ഹാജിമാര്‍ സമൂഹത്തിന്റെ നിവേദകസംഘം - ഹൈദരലി ശിഹാബ് തങ്ങള്‍


മലപ്പുറം: ഹാജിമാര്‍ സമൂഹത്തിന്റെ നിവേദകസംഘമാണെന്നും സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള പ്രാര്‍ഥന നിര്‍വഹിക്കാന്‍ ഹാജിമാര്‍ മറക്കരുതെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്.വൈ.എസ് ഹജ്ജ് സംഘത്തിന് മലബാര്‍ മുസാഫിര്‍ഖാനയില്‍ നല്‍കിയ യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ ഏറെയാണ്. അവരെല്ലാവരും നമ്മുടെ സഹോദരന്‍മാരാണ്. സഹോദരന്റെ ഐശ്വര്യത്തിനും ക്ഷേമത്തിനുംവേണ്ടി ആഗ്രഹിക്കലും പ്രവര്‍ത്തിക്കലും വിശ്വാസിയുടെ ബാധ്യതയാണ്. ഈ ബാധ്യത നിറവേറ്റാന്‍ ഹജ്ജ് വേളയില്‍ വിശ്വാസികള്‍ ശ്രമിക്കണമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.


ചടങ്ങില്‍ കേരള ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത ഉപാധ്യക്ഷന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, കേന്ദ്ര ഹജ്ജ്കമ്മിറ്റി അംഗം അബ്ദുസമദ് പൂക്കോട്ടൂര്‍, ഹാജി കെ. മമ്മദ് ഫൈസി, പി.പി. മുഹമ്മദ് ഫൈസി, കെ.എ. റഹ്മാന്‍ ഫൈസി, യു. മുഹമ്മദ്ഷാഫി, കെ.കെ.എസ്. തങ്ങള്‍, കെ.എം. കുട്ടി എടക്കുളം, സി.എം. കുട്ടി സഖാഫി, കാളാവ് സൈതലവി മുസ്‌ലിയാര്‍, സലീം എടക്കര, പി.കെ. ലത്തീഫ് ഫൈസി, മജീദ് ഫൈസി ഇന്ത്യനൂര്‍, അബ്ദുല്‍ അസീസ് പുല്‍പ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.