ന്യൂഡല്‍ഹി : SKSSF ഡല്‍ഹി ചാപ്‌റ്റര്‍ നബദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച `യാദ്‌ഗാറെ മദീന' അക്കാദമിക സംസ്‌കാരിക വിരുന്ന് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി മലയാളി കള്‍ക്ക് നവ്യാനുഭവമായി. ജെ.എന്‍.യു ചരിത്രത്തിലാദ്യമായി നബിദിനത്തില്‍ ഒത്തുകൂടിയ മലയാളികള്‍ക്ക് പ്രവാചക ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ അധികരിച്ചു അക്കാദമിക പ്രബന്ധങ്ങളും സാംസ്‌കാരിക കലാപരിപാടികളും പുതിയ അനുഭവവും സന്ദേശവും പകര്‍ന്നു നല്‍കുന്നതായിരുന്നു.
രാവിലെ പത്തുമണിക്ക് ആരംഭിച്ച പരിപാടി SKSSF സംസ്ഥാന ട്രഷറര്‍ ബശീര്‍ മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. ഡല്‍ഹി ചാപ്‌റ്റര്‍ പ്രസിഡണ്ട് അഡ്വ. സി. കെ. ഫൈസല്‍ ആമുഖ ഭാഷണവും കെ.ടി ജാബിര്‍ ഹുദവി ആത്മിക പ്രഭാഷണവും നിര്‍വഹിച്ചു. ഡല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് സി. ചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. തുടര്‍ന്ന് `ഇസ്‌ലാമും സാമ്പത്തിക ശാസ്‌ത്രവും മാന്ദ്യകാലത്ത്', `പ്രവാചകരുടെ സാമൂഹിക ജീവിതം', `പ്രവാചക ചരിത്രരചനയിലെ നവരീതികള്‍', `ഹദീസും ശാസ്‌ത്രവും: താരതമ്യ വായന' എന്നീ വിഷയങ്ങളില്‍ യഥാക്രമം സാജിദ് ഹുദവി (ജാമിയ മില്ലിയ്യ), മുഹമ്മദ് ഹുദവി (ജെ.എന്‍.യു), മഹ്മൂദ് ഹുദവി കൂരിയ (ജെ.എന്‍.യു.), ശംസീര്‍ താഴേക്കോട് (ഐ.ഐ.ടി), തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ലിറാര്‍ കൊണ്ടോട്ടി, ശരത്ത്, അബ്‌ദുല്‍ മുനീര്‍, സാദിഖ് മേല്‍മുറി, റംശാദ് ഗൂഢല്ലൂര്‍ എന്നിയവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ശംസീര്‍ ഹുദവിയും സംഘവും അവതരിപ്പിച്ച ബുര്‍ദയും മൗലിദ് പാരായണവും നടന്നു. പ്രവാചക ജീവിതത്തിന്റെ വിവിധ ഭാഗങ്ങള്‍ അക്കാദമിക രംഗത്തെ പ്രമുഖര്‍ വിലയിരുത്തുന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി. അബ്‌ദുല്ല ഹുദവി എടച്ചലം, ശാഫി വാഫി, സിറാജ് ഹുദവി തുടങ്ങിയവര്‍ സംസാരിച്ചു.