ഇസ്‌ലാമികമിക ചിഹ്നങ്ങളെയും പ്രതിനിധാനങ്ങളെയും വികലമാക്കി അവതരിപ്പിക്കാനുള്ള ചില തത്പര കക്ഷികളുടെ കുടിലശ്രമങ്ങള്‍ക്കെതിരെ ആഗോളതലത്തില്‍ തന്നെ ഒരു നിയമനിര്‍മാണം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് ശൈഖുല്‍ അസ്ഹര്‍ ഡോ. അഹമദ് ത്വയ്യിബ്. പ്രവാചകന്‍ മുഹമ്മദ് നബിയെ പരിഹസിക്കുന്ന രീതിയില്‍ ഡോക്യുമെന്ററി നിര്‍മിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സാമുദായിക സൌഹാര്‍ദത്തിന്റെ വിലയറിയാത്ത ചില വിഡ്ഡികളുടെ തെറ്റുധാരണകളാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകമതങ്ങളെയും അവയുടെ പ്രതിനിധാനങ്ങളെയും തെറ്റായി അവതരിപ്പിക്കുന്ന പ്രവണതകളെ പ്രതിരോധിക്കാന് ഐക്യരാഷ്ട്രസഭ തന്നെ മുന്‍കൈയെടുക്കേണ്ടതുണ്ട്. അതിനാവശ്യമായ നടപടികളുമായി മുന്നോട്ടു പോകാന്‍ ബാന്‍കിമൂണ് തയ്യാറാകണം. അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രശ്നസങ്കീര്ണമായ ഇത്തരം ഘട്ടങ്ങളില്‍ ബുദ്ധിയുപയോഗിച്ച് പരിഹാരം കാണാനാണ് ശ്രമിക്കേണ്ടതെന്നും നിരപരാധികളെ ഉപദ്രവിക്കുന്ന രീതി നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ഈജിപ്തിലെ മുസ്‌ലിംകളോട് ആഹ്വാനം ചെയ്തു.
