മനുഷ്യന്‍ അല്ലാഹുവുമായി നേരിട്ട് സന്ധിക്കുന്ന രംഗമാണ് നിസ്‌കാരം. പ്രപഞ്ച പരിപാലകനും സല്‍ഗുണ സൗന്ദര്യങ്ങളുടെ സ്രോതസ്സുമായ അവനുമായുള്ള സംഭാഷണം വളരെ ലാഘവബുദ്ധ്യാ കാണേണ്ട ഒരു കേവല ചടങ്ങല്ല. അതുകൊണ്ട് തന്നെ മറ്റേതെങ്കിലും ചുറ്റുപാടുകളില്‍ നിന്ന് യാതൊരു മുന്നൊരുക്കവുമില്ലാതെ പ്രവേശിക്കാനും പാടില്ല. വ്യക്തമായ തയ്യാറെടുപ്പും ശുചീകരണവുമാവശ്യമായ ഒരു മഹത്കര്‍മ്മമാണത്. ഹൃദയശുദ്ധീകണത്തിനുള്ള മാര്‍ഗമാണ് നിസ്‌കാരം. മന:ശുദ്ധി കൈവരണമെങ്കില്‍ ആദ്യം ബാഹ്യമായ അവയവങ്ങള്‍ ശുദ്ധീകരിക്കണം. അകവും പുറവും ശുദ്ധീകരിക്കപ്പെട്ട സമൂഹത്തെയാണിസ്‌ലാം ഉദ്ദേശിക്കുന്നത്. മനഃശുദ്ധിയില്‍ അമിത ശ്രദ്ധനല്‍കി നഖവും കേശവും അശ്രദ്ധമായി നീണ്ടു വളരാനനുവദിക്കുന്ന അന്ധമായ ആത്മീയതയെ വിവേകശൂന്യതയായാണ് വിലയിരുത്തുന്നത്.
ശുചീകരണം രണ്ട് രീതിയിലുണ്ട്. ഒന്ന് ശരീരത്തില്‍ തങ്ങിക്കിടക്കുന്ന മാലിന്യങ്ങളില്‍ നിന്നു മുക്തമാവല്‍. രണ്ട് അഭൗതിക മാലിന്യങ്ങളില്‍ നിന്ന് ശുചീകരിക്കല്‍. അഭൗതികമെന്നാല്‍ മാലിന്യരൂപത്തില്‍ നമുക്ക് നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്തതും എന്നാല്‍ നിസ്‌കാരത്തിന്റെ സാധുതയെ ബാധിക്കുന്നതുമായ കാര്യങ്ങളാണ്. ദേഹശുദ്ധിയെയോ അംഗശുദ്ധിയെയോ അസാധുവാക്കുന്ന കാര്യങ്ങള്‍ സംഭവിക്കുമ്പോഴാണ് പുന:ശുദ്ധീകരണം ആവശ്യമാവുന്നത്. അംഗശുദ്ധിയുടെ രൂപം ഖുര്‍ആനിലുണ്ട്. ''സത്യവിശ്വാസികളെ നിങ്ങള്‍ നിസ്‌കാരത്തിനു നിന്നാല്‍(ഉദ്ദേശിച്ചാല്‍) മുഖവും കൈകള്‍ മുട്ടുവരെയും കഴുകുക. തലതടവുക. കാലുകള്‍ നെരിയാണിവരെ (കഴുകുക)''(ഖു: 5:6)
മാന്യമായ രീതിയില്‍ ശരീരഭാഗങ്ങള്‍ മറച്ചുകൊണേ്ട നിസ്‌കരിക്കാവൂ. പൂര്‍ണ്ണ നഗ്നത ദൈവപ്രീതി നേടാനുള്ള ഉപാധിയാക്കിയ ബുദ്ധ•ാരിലെ ദിഗമ്പര•ാരില്‍ നിന്നും വസ്ത്രത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കാത്ത മറ്റു പല മതസ്ഥരില്‍ നിന്നും ഭിന്നമായി ശരീരത്തിലെ മാന്യമായ ഭാഗങ്ങള്‍ മറച്ചുകൊണേ്ട നിസ്‌കരിക്കാവൂ. അല്ലാഹുവില്‍ നിന്നു മറച്ചുവെക്കുകയല്ല ഇതുകൊണ്ടുദ്ദേശ്യം. മറിച്ച് മനുഷ്യ സംസ്‌കാരം കാത്തുസൂക്ഷിക്കലാണ്. സ്ത്രീ മുഖവും മുന്‍കൈയും ഒഴിച്ചുള്ള ശരീരത്തിലെ മുഴുഭാഗവും പുരുഷന്‍ കാല്‍മുട്ടിനും പൊക്കിളിനുമിടയിലുള്ള ഭാഗവും നിര്‍ബന്ധമായും മറക്കണം. പുരുഷന് ചുമല്‍, തല തുടങ്ങി ഒട്ടുമിക്ക ഭാഗങ്ങളും മറക്കലാണ് ഉചിതം.
മക്കയിലെ കഅ്ബക്കഭിമുഖമായി നില്‍ക്കലാണ് നിസ്‌കരിക്കുന്നവന്‍ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം. ലോകത്തുള്ള എല്ലാ മുസ്‌ലിംകളുടെയും മനസ്സ് ഏക ബിന്ദുവില്‍ കേന്ദ്രീകൃതമാവണമെന്നപോലെ അവരുടെ ശരീരവും ഏക കേന്ദ്രത്തില്‍ നിക്ഷിപ്തമായിരിക്കുകയെന്നതായിരിക്കാം ഇതിലടങ്ങിയ രഹസ്യം. ഉരുണ്ട ഭൂമിയുടെ ഉപരിതലത്തില്‍ കഅ്ബക്കഭിമുഖമായി നിസ്‌കരിക്കാന്‍ നില്‍ക്കുന്ന ഏതൊരാളും തന്റെ നേര്‍രേഖയില്‍ മുന്നോട്ട് സഞ്ചരിച്ചാല്‍ ഒരൊറ്റ ബിന്ദുവിലാണെത്തിച്ചേരുക. തല്‍സ്ഥാനത്ത് ഏതെങ്കിലും ഒരു ദിശയാണതിന് തെരഞ്ഞെടുത്തതെങ്കില്‍-പല മതങ്ങളുമങ്ങനെയാണ് നിശ്ചയിച്ചത്-നേരെ സഞ്ചരിച്ചാല്‍ തുടങ്ങിയടത്തു തന്നെ എത്തിച്ചേരലാവും ഫലം.
സമയക്രമമാണ് നിസ്‌കാരത്തിന്റെ മറ്റൊരു സവിശേഷത. തോന്നിയ സമയത്ത് അടുക്കും ചിട്ടയുമില്ലാതെ നിര്‍വ്വഹിക്കാവുന്ന പ്രാര്‍ത്ഥനയല്ല നിസ്‌കരാം. ''നിശ്ചയം സമയം നിശ്ചയിക്കപ്പെട്ട നിലയില്‍ സത്യവിശ്വാസികളുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ടതാണ് നിസ്‌കാരം''(ഖു: 4:103). അതിന് നിശ്ചയിക്കപ്പെട്ട സമയവും ഖുര്‍ആനില്‍ തന്നെയുണ്ട്. നീ നിസ്‌കാരം പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയിലെ ആദ്യയാമങ്ങളിലും നിര്‍വ്വഹിക്കുക''(ഖു: 11:114) പകലിന്റെ രണ്ടറ്റമെന്നതുകൊണ്ട് മധ്യാഹ്ന നിസ്‌കാരവും സായാഹ്ന നിസ്‌കാരവുമാണുദ്ദേശിക്കപ്പെടുന്നത്. അവയാണല്ലോ പൂര്‍ണമായും പകലിലുള്ളത്. 'സുലഫ്' എന്നത് 'സുല്‍ഫത്'ന്റെ ബഹുവചനമാണ്. ബഹുവചനമാകാന്‍ മൂന്നെണ്ണം വേണമെന്നാണ് ഭാഷാപണ്ഡിതരടെ ഭാഷ്യം. അപ്പോള്‍ രാത്രിയില്‍ മൂന്നും പകലില്‍ രണ്ടും ചേര്‍ത്ത് അഞ്ച് നേരത്തെ നിസ്‌കാരം സ്ഥാപിതമായി. നിസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ട് ആദ്യദിവസം ദിവ്യസന്ദേശവാഹകനായ ജിബ്‌രീല്‍ മാലാഖയാണ് നിസ്‌കാരത്തിന്റെ സമയം നിര്‍വ്വഹിച്ചുകാണിച്ചത്. പ്രസ്തുത സമയക്രമമാണ് ഇന്നും അനുവര്‍ത്തിച്ചുവരുന്നത്.
നിസ്‌കാരത്തിന്റെ സമയക്രമത്തിന് ജീവിതത്തില്‍ ആഴമേറിയ സ്വാധീനമുണ്ട്. ജീവിതത്തില്‍ ഏതൊരു കര്‍മവും പൂര്‍ണമായ കോര്‍വയും ക്രമവുമനുസരിച്ചാണ് അനുഷഠിക്കേണ്ടത്. ''സല്‍കര്‍മ്മങ്ങളിലേറ്റവും ശ്രേഷഠം പതിവായി ചെയ്യുന്നതാണ്'' എന്നാണ് നബി(സ്വ) പഠിപ്പിച്ചത്. പതിവ് എന്നത് സമയക്രമത്തെക്കൂടി ഉള്‍ക്കൊള്ളുന്നതാണല്ലോ. അടുക്കും ചിട്ടയുമില്ലാതെ ജീവിതത്തില്‍ എപ്പോഴെങ്കിലും എന്തെങ്കിലും ചെയ്തു തീര്‍ക്കുക എന്നതിന് വലിയ പ്രസക്തിയൊന്നുമില്ല. നിസ്‌കാരത്തിന് നിശ്ചയിക്കപ്പെട്ട സമയക്രമം ഏറെ ശ്രദ്ധേയമാണ്. മനുഷ്യ ഹൃദയത്തില്‍ നിന്ന് അല്ലാഹുവെക്കുറിച്ചുള്ള അവബോധം അപ്രത്യക്ഷമാവാനിടയുള്ള സമയങ്ങളാണതിനു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഉറക്കത്തിലേക്ക് നീങ്ങുകയും ഉറക്കില്‍ നിന്നുണരുകയും ചെയ്യുന്ന സമയങ്ങളാണ് രണ്ടു നിസ്‌കാരങ്ങള്‍. പലപ്പോഴും അശ്രദ്ധമായി ഉറങ്ങിപ്പോവാനിടയുള്ള ഈ സമയങ്ങള്‍, നിത്യവും നിശ്ചിത സമയം ശരീരത്തിനാവശ്യമായ ഉറക്ക് രണ്ടാലൊരു സമയത്ത് നീണ്ടുപോയാല്‍ നാം ചെയ്തു തീര്‍ക്കേണ്ട പല പ്രവൃത്തികളുമതുവഴി അലങ്കോലപ്പെടും. മറ്റു രണ്ടു നമസ്‌കാരങ്ങള്‍ അങ്ങാടികളില്‍ കച്ചവടം ചൂടുപിടിക്കുകയും ജീവിത വ്യവഹാരമേഖലകളില്‍ തിരക്കനുഭവപ്പെടുകയും ചെയ്യുന്ന പ്രദോഷവേളകളാണ്.
ഭൗതിക ചിന്താഗതികളില്‍ ആപതിച്ച് ദൈവചിന്ത വിസ്മരിക്കപ്പെടാനിടയുള്ള സന്ദര്‍ഭമാണിത്. ഉച്ചസമയമാണെങ്കില്‍ തൊഴിലിനെക്കുറിച്ചുള്ള ചിന്തയും കണക്കുകൂട്ടലുകളുമായി മനസ്സിനെ മഥിക്കുന്ന സമയവും. അതിനാല്‍ അല്ലാഹുവെക്കുറിച്ചുള്ള ഓര്‍മ്മ എന്തുകൊണ്ടും സന്നിവേശിപ്പിക്കാനര്‍ഹിക്കുന്ന സമയ സന്ദര്‍ഭങ്ങളാണിവയത്രയും. എന്നാല്‍ ജോലിക്ക് ഇവയൊന്നുപോലും തടസ്സമല്ല താനും. ജോലിക്കറിങ്ങും മുമ്പ് പ്രഭാത നിസ്‌കാരവും ഇടക്ക് ഭക്ഷണ വിശ്രമ വേളകളില്‍ മധ്യാഹ്ന നിസ്‌കാരവും വിരാമശേഷം ഇതര നിസ്‌കാരങ്ങളും നിര്‍വഹിക്കാവുന്നതാണ്.