തിരുകേശം കാരന്തൂരും സനദ് അബൂദബിയിലും

വര്‍ധിച്ചുവരുന്ന ആത്മീയ വാണിജ്യത്തെ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് നേരിടണമെന്ന ആഹ്വാനം ചിലരെ പ്രകോപിതരാക്കിയിരിക്കുകയാണ്. ദിക്ര്‍, സ്വലാത്ത്, മൗലിദ്, കറാമത്ത്, വിലായത്തുകളെ അംഗീകരിക്കുകയും ആചരിക്കുകയും ചെയ്യുന്നവരാണ് സുന്നികള്‍. അവരതിനെ പരിഹസിക്കുകയില്ല. പക്ഷേ, സമസ്തയിലെ സ്വന്തം ഗുരുക്കളായ പണ്ഡിതന്മാര്‍ക്കൊന്നും 'സുന്നി' പോരെന്ന് പറഞ്ഞ് ഫിത്‌നയുണ്ടാക്കിയപ്പോള്‍ പുറത്താക്കപ്പെട്ട ചിലരാണ് സുന്നീരംഗത്ത് കുഴപ്പം സൃഷ്ടിക്കുന്നത്.
 അവര്‍ ആളെ കൂട്ടാനും ഗ്രൂപ്പ് വളര്‍ത്താ നും സുന്നി ആചാരങ്ങളെ ദുരുപയോഗപ്പെടുത്തി. സാമ്പത്തിക ലാഭത്തിനുപയോഗിച്ചു. പാവപ്പെട്ട സുന്നി അണികളുടെ വിശ്വാസം ചൂഷണം ചെയ്തു പണമുണ്ടാക്കി. ഇതുവഴി ധാരാളം ചെറുപ്പക്കാര്‍ സംശയാലുക്കളായി. ബിദ്ഈ പ്രസ്ഥാനം വളരുന്നു. പുതിയ പുതിയ ഔലിയാക്കളെ സൃഷ്ടിക്കാനും സ്വയം ഖുത്ബായി  'ഔലിയാക്കളു'ടെ നേതാവാകാനും മടിച്ചില്ല. ഇപ്പോള്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ സ്വന്തം ആളായി അഭിനയിക്കാന്‍ ധൈര്യം കാണിച്ചിരിക്കയാണ്. നബി നേരിട്ട് നിര്‍ദേശിച്ചതനുസരിച്ചാണത്രെ തിരുകേശം ലഭിച്ചത്. പലമതങ്ങളിലും വളര്‍ന്നുവരുന്ന ഇത്തരം ആത്മീയ വ്യവസായങ്ങളെയും വ്യക്തിപൂജകളെയും പ്രതിരോധിക്കാനാണ് സമുദായത്തോട് ആവശ്യപ്പെട്ടത്.
വിറളി പൂണ്ടിട്ട് കാര്യമില്ല. ആത്മീയതയെ വില്‍പനച്ചരക്കാക്കാത്ത സമസ്ത കേരള ജംഇയ്യതുല്‍ ഉലമയോ മറ്റു സുന്നി സംഘടനകളോ വെട്ടിലാവേണ്ട ആവശ്യമില്ല. അവരാരും വ്യാജ കേശവും കൂപ്പണു മായി നടക്കുന്നില്ലല്ലോ?
തിരുശേഷിപ്പുകളോടല്ല; ഇതുവരെ സനദ് തെളിയിക്കപ്പെടാത്ത വ്യാജ കേശത്തോടാണ് സുന്നികള്‍ക്ക് വിരോധം. നബിയുടെ തിരുശേഷിപ്പുകളൊന്നും സനദ് (നബിവരെ എത്തുന്ന വിശ്വാസയോഗ്യ പരമ്പര) ഇല്ലാതെ അംഗീകരിക്കാന്‍ പറ്റില്ല. ഇത് ലോക മുസ്‌ലിം പണ്ഡിതന്മാരുടെ തീരുമാനമാണ്.
സത്യവിശ്വാസികളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടി പണിയുന്ന പള്ളിയെ അംഗീകരിക്കരുതെന്ന് ഖുര്‍ആന്‍ ശക്തമായി താക്കീത് ചെയ്തിട്ടുണ്ട്. 'ഉപദ്രവിക്കല്‍, സത്യം നിഷേധിക്കല്‍, വിശ്വാസികളെ പരസ്‌പരം ഭിന്നിപ്പിക്കല്‍, മുമ്പ് തന്നെ അല്ലാഹുവിനോടും പ്രവാചകനോടും യുദ്ധം ചെയ്യുന്നവര്‍ക്ക് താവളം ഒരുക്കല്‍ എന്നിവക്കുവേണ്ടി പള്ളിയുണ്ടാക്കിയവര്‍ ഞങ്ങള്‍ ഉത്തമ കേന്ദ്രമാണുദ്ദേശിക്കുന്നതെന്ന് സത്യം ചെയ്ത് പറയുമെങ്കിലും കളവാണ് അവര്‍ പറയുന്നതെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു' (തൗബ 107). 'ആ പള്ളിയില്‍ താങ്കള്‍ ഒരിക്കലും നമസ്‌കരിക്കരുത്. ഭയഭക്തി ലക്ഷ്യമിട്ട് (ഭൗതിക താല്‍പര്യമില്ലാതെ) ആദ്യമുണ്ടാക്കപ്പെട്ട പള്ളിയാണ് നമസ്‌കരിക്കാന്‍ ഏറ്റവും അര്‍ഹതയുള്ളത്' (തൗബ 108).
പള്ളിയെന്നോ, തിരുശേഷിപ്പുകളെന്നോ കേള്‍ക്കുമ്പോള്‍ വഞ്ചിതരാകരുതെന്ന മഹത്തായ പാഠമാണ് ഇതില്‍നിന്ന് മുസ്‌ലിംകള്‍ക്ക് ലഭിക്കുന്നത്. ഞങ്ങള്‍ പള്ളിയുണ്ടാക്കുന്നു; മുഹമ്മദ് നബി ഉദ്ഘാടനം ചെയ്യുമെന്ന് പ്രചാരണം നടത്തി കപടന്മാര്‍ നിര്‍മിച്ച പള്ളിയെക്കുറിച്ചാണ് അല്ലാഹു ശക്തിയായി ശകാരിച്ചതും വിരോധിച്ചതും. അവിശ്വാസം ശക്തിപ്പെടലും സത്യവിശ്വാസികള്‍ പരസ്‌പരം ഭിന്നിക്കലുമാണ് ഇത്തരം പള്ളികളുടെ പരിണിത ഫലമെന്നും ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നു. ഞങ്ങള്‍ ആയിരം പള്ളിയുണ്ടാക്കിയെന്നവകാശപ്പെടുന്നവര്‍ എവിടെയൊക്കെയാണീ പള്ളികള്‍ നിര്‍മിച്ചതെന്ന് മാറത്ത് കൈവെച്ച് ചിന്തിക്കന്‍ അല്‍പം ദീനുള്ളവരോട് അഭ്യര്‍ഥിക്കുന്നു. ഒന്നായി ജീവിച്ച് നടന്നുവന്ന സുന്നിമഹല്ലുകളില്‍ പള്ളിക്കടുത്ത് വേറെ പള്ളിയുണ്ടാക്കി ഖുര്‍ആന്‍ പറഞ്ഞപോലെ ഒരിക്കലും അടുക്കാന്‍ കഴിയാതെ സത്യവിശ്വാസികളെ പരസ്‌പരം അകറ്റിയും കുഴപ്പങ്ങള്‍ സൃഷ്ടിച്ചുമല്ലേ അധികവും ഉണ്ടാക്കിയത്? ഇപ്പോഴുണ്ടാക്കുമെന്ന്പറയുന്ന ഗ്രാന്‍ഡ് മോസ്‌കും സത്യവിശ്വാസികളെ ഭിന്നിപ്പിക്കുന്നതിന് തന്നെ. ചെറിയ ചെറിയ സംഖ്യകൊണ്ടാണ് മനുഷ്യമനസ്സുകളെ ആദ്യം അകറ്റിയതെങ്കില്‍ ഇപ്പോള്‍ കോടികളെ കൊണ്ടാണെന്ന്മാത്രം. ബുദ്ധിയുണ്ടെങ്കില്‍ ചിന്തിക്കുക.
മുസ്‌ലിം സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഫിത്‌ന അവസാനിപ്പിക്കലാണ് നല്ലത്. സനദാണെന്നും പറഞ്ഞു മര്‍കസ് സമ്മേളനത്തില്‍ ഒന്ന് വായിച്ചു. അത് നസബ (കുടുംബ പരമ്പര)യാണ് സനദു വേറെയുണ്ടെന്ന് തിരുത്തി. കാരന്തൂരുണ്ടെന്നും, കുറ്റിയാടിയാണെന്നും പ്രസംഗിച്ചു. ഇപ്പോള്‍ പറയുന്നു അബൂദബിയിലാണ്;  അവിടെ ചെല്ലണമെന്ന്. തിരുകേശം കാരന്തൂരും സനദ് അബൂദബിയിലും; വിരോധാഭാസം!
മഹതി ഉമ്മുസലമയുടെ അടുക്കല്‍ നബിയുടെ വിശുദ്ധ മുടിയുണ്ടായിരുന്നുവെന്നും ജനങ്ങള്‍ ബര്‍കത്തെടുക്കാനും, രോഗം മാറാനും അതുപയോഗിച്ചിരുന്നുവെന്നും ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസിലുണ്ട്. അത് നാം അംഗീകരിക്കുന്നു. നബിയുടെ തിരു കേശമാണത്. വ്യാജമല്ല