സമദാനിക്ക് കുത്തേറ്റ സംഭവം; "മഹല്ലുകളില്‍ സൗഹാര്‍ദ്ദന്തരീക്ഷം സ്ഥാപിക്കാന്‍ അനുവദിക്കാത്തവരെ കരുതിയിരിക്കണമെന്ന്" എസ്.വൈ.എസ്

മലപ്പുറം: നന്മയുടെയും സാഹോദര്യത്തിന്റെയും വിളനിലമായ മഹല്ലുകളില്‍ അസമാധാനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെയും, മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നവരെ അക്രമം അഴിച്ച് വിട്ട് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്ന് സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന യോഗത്തില്‍ വൈ. പ്രസിഡന്റ് കെ.എ റഹ്മാന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. കോട്ടക്കല്‍ കുറ്റിപ്പുറം മഹല്ലിലുണ്ടായ പ്രശ്‌നങ്ങളും മധ്യസ്ഥ ശ്രമത്തിനിടെ ജനപ്രതിനിധിയും സര്‍വാദരണീയനുമായ അബ്ദുസ്സമദ് സമദാനിയെ അക്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയ മാണെന്ന് യോഗം വിലയിരുത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടുവരണമെന്ന് യോഗം ആവശ്യപ്പട്ടു. ഹാജി.കെ മമ്മദ് ഫൈസി, കാടാമ്പുഴ മൂസ ഹാജി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ സംബന്ധിച്ചു.