കാന്തപുരത്തിന്റെ പുതിയ വാദം നവവത്സരത്തിലെ ഏറ്റവും വലിയ തമാശ : SKSSF

കാസര്‍കോട്‌ : മര്‍ക്കസിന്റെ കീഴില്‍ രണ്ടായിരം പള്ളികള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന കാന്തപുരത്തിന്റെ പുതിയ വാദം നവവത്സരത്തിലെ ഏറ്റവും വലിയ തമാശയും കല്ലുവെച്ച നുണയുമാണെന്ന്‌ SKSSF ജില്ലാപ്രിസഡണ്ട്‌ ഇബ്രാഹിംഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. പ്രസ്‌തുത പള്ളികള്‍ എവിടെയാണ്‌ നിര്‍മ്മിച്ചതെന്ന്‌ കാന്തപുരം വ്യക്തമാക്കണം.  
സമസ്‌തയുടെ മഹല്ലുകളില്‍ ഭിന്നിപ്പുണ്ടാക്കി ചുവരുവെച്ച പള്ളികളും മദ്രസകളും എത്രയാണെന്ന്‌ കേരളീയ സമൂഹത്തിന്‌ നന്നായി അറിയാം. നാല്‍പത്‌കോടിയുടെ പള്ളി നിര്‍മ്മാണത്തില്‍ നിന്ന്‌ പിന്തിരിയുകയില്ലെന്ന ഭീഷണി വേദിയിലുളള സ്വന്തം നേതാക്കളോടാണ്‌ കാന്തപുരം നടത്തിയത്‌. ആദ്യം വിഘടിത സംഘടനക്ക്‌ കീഴിലാണ്‌ പള്ളി നിര്‍മ്മിക്കുന്നതെന്ന്‌ വ്യക്തമാക്കിയെങ്കിലും എതിര്‍പ്പുകള്‍ ശക്തമായപ്പോള്‍ കുടുംബസ്വത്തായ മര്‍ക്കസിന്റെ കീഴില്‍ നിര്‍മ്മിക്കാന്‍ മുന്നോട്ട്‌ വന്നതിന്റെ രഹസ്യവും അത്‌ തന്നെയാണ്‌. തിരുകേശത്തിന്‌ ഒരു ഉത്തമ കേന്ദ്രമെന്ന്‌ പറഞ്ഞ്‌ പ്രചരണവും പണപിരിവും നടത്തി ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ പള്ളി എന്ന്‌ പേര്‌ മാറ്റിയതിന്റെ രഹസ്യവും മറ്റൊന്നല്ല. വ്യാജകേശത്തിന്റെ പേരില്‍ പ്രവാചകനെ നിന്ദിക്കുന്നവരെ പൊതുസമൂഹം കൈയൊഴിഞ്ഞതിന്റെ ഏറ്റവും വലിയ തെളിവാണ്‌ വിഘടിതരുടെ സമ്മേളനങ്ങളുടെ സദസ്സെന്നും നേതാക്കള്‍ പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.