വ്യാജകേശം: കാന്തപുരം ആത്മീയത കച്ചവടമാക്കുന്നു

കരുവാരകുണ്ട്: പ്രശസ്തിയും ആത്മീയ വാണിഭവും ലക്ഷ്യമാക്കി വ്യാജമുടിക്ക് ആധികാരികത കല്‍പ്പിക്കാന്‍ പ്രവാചക ചരിത്രം വികൃതമാക്കുന്ന കാന്തപുരം വിഭാഗം മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്യുന്നതെന്ന് ദാറുന്നജാത്ത് വാര്‍ഷിക സമ്മേളനത്തിന്‍െറ  ഭാഗമായി നടന്ന ആദര്‍ശ സമ്മേളനം അഭിപ്രായപ്പെട്ടു. ആറു വര്‍ഷം പ്രവാചകന്‍ തലമുടി വെട്ടിയിട്ടില്ളെന്ന വാദം വിചിത്ര മാണെന്നും പണ്ഡിതര്‍ പറഞ്ഞു.
അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ബാപ്പുമുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് മുഖ്യാതിഥിയായി. അശ്റഫ് ഫൈസി കണ്ണാടിപ്പറമ്പ്, മുസ്തഫ അശ്റഫി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട് എന്നിവര്‍ സംസാരിച്ചു. കെ.ടി. മാനു മുസ്ലിയാരുടെ കഥപറയുന്ന വഴിയോരങ്ങള്‍ പുസ്തകം മന്ത്രിയില്‍ നിന്ന് എ.ടി. സൈനുദ്ദീന്‍ ഏറ്റു വാങ്ങി. ശനിയാഴ്ച രാവിലെ നടന്ന മഹല്ല് സംഗമം വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി.കെ. സെയ്താലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പി. സെയ്താലി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. വഖഫ് ബോര്‍ഡ് അംഗം അഡ്വ. പി.വി. സൈനുദ്ദീന്‍, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, അബ്ദുല്‍ അസീസ് ഫൈസി, ഹസന്‍ മുസ്ലിയാര്‍ എന്നിവര്‍ സംസാരിച്ചു. രാത്രി നടന്ന കലാനിശ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക സമിതി ചെയര്‍മാന്‍ സി.പി. സെയ്തലവി ഉദ്ഘാടനം ചെയ്തു. ഒ.എം. കരുവാരകുണ്ട് അധ്യക്ഷത വഹിച്ചു. ഹമീദ് റഹ്മാനി, ജി.സി. കാരക്കല്‍, എം. അലവി, കെ.വി.കെ. അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.

ഞയറാഴ്ച രാവിലെ 11ന് പൂര്‍വ വിദ്യാര്‍ഥി സംഗമവും ഉച്ചക്ക് മൂന്നിന് പ്രവാസി സംഗമവും നടക്കും. പൊതുസമ്മേളനം രാത്രി ഏഴിന് കേന്ദ്ര വിദേശ സഹമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സാമൂഹികക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍, ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സംസാരിക്കും.