ഇന്ത്യക്ക് കുറഞ്ഞ ഹജ്ജ് ക്വാട്ട : മുസ്‌ലിം ജനസംഖ്യയുടെ ശരിയായ കണക്ക് നല്കാലത്തതു കൊണെ്ടന്ന് ആക്ഷേപം

ജിദ്ദ: ലോക മുസ്‌ലിം ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് അതിലും താഴ്ന്ന ജനസംഖ്യ യുള്ള രാജ്യങ്ങളെക്കാള്‍ കുറഞ്ഞ ഹജ്ജ് ക്വാട്ട ലഭിക്കുന്നത് രാജ്യത്തെ മുസ്‌ലിം ജനസംഖ്യയുടെ ശരിയായ കണക്കു നല്‍കാത്തത് കൊണെ്ടന്ന് ആക്ഷേപം. ഇത്തവണ പാകിസ്താന് 1,80,000 ഹജ്ജ് ക്വാട്ട ലഭിച്ചപ്പോള്‍ ഇന്ത്യക്ക് 1,70,000 മാത്രമാണ് ലഭിച്ചത്. 10,000 കൂടി അഡീഷണലായി ലഭിക്കുമെന്ന് കരാര്‍ ഒപ്പുവെക്കാനെത്തിയ വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് അറിയിച്ചിരുന്നു. അതെ പറ്റി ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. അധിക ക്വാട്ട ലഭിച്ചാല്‍ പോലും പാകിസ്താന്റെതിന് തുല്യമായ ക്വാട്ടയെ ആവുകയുള്ളൂ.
കഴിഞ്ഞ വര്‍ഷം 1,70,491 ആണ് അധിക ക്വാട്ടയടക്കം ഇന്ത്യക്ക് ലഭിച്ചിരുന്നത്. ഓരോ രാജ്യത്തേയും മുസ്‌ലിം ജനസംഖ്യക്ക് ആനുപാതികമായാണ് സൗദി സര്‍ക്കാര്‍ ക്വാട്ട അനുവദിക്കുന്നതെങ്കിലും ഇന്ത്യക്ക് അര്‍ഹതപ്പെട്ടത് ബോധ്യപ്പെടുത്തുന്നതിലുള്ള പരാജയമാണ് ആവശ്യമായ ക്വാട്ട ലഭിക്കാത്തതിനുള്ള കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയുടെ യഥാര്‍ഥ കണക്ക് അവതരിപ്പിക്കാത്തതാണ് ക്വാട്ട വര്‍ധിക്കാത്തതത്രെ. 2001ലെ മുസ്‌ലിം ജനസംഖ്യയാണ് ഇന്ത്യ ഇപ്പോഴും സമര്‍പ്പിക്കുന്നതെന്നാണ് പറയപ്പെടുന്നത്.
ലോകത്ത് മുസ്‌ലിം ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്കായിരുന്നു രണ്ടു വര്‍ഷം മുമ്പുവരെ തീര്‍ത്ഥാടകരെ അയക്കുന്നതിലും രണ്ടാം സ്ഥാനമുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പാകിസ്താനാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയുടെ യഥാര്‍ഥ കണക്ക് ബോധ്യപ്പെടുത്താനായാല്‍ രണ്ടു ലക്ഷം പേര്‍ക്കെങ്കിലും അനുമതി ലഭിക്കുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. 
ഇന്ത്യയില്‍ ഹജ്ജ് അപേക്ഷകരുടെ എണ്ണം ഏറെ വര്‍ധിച്ചതിനാല്‍ ധാരാളം പേര്‍ക്ക് ഹജ്ജിനെത്താന്‍ അവസരം നഷ്ടപ്പെടുകയാണ്. ഏറെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പടുവൃദ്ധരായി കഴിഞ്ഞ ശേഷമാണ് പലര്‍ക്കും അവസരം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഹജ്ജിനെത്തിയതില്‍ പകുതിയോളം പേര്‍ 70 വയസ്സിന് മുകളിലുള്ളവരായിരുന്നു. പ്രായക്കൂടുതല്‍ മൂലം ഹജ്ജ് നിര്‍വ്വഹിക്കാന്‍ ഇവര്‍ വളരെ ക്ലേശിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണയും 2010 ല്‍ ശശി തരൂരുമാണ് ഹജ്ജ് കരാര്‍ ഒപ്പിടാന്‍ സൗദിയില്‍ എത്തിയിരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ സൗദി ഹജ്ജ് കാര്യമന്ത്രി ഡോ. ബന്ദര്‍ ബിന്‍ ഹജ്ജാറിനെ സന്ദര്‍ശിച്ച ഇന്ത്യന്‍ ഉന്നത തല സംഘം ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.