കരുവാരകുണ്ട്: പ്രമുഖ പണ്ഡിതനും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മുഖ്യ കാര്യദര്‍ശിയുമായിരുന്ന കെ.ടി. മാനു മുസ്‍ലിയാരുടെ സൗദി യാത്രാനുഭവങ്ങള്‍ ഒരു വ്യത്യസ്ഥ വീക്ഷണ കോണിലൂടെ നോക്കിക്കാണുന്ന അതീവ ഹൃദ്യമായ ഒരു രചനയാണ് കഥപറയുന്ന വഴിയോരങ്ങള്‍ എന്ന പേരില്‍ ദാറുന്നജാത്ത് ജിദ്ദാ കമ്മിറ്റി വാര്‍ഷികോപഹാരമായി പ്രസിദ്ധീകരിച്ച പുസ്തകം ദാറുന്നജാത്ത് 36-ാം വാര്‍ഷിക സമ്മേളനത്തില്‍ പ്രകാശനം ചെയ്തു.
വാമൊഴിയിലും വരമൊഴിയിലും സാഹിത്യ സന്പന്നമായ ശൈലിയുടെ ഉടമയായിരുന്ന കെ.ടി. മാനു മുസ്‍ലിയാര്‍ മത പ്രബോധന രംഗത്തെ പ്രമുഖ പ്രതിഭയായിരുന്നു. ആത്മീയ വിശുദ്ധി പങ്കിലപ്പെടാതെ തന്നെ കാലത്തിന് മുന്പില്‍ നടന്ന അക്ഷര സ്നേഹിയുടെ അനുക്ത ചിന്തകള്‍ വിഷയമാക്കി പ്രമുഖ ചിന്തകനും പ്രഭാഷകനുമായ പണ്ഡിതന്‍ ടി.എച്ച്. ദാരിമി എപ്പിക്കാട് ആണ് പുസ്തക രചന നിര്‍വ്വഹിച്ചിട്ടുള്ളത്.