ഹജ്ജ് യാത്രാ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു; 34 പേര്‍ക്ക്‌ കൂടി അവസരം, ഹജ്ജ് ക്യാമ്പ് 5ന്


കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഹജ്ജ് യാത്രാ ഷെഡ്യൂള്‍ പ്രസിദ്ധീ കരിച്ചു. ഒക്ടോബര്‍ ആറിനാണ് ആദ്യ വിമാനം. കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് ഒക്ടോബര്‍ അഞ്ചിന് വൈകുന്നേരം ഏഴിന് ആരംഭിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയോഗം തീരുമാനിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആറിന് രാവിലെ 10.20നാണ് ആദ്യ ഹജ്ജ് വിമാനം. കേന്ദ്ര മന്ത്രി ഇ. അഹമ്മദ് ഫ്ളാഗ് ഓഫ് ചെയ്യും. ആദ്യ ദിവസം രണ്ട് വിമാനം സര്‍വീസ് നടത്തും. വിമാനം പുറപ്പെടുന്നതിന് 14 മണിക്കൂര്‍ മുമ്പ് തീര്‍ഥാടകര്‍ ക്യാമ്പിലെത്തണം.


പകല്‍ സമയത്താണ് വിമാന സര്‍വീസ്. തീര്‍ഥാടകര്‍ക്കുള്ള മൊബൈല്‍ സിം കാര്‍ഡ്, എ.ടി.എം കാര്‍ഡ് എന്നിവ ഹജ്ജ് ക്യാമ്പില്‍ നിന്നാണ് വിതരണം ചെയ്യുക. സിം കാര്‍ഡ് ഹജ്ജ് സെല്ലില്‍ നിന്ന് നല്‍കും. എ.ടി.എം കാര്‍ഡ് വിതരണം ചെയ്യാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൗണ്ടര്‍ പ്രവര്‍ത്തിക്കും. തീര്‍ഥാടകരുടെ എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ വിമാനത്താവളത്തിലാണ് നടത്തുക. എന്നാല്‍, പാസ്പോര്‍ട്ടുകളുടെ പരിശോധന നേരത്തെ പൂര്‍ത്തിയാക്കുമെന്നതിനാല്‍ തീര്‍ഥാടകര്‍ക്ക് വിമാനത്താവളത്തില്‍ നീണ്ട കാത്തിരിപ്പ് ഒഴിവാക്കാനാകും. അന്താരാഷ്ട്ര ടെര്‍മിനലിനും ആഭ്യന്തര ടെര്‍മിനലിനും ഇടയിലെ ഭാഗത്താണ് ഹജ്ജ് ടെര്‍മിനല്‍ പ്രവര്‍ത്തിക്കുക. ടെര്‍മിനലിനകത്ത് തീര്‍ഥാടകരെ സഹായിക്കാന്‍ വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കരിപ്പൂര്‍ ഹജ്ജ് ഹൗസിന് മുന്നില്‍ പണിയുന്ന കവാടം ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം നാലിന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.