റിസര്‍വ്ഡ് ഹാജിമാര്‍ക്ക് മുഴുവന്‍ അവസരമുണ്ടാക്കാനുള്ള നിര്‍ദേശം സമര്‍പ്പിക്കും: ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍


മലപ്പുറം: രാജ്യത്ത് ഹജ്ജിന് അപേക്ഷിച്ച റിസര്‍വ്വ് കാറ്റഗറിയിലുള്ളവരെ മുഴുവന്‍ ഒരു പട്ടികയിലുള്‍പ്പെടുത്തി അവര്‍ക്കെല്ലാം അവസരം ഉറപ്പാക്കണമെന്നതടക്കം ഏതാനും പുതിയ നിര്‍ദേശങ്ങള്‍ കേന്ദ്ര ഹജ്ജ് മന്ത്രാലയത്തിനും ഹജ്ജ് കമ്മിറ്റിക്കും സമര്‍പ്പിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍. മലപ്പുറം പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. ജനസംഖ്യാനുപാതികമായി സംസ്ഥാനങ്ങള്‍ക്ക് ഹജ്ജ് ക്വാട്ട നിശ്ചയിക്കുന്നത് കാരണം ഇപ്പോള്‍ കേരളത്തിലെ റിസര്‍വ്വ് കാറ്റഗറിയിലുള്ളവര്‍ക്ക് മുഴുവന്‍ ഹജ്ജിന് പോകാന്‍ അവസരം ലഭിക്കുന്നില്ല. ചരിത്രത്തില്‍ ആദ്യമായി ഇത്തവണ കേരളത്തില്‍ റിസര്‍വ് കാറ്റഗറിയിലുള്ളവര്‍ക്ക് നറുക്കെടുപ്പ് നടത്തേണ്ടി വന്നു.


തെരഞ്ഞെടുക്കപ്പെടാത്തവര്‍ വീണ്ടും വെയ്റ്റില്‍ ലിസ്റ്റില്‍ വന്നു. ഇത് ഒഴിവാക്കാന്‍ ജനസംഖ്യാനുപാതിക ക്വാട്ട നിശ്ചയിക്കുന്ന രീതി ഉപേക്ഷിച്ച് ഓരോ സംസ്ഥാനത്തെയും ഹജ്ജ് അപേക്ഷക്കനുസരിച്ച് ക്വാട്ട നിശ്ചയിക്കുകയോ ഏറ്റവും ചുരുങ്ങിയത് റിസര്‍വ്വ് കാറ്റഗറിയില്‍ വരുന്ന 70 വയസ്സിന് മുകളിലുള്ളവര്‍ക്കും നാല് തവണ ഹജ്ജിന് അപേക്ഷിച്ച് പോകാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മുഴുവനായും ഹജ്ജിന് അവസരം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹജ്ജ് അപേക്ഷ സമര്‍പ്പിക്കപ്പെടുന്നത് മുതല്‍ തെരഞ്ഞെടുക്കപ്പെടുന്നതിലും ഹജ്ജിന് കൊണ്ടുപോയി തിരിച്ചെത്തിക്കുന്നത് വരെയും ഹാജിമാര്‍ക്ക് പല പ്രയാസങ്ങളും നേരിടുന്നുണ്ട്. അപേക്ഷകളിലെ ചെറിയ തെറ്റുകള്‍ക്ക് വരെ അവ നിരസിക്കപ്പെടുന്നുണ്ട്. ഇതിന് പരിഹാരം കാണണം. തിരുത്തി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരമോ അപേക്ഷ പൂരിപ്പിക്കാനുള്ള പരിശീലനമോ നല്കണം. ഹജ്ജ് അപേക്ഷിച്ച് തെരഞ്ഞെടുക്കപ്പെട്ട ശേഷം രോഗം മൂലമോ മറ്റു അനിവാര്യ കാരണങ്ങളാലോ ഹജ്ജിന് പോകാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീട് ഒരിക്കലും ഹജ്ജിന് അപേക്ഷിക്കാനാകില്ലെന്ന നിബന്ധന ഏറെ ക്രൂരമാണെന്നും ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. ഇതുപോലെ എഴുപത് വയസ്സായ ഹാജിമാരുടെ കൂടെ അവരുടെ മക്കളോ ഭാര്യ/ ഭര്‍ത്താവ്, സഹോദരങ്ങള്‍ എന്നിവര്‍ക്ക് മാത്രമേ ഇപ്പോള്‍ സഹായികളായി പോകാന്‍ അനുമതിയുള്ളൂ. എന്നാല്‍ പലപ്പോഴും ഇവരില്‍ പലരുമില്ലാത്ത സാഹചര്യമുണ്ടാകാറുണ്ട്. അതുകൊണ്ട് പേരമക്കള്‍, സഹോദരമക്കള്‍ എന്നിവരെ കൂടി സഹായികളുടെ ലിസ്റ്റിലുള്‍പ്പെടുത്തണമെന്ന നിര്‍ദേശവും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിക്കും.

കേരളത്തില്‍ നിന്ന് ഇത്തവണ ആകെ അപേക്ഷികരായി 49403 പേരാണുണ്ടായിരുന്നത്. ഇതില്‍ 70വയസിനും അതിന് മുകളിലുമുള്ള റിസര്‍വ് എ കാറ്റഗറിയില്‍ പെട്ട 33120 പേരും നാല് തവണ അപേക്ഷിച്ച 4,987പേരുമുണ്ടായിരുന്നു. ജനറല്‍ കാറ്റഗറിയില്‍ പെട്ടവര്‍ 41296പേരാണ്. ഇതില്‍ ഇതുവരെ ഹജ്ജിന് അവസരം ലഭിച്ചത് 8279 പേര്‍ക്ക് മാത്രമാണ്. ജനറല്‍ കാറ്റഗറിയില്‍ നിന്ന് ആകെ ഇരുന്നൂറോളം പേര്‍ക്കാണ് അവസരം കിട്ടിയത്. ബാക്കിയുള്ള 41124 പേരും വെയിറ്റിംഗ് ലിസ്റ്റിലാണുള്ളത്.