റമദാനിലെ അവസാന വെള്ളി ഇന്ന് : 'അസ്സലാമു അലൈക്ക യാ ശഹ്റ റമദാന്'

കോഴിക്കോട്: ഇന്ന് ഈ റമദാനിലെ അവസാന വെള്ളി. ജുമുഅ ഖുതുബയില്‍ ഇമാമുമാര്‍ വിശുദ്ധ മാസത്തിന് ഔപചാരിക വിടചൊല്ലും. 'അസ്സലാമു അലൈക്ക യാ ശഹ്‌റ റമദാന്‍' എന്ന യാത്രാമൊഴി പള്ളിയങ്കണങ്ങളില്‍ ഉയരുമ്പോള്‍ വിശ്വാസികളുടെ ഖല്‍ബകം തേങ്ങും. റജബിലും ശഅ്ബാനിലും സാക്ഷികളാവുകയും റമദാന്‍കൊണ്ട് അനുഗ്രഹിക്കുകയും ചെയ്ത നാഥനു സ്തുതിയോതുമ്പോഴും പുണ്യമാസം വിട്ടുപിരിയുന്ന സങ്കടമാണ് വിശ്വാസികളില്‍ ബാക്കിയാക്കുന്നത്. രാപ്പകല്‍ ഭേദമില്ലാതെ ഒരു മാസം നീണ്ട സവിശേഷമായ റമദാന്‍ ചൈതന്യം തുടര്‍ന്നും നിലനിര്‍ത്താനാണ് പ്രാര്‍ഥന.
27ാം രാവായ തിങ്കളാഴ്ച ഇഅ്തികാഫിനും പ്രാര്‍ഥനകള്‍ക്കുമായി മസ്ജിദുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. നോമ്പുതുറന്ന ശേഷം സുബ്ഹിവരെ പള്ളികളില്‍ ഭജനമിരുന്നവരുടെ എണ്ണം ഏറെയാണ്. കോഴിക്കോട് നഗരത്തിലെ മിക്ക മസ്ജിദുകളിലും ഇഅ്തികാഫ് ഇരുന്നവര്‍ക്ക് അത്താഴത്തിനു സൗകര്യമൊരുക്കിയിരുന്നു.