മോഡിയെ പിന്തുണച്ച് കാന്തപുരം; വിവാദം കനക്കുന്നു


കോഴിക്കോട്: ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയെ അനുകൂലിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ അഭിമുഖം വിവാദമാകുന്നു. ഇതാദ്യമായാണ് ഒരു കേരളീയ മുസ്ലിം സംഘടനാ നേതാവ് നരേന്ദ്രമോഡിയെ അനുകൂലിച്ച് രംഗത്തുവരുന്നത്. പുതിയ ലക്കം ‘കേരള ശബ്ദം’ വാരികയിലാണ് വിവാദ അഭിമുഖം. മോഡിയെ അംഗീകരിക്കുന്നുണ്ടോ’ എന്ന ചോദ്യത്തിന്​ ‘വ്യക്തിയല്ല, പ്രവര്‍ത്തന ങ്ങളാണ്​ അംഗീകരിക്കുകയും അംഗീകരിക്കപ്പെടാതിരി ക്കുകയും ചെയ്യുന്നതെ’ന്നാണ്​ കാന്തപുരം മറുപടി നല്‍കിയത്. തുടര്‍ന്ന് ‘റോഡ്​ നന്നാക്കുന്നവരെയും കൃഷി നടത്തുന്നവരെയും അംഗീകരിക്കും, അതില്‍ മോഡിയുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെയും’ എന്ന് വിശദീകരിക്കുന്നു. വിവാദ പ്രസ്താവന ക്കെതിരെ സംസ്ഥാനത്തെ വിവിധ മുസ്ലിം സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. ‘മര്‍കസ്​ സ്ഥാപനങ്ങള്‍ക്ക്‌ ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായത്തിനുള്ള നന്ദിയാണ്​ കാന്തപുരം  കാണിക്കുന്നതെ’ന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. ‘മോഡി ഒരു വികസനവും ഉണ്ടാക്കിയിട്ടില്ല. പകരം ചില പണ്ഡിതരെ പ്രീണിപ്പിച്ച് നിര്‍ത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മര്‍കസിന്​ അഞ്ച് കോടി രൂപ നല്‍കിയിരുന്നു. മതേതര, ന്യൂനപക്ഷ കൂട്ടായ്മകളോട്​ എന്നും പുറംതിരിഞ്ഞ് നിന്നിരുന്ന കാന്തപുരത്തിന്റെ നിലപാടില്‍ അത്‍ഭുത പ്പെടാനില്ലെ’ന്നും അദ്ദേഹം പറഞ്ഞു.