്കും, പ്രതിസന്ധികള്‍ക്കിടയിലും തളരാതെ പണിപ്പെടുന്ന ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും വേണ്ടി അല്ലാഹുവിനോട് കണ്ണു നനച്ച് പ്രാര്‍ഥിക്കേണ്ട ഏറ്റവും ഉചിതമായ സമയം കൂടിയാണ് ഇത്.

കഴിഞ്ഞ വര്‍ഷം റമദാനില്‍ നമ്മോടൊപ്പമുണ്ടായിരുന്ന കുടുംബാദികളിലും സുഹൃത്തുക്കളിലും പെട്ട ചിലര്‍ അല്ലാഹുവിങ്കലേക്ക് യാത്രയായിട്ടുണ്ട്. അവരെ കുറിച്ചുള്ള ഓര്‍മകള്‍ നമ്മെ മരണത്തെയും ഓര്‍മിപ്പിക്കുന്നു. ഈ ബോധത്തോടെയാണ് നാം റമദാനെ സമീപിക്കേണ്ടത്. റമദാന്‍ ക്ഷമയുടെ മാസമാണ്. ഖുര്‍ആന്‍ പറയുന്നു: ''സത്യവിശ്വാസികളേ നിങ്ങള്‍ ക്ഷമിക്കുക; ക്ഷമയില്‍ മികവ് കാണിക്കുക; അസത്യത്തിന്റെ വാഹകര്‍ക്കെതിരില്‍ ധീരരായിരിക്കുക; അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക; നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'' (ആലുഇംറാന്‍ 200). അല്ലാഹു അനുഗ്രഹിക്കട്ടെ.

പരിശുദ്ധ റമദാന്‍ മാസത്തെ അതുള്‍ക്കൊള്ളുന്ന ഗൗരവത്തോടെ സ്വീകരിക്കാനും പാപങ്ങള്‍
പൊറുക്കപ്പെട്ടവരായി റമദാനെ യാത്രയാക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ.. ആമീന്‍. ആദ്യത്തെ പത്തില്‍ അല്ലാഹുവിന്റെ റഹ്മത്ത് ലഭിക്കാനും രാമത്തെ പത്തില്‍ പാപമോചിതരില്‍ ഉള്‍പെടാനും മൂന്നാമത്തെ പത്തില്‍ നരകമോചിതരില്‍ ഉള്‍പെടാനും അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ. ആമീന്‍.. നമ്മുടെ മാതാപിതാക്കളേയും സഹോദരീ സഹോദരന്മാരേയും നമ്മോടൊപ്പം സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ.. ആമീന്‍