മലപ്പുറം: സമസ്ത 85ാം വാര്‍ഷിക സമ്മേളന പ്രചാരണവുമായി കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍ നയിക്കുന്ന സമസ്ത സന്ദേശ യാത്ര ഇന്ന് വടക്കന്‍ കേരളത്തില്‍ പര്യടനം നടത്തും. 2012 ജനുവരി 23ന് തമിഴ്‌നാട്ടിലെ കന്യാകുമാരി കുളച്ചലില്‍ നിന്ന് ആരംഭിച്ച സന്ദേശ യാത്ര ഇതിനകം തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലെയും കേരളത്തിലെ 12 ജില്ലകളിലായി അമ്പതോളം സ്വീകര ണങ്ങളും ഏറ്റുവാങ്ങി. യാത്ര ഇന്നും നാളെയും വടക്കന്‍ കേരളത്തില്‍ പര്യടനം നടത്തും.
ഇന്ന് (1-2-2012)രാവിലെ ഒമ്പതിന് കണ്ണൂര്‍ ജില്ലയിലെ പാപ്പിനശ്ശേരിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര തളിപ്പറമ്പ്, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്ക് ശേഷം കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് സമാപിക്കും.
85-ാം വാര്‍ഷിക സൂചകമായി ഓരോ ജില്ലയിലും 85 ബൈക്കുകളില്‍ തൂവെള്ള വസ്ത്ധാരികളായ സംഘടനാ പ്രവര്‍ത്തകരും നിരവധി വാഹനങ്ങളും യാത്രയെ അനുഗമിക്കുന്നു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലേക്കും യാത്ര നായകന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരെയും സമസ്ത നേതാക്കളെയും ദഫിന്റെയും സ്‌കൗട്ടിന്റെയും അകമ്പടിയോടെയാണ് ആനയിക്കുന്നത്.
നാളെ രാവിലെ ഒമ്പതിന് (2-2-2012) കാസര്‍കോട് ജില്ലയിലെ മേല്‍പറമ്പില്‍ നിന്ന് ആരംഭിച്ച് ചട്ടഞ്ചാല്‍, കുമ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്ക് ശേഷം കര്‍ണാടക യിലെ മംഗലാപുരത്ത് സമാപിക്കും. സമാപന സമ്മേളനത്തില്‍ മത-സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.