കാഞ്ഞിരപ്പള്ളി: ചെറിയ പെരുന്നാള്‍ ദിനമാവാന്‍ ഏറെ സാധ്യതയുള്ള ഞായറാഴ്ച ഗവ. ഐ.ടി.ഐ കള്‍ കേന്ദ്രീകരിച്ചു പരീക്ഷ നടത്താനുള്ള നീക്കം വിവാദമാവുന്നു. ഗവ. ഐ.ടി.ഐകളില്‍ നിന്ന് ഒരു വര്‍ഷത്തെ കോഴ്‌സുകള്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്കാണ് ഐ.ടി ലിറ്റററി ടെസ്റ്റ് എന്ന പേരില്‍ 19നു രാവിലെ 8.45 മുതല്‍ വൈകീട്ട് അഞ്ചുവരെ പരീക്ഷ നടത്തുന്നത്. അന്ന് പെരുന്നാ ളായാല്‍ പരീക്ഷയ്ക്ക് എത്താനുള്ള ബുദ്ധിമുട്ട് കാണിച്ചു വിദ്യാര്‍ഥികള്‍ കോളജ് അധികൃതരെ സമീപിച്ചെങ്കിലും അനുകൂല സമീപനം ഉണ്ടായില്ല. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഡസ്ട്രിയല്‍ ട്രെയ്‌നിങ് ഡിപാര്‍ട്ട്‌മെന്റ് ആണ് പരീക്ഷ നടത്തുന്നത്.
രാജ്യത്ത് ഒരേദിവസം പരീക്ഷ നടത്തുന്നതിനാല്‍ കേരളത്തില്‍ മാത്രം മാറ്റാനാവില്ലെന്നാണ് അധികൃതര്‍ നല്‍കിയ മറുപടി. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കു മാത്രമേ നിലവില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയതിന്റെ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ഇത്തവണ പരീക്ഷ എഴുതാത്തവര്‍ക്ക് മറ്റൊരു അവസരം കൂടി ലഭ്യമാക്കില്ലെന്നും കോളജ് അധികൃതര്‍ അറിയിച്ചതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ആര്‍ക്കിടെക്ച്ചര്‍, വയറിങ്, പ്ലംബിങ് തുടങ്ങിയ ഒരുവര്‍ഷ കാലാവധിയുള്ള വിവിധ കോഴ്‌സുകള്‍ക്കാണ് പരീക്ഷ. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ഒരു പരീക്ഷ നടത്തിയിരുന്നില്ല. ഈ വര്‍ഷം മുതലാണു പരീക്ഷ നിര്‍ബന്ധമാക്കിയത്.