പ്രവാചകന് മുഹമ്മദ് നബിയെ പരിഹസിച്ച് പുറത്തിറങ്ങിയ വിവാദ ഡോക്യുമെന്ററിയുടെ ഉള്ളടക്കത്തെ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോപറേഷന് അപലപിച്ചു. ഡോക്യുമെന്ററി യുടെ ഉള്ളടക്കം വംശീയവെറിക്കും തെറ്റുധാരണക്കും വഴിവെക്കുന്ന തരത്തിലുള്ള താണെന്ന് ഓ.ഐ.സി വക്താവ് പത്രക്കുറിപ്പില് പറഞ്ഞു. അതേസമയം, വിവാദഡോക്യുമെന്ററിക്ക് പിന്നില് പ്രവര്ത്തിച്ചവര്ക്ക്, ക്രിസ്ത്യാനിസത്തിന്റെ അന്തസ്സത്ത ഉള്ക്കൊള്ളാനായിട്ടില്ലെന്ന ഈജിപ്തിലെ മൂന്ന് പ്രമുഖകോപ്റ്റിക് വിഭാഗങ്ങളുടെ സംയുക്തപ്രസ്താവനയെ അദ്ദേഹം സ്വാഗതം ചെയ്തു. മതവിശ്വാസികള വേദനിപ്പിക്കുന്ന തരത്തിലുള്ള ആവിഷ്കാരങ്ങള് പ്രോത്സാഹിപ്പിക്കപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഈജിപ്തിലെ ഭരണകൂടവും ഡോക്യൂമെന്ററിക്കെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. നബി നിന്ദ ഉള്‍ക്കൊള്ളുന്ന സിനിമക്കെതിരെ രംഗത്ത് വന്ന ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്സി പ്രതിഷേധ പ്രകടനങ്ങള്‍ സമാധാനപരമായിരിക്കണമെന്നു ആവശ്യപ്പെട്ടു. വാക്കുകള്‍കൊണ്ടോ പ്രവര്ത്തി കൊണ്ടോ നബി നിന്ദ നടത്തുന്നവരെ അംഗീകരിക്കാന്‍ കഴിയില്ലെന്നും വിശ്വാസികള്‍ മുഴുവന്‍ ജീവക്കാള്‍ സ്നേഹിക്കുന്ന തങ്ങളുടെ പ്രവാചകനെ ഏതെങ്കിലും രീതിയില്‍ അവഹേളിക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റ അപലപനീയമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. സമാധാനം കാംക്ഷിക്കുന്ന മുഴുവന്‍ ലോകജനതയും ഈ ശ്രമങ്ങളെ തിരിച്ചറിയണമെന്നു പറഞ്ഞ മുര്സി എന്നാല്‍ ഇതിന്റെ പേരില്‍ രാജ്യത്തിന്റെ അതിഥികളായ വിദേശ രാജ്യ പ്രതിനിധികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഓര്‍മ്മപ്പെടുത്തി.
ടെറി ജോണ്, പാസ്റ്റര് ടിസ്കോ അസീസ്, നബീല് പൌസാദ, മോറിസ് സെദക് തുടങ്ങി ഇതുമായി ബന്ധമുണ്ടെന്ന സംശയിക്കുന്ന നിരവധി പേരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്ന് ഈജിപ്ത് അറ്റോര്ണി ജനറല് വ്യക്തമാക്കി. മതനിന്ദയുമായി ബന്ധപ്പെട്ടുള്ള എല്ലാ സന്ദേശങ്ങളും അന്വേഷിക്കാന് ദേശീയസുരക്ഷാ വിഭാഗത്തിനോട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുമുണ്ട്. വിവാദ സിനിമയുമായി ബന്ധപ്പെട്ട് സോഷ്യല് നെറ്റുവര്ക്കിങ്ങ് സൈറ്റുകളായ യൂട്യൂബിലും ഫൈസ്ബുക്കിലും വന്ന സന്ദേശങ്ങളെ കുറിച്ച് ഇതുവരെ അഞ്ചിലേറെ പരാതികള് ലഭിച്ചതായി ദേശീയസുരക്ഷാവിഭാഗം പത്രസമ്മേളനത്തില് വ്യക്തിമാക്കി.
അതിനിടെ, പ്രതിഷേധം കത്തിപ്പടര്ന്ന ഈജിപ്തില് അസ്ഹറിലെ വിദ്യാര്ഥികളും ശൈഖുമാരും ചേര്ന്നു കൈറോയിലെ അമേരിക്കന് എംബസിയിലേക്ക് പ്രതിഷേധറാലി നടത്തി.
യമനില്‍ പ്രതിഷേധക്കാര്‍ അമേരിക്കന്‍ എംബസി മുറ്റത്തേക്ക് ഇടിച്ചുകയറുകയും അമേരിക്കന്‍ പതാക കത്തിക്കുകയും ചെയ്തു.
