പട്ടിക്കാട്: ജാമിഅഃ നൂരിയ അച്ചടക്കം വളര്‍ത്തി - കുഞ്ഞാലിക്കുട്ടി

പട്ടിക്കാട്: സമൂഹത്തെ നേര്‍വഴിക്ക് നയിക്കുന്നതിന് മഹല്ലുകളില്‍ അച്ചടക്കവും ഐക്യവും സമാധാനവും നിലനിര്‍ത്തിക്കൊണ്ടുള്ള ജാമിയ നൂരിയയുടെ പ്രവര്‍ത്തനം രാജ്യത്തിനുതന്നെ മാതൃകാപരമാണെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.പട്ടിക്കാട് ജാമിയ നൂരിയ അറബിയ്യയുടെ 49-ാം വാര്‍ഷിക 47-ാം സനദ്ദാന സമ്മേളനത്തിന്റെ സമാപന സമ്മേളന ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിരുദംനേടി പുറത്തിറങ്ങുന്നവര്‍ നാട്ടിലുള്ളവര്‍ക്ക് അറിവ് പകര്‍ന്ന് സമൂഹത്തിന് നേര്‍വഴി കാട്ടുന്നവരാകണമെന്നും മന്ത്രി പറഞ്ഞു.
തീവ്രവാദം, ഭീകരത എന്നിവ ഉള്‍പ്പെടെയുള്ള അക്രമങ്ങളില്‍നിന്ന് മനുഷ്യന് അഭയംനല്‍കാന്‍ ജാമിയയെപ്പോലുള്ള സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്ന് സമാപനസമ്മേളനം ഉദ്ഘാടനംചെയ്ത പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. ഫൈസി ബിരുദം േനടി പുറത്തിറങ്ങുന്നവര്‍ അറിവിന്റെ വക്താക്കളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബഹുസ്വരതനിറഞ്ഞ ഇന്ത്യയില്‍ സാമൂഹിക സൗഹാര്‍ദം ഊട്ടിയുറപ്പിക്കുകയാണ് ജാമിയയില്‍നിന്ന് പഠിച്ചി റങ്ങുന്ന ഫൈസിമാര്‍ ചെയ്യുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.
സമാപനസമ്മേളനത്തിന് തുടക്കംകുറിച്ച പ്രാര്‍ഥനയ്ക്ക് സമസ്ത പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വംനല്‍കി. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. 160 പേര്‍ക്കുള്ള സനദ്ദാനം പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു. ചെറുശ്ശേരി മുസ്‌ലിയാര്‍ സനദ്ദാന പ്രസംഗം നടത്തി. മസ്‌കറ്റ് സുന്നി സെന്റര്‍ അവാര്‍ഡ്, എം.ഇ.എ എന്‍ജിനിയറിങ് കോളേജ് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ സ്മാരക അവാര്‍ഡ് എന്നിവ ചടങ്ങില്‍ വിതരണം ചെയ്തു.
ജാമിയ പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, വൈസ്​പ്രസിഡന്റ് എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍, ബഷീറലി ശിഹാബ് തങ്ങള്‍, മുനവറലി ശിഹാബ്തങ്ങള്‍, അബ്ബാസലി ശിഹാബ്തങ്ങള്‍, റഷീദലി ശിഹാബ്തങ്ങള്‍, ഹമീദലി ശിഹാബ്തങ്ങള്‍, ഡോ. ഹാനി അല്‍ ജുബൈര്‍(ശരീഅത്ത് കോര്‍ട്ട്, മെക്ക), ഡോ. മുഹമ്മദ് അക്തര്‍ സിദ്ദീഖി(എന്‍.സി.ഇ.ആര്‍.ടി മുന്‍ ചെയര്‍മാന്‍), ഡോ. അഹമ്മദ് സുലൈമാന്‍(ഇസ്‌ലാമിക് സ്റ്റഡീസ് യൂണിവേഴ്‌സിറ്റി, ജിദ്ദ), റഹ്മത്തുള്ള ഖാസിമി മൂത്തേടം, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ അബ്ദുള്‍ഹയ്യ് ശിഹാബ്തങ്ങള്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മഞ്ഞളാംകുഴി അലി എം.എല്‍.എ, എം. ഉമ്മര്‍ എം.എല്‍.എ, മുഹമ്മദുണ്ണിഹാജി എം.എല്‍.എ, ഹാജി കെ. മമ്മദ് ഫൈസി, പി. അബ്ദുല്‍ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു.