മക്ക/മദീന: റമദാന്‍ 29ാം രാവില്‍ നടന്ന ഖുര്‍ആന്‍ ഖത്തം തീര്‍ക്കലില്‍ ഇരു ഹറമുകളും നിറഞ്ഞു കവിഞ്ഞു. സ്വദേശികളും വിദേശികളും ഉംറ തീര്‍ഥാടകരുമടക്കം ലക്ഷങ്ങള്‍ പങ്കെടുത്തു. തറാവീഹ്, ഖിയാമുല്ലൈല്‍ നമസ്‌ക്കാരങ്ങളിലും ഖത്തം തീര്‍ക്കലിനു ശേഷമുള്ള സുദീര്‍ഘമായ ദുആയിലും പങ്കെടുക്കാനായി എത്തിയ ജന ലക്ഷങ്ങളെ കൊണ്ട് ഉച്ചയോടെ തന്നെ മസ്ജിദുല്‍ ഹറാമും മസ്ജിദുന്നബവിയും നിറഞ്ഞു കവിഞ്ഞിരുന്നു. മക്കയില്‍ തറാവീവ് നമസ്‌ക്കാരത്തിനും ഖത്തം തീര്‍ക്കലിന് ശേഷമുള്ള ദുആക്കും ഹറം ഇമാം ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍സുദൈസ് നേതൃത്വം നല്‍കി.
അരമണിക്കൂറിലധികം നീണ്ട പ്രാര്‍ത്ഥനയില്‍ പങ്കു ചേര്‍ന്ന വിശ്വാസികള്‍ തങ്ങളുടെ തെറ്റുകുറ്റങ്ങള്‍ക്ക് സര്‍വ്വശക്തനോട് മാപ്പിരന്ന് തേങ്ങിക്കരഞ്ഞു. അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങള്‍ വര്‍ഷിച്ച് കടന്നു പോകുന്ന പരിശുദ്ധ റമദാനിനെ കുറിച്ചോര്‍ത്ത് വിശ്വാസി സമൂഹം കണ്ണീര്‍ വാര്‍ത്തു.