കോഴിക്കോട്: കള്ളമുടിക്ക് പള്ളിപണിയുന്നത് ആശയപരമായി നേരിടുമെന്ന് സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍. ജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ സന്ദേശയാത്രയ്ക്ക് കാരന്തൂരില്‍ നല്‍കിയ സ്വീകരണത്തിന് മുമ്പ് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുകേശം കത്തുകയില്ല. സത്യാവസ്ഥ തെളിയിക്കാന്‍ മുടികത്തിക്കുന്നത് മതവിരുദ്ധവുമല്ല. തിരുകേശത്തിന്റെ അടിസ്ഥാ നവും ലഭ്യമായ പരമ്പരയും ഇതുവരെ വ്യക്തമായി വിശദീകരിക്കപ്പെട്ടിട്ടില്ല. മഹാ ഭൂരിപക്ഷം സത്യവിശ്വാസികളും സമസ്തയുടെ കൂടെയാണ്.
പത്രസമ്മേളനത്തില്‍ ഹമീദ്‌ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായ്, മുസ്തഫ മുണ്ടുപാറ, മലയമ്മ അബൂബക്കര്‍ ഫൈസി എന്നിവര്‍ പങ്കെടുത്തു.
ഫിബ്രവരി 22 മുതല്‍ 26 വരെ മലപ്പുറം കൂരിയാടിലാണ് സമ്മേളനം നടക്കുന്നത്. ജനവരി 23 ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച സന്ദേശയാത്ര ഫിബ്രവരി രണ്ടിന് മംഗലാപുരത്ത് സമാപിക്കും. സന്ദേശയാത്രയ്ക്ക് കാരന്തൂരില്‍ നല്‍കിയ സ്വീകരണം സയ്യിദ് ജിഫ്രി മുത്തുക്കോയതങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.പി.കോയ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പി.പി.ഉമ്മര്‍ മുസ്‌ല്യാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍, എം. മൊയ്തീന്‍മുസ്‌ല്യാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, മുസ്തഫ അശ്‌രഫി കക്കുപടി, നാസര്‍ദാരിമി എന്നിവര്‍ സംസാരിച്ചു.