പ്രവാചക നിന്ദ: പ്രകടനക്കാര്‍ അമേരിക്കന്‍ പതാക അഴിച്ചുമാറ്റി

കെയ്‌റോ: ഇസ്‌ലാമിനെയും പ്രവാചകന്‍ മുഹമ്മദ് നബിയെയും വികലമായി ചിത്രീകരിക്കുന്ന ഷോര്‍ട്ട് ഫിലിമിനെതിരെയുള്ള പ്രതിഷേധവുമായി ആയിരക്കണക്കിനാളുകള്‍ അമേരിക്കന്‍ എംബസിക്ക് മുന്നില്‍ പ്രകടനം നടത്തി. അമേരിക്കക്കാരായ കോപ്റ്റിക് ക്രിസ്ത്യാനികളാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍. പ്രതിഷേധ പ്രകടനക്കാരില്‍ ഒരു വിഭാഗം എംബസിയുടെ മുകളില്‍ കയറി അമേരിക്കന്‍ പതാക അഴിച്ചുമാറ്റി പകരം മറ്റൊരു കൊടി അവിടെ സ്ഥാപിക്കുകയും ചെയ്തു. ചില കോപ്റ്റിക് വംശജരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. പ്രവാചക നിന്ദയെ അംഗീകരി ക്കുന്നില്ലെന്നും ഈജിപ്ഷ്യന്‍ ജനത ഒറ്റകെട്ടാ ണെന്നും അവരെ ഭിന്നിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അവര്‍ ഊന്നിപറഞ്ഞു.
എംബസിയിലെ സുരക്ഷാഉദ്യോഗസ്ഥര്‍ പ്രകടനക്കാര്‍ക്ക്് നേരെ വെടിയുതിര്‍ത്തെന്ന ആരോപണത്തെ അമേരിക്കന്‍ എംബസി വക്താവ് നിഷേധിച്ചു. ചില വ്യക്തികള്‍ നടത്തിയ കടന്നു കയറ്റമാണ് എംബസിക്ക് നേരെ ഉണ്ടായതെന്നും അവരാണ് അമേരിക്കന്‍ പതാക അഴിച്ചുമാറ്റിയതെന്നും അവര്‍ സൂചിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഈജിപ്തിന്റെ ആഭ്യന്തരാവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.