സമസ്ത: 85-ാം വാര്‍ഷികം: നീതിക്ക് വേണ്ടിയുള്ള കൂട്ടം ചേരലാണ് മതം നിര്‍വ്വഹിക്കുന്ന ധര്‍മ്മം - പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍

ചേളാരി: യുഗാന്തരങ്ങളായി ലോകത്ത് നിലനില്‍ക്കുന്ന പ്രധാനപ്രശ്‌നം നീതി നിഷേധങ്ങളാണ്. വിശുദ്ധ ഇസ്‌ലാം നീതിയുടെ പക്ഷത്തിന് സകലവിധ പരിരക്ഷയും ഉറപ്പ് വരുത്തുന്നു. സമസ്ത എണ്‍പത്ത് അഞ്ച് വര്‍ഷം കൊണ്ട് നേടിയ മഹാവിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് അതിന്റെ മഹിതമായ നീതിബോധമാണെന്നും സമസ്ത എണ്‍പത്തിഅഞ്ചാം വാര്‍ഷിക മുഖ്യ രക്ഷാധികാരി പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. 

ആശയങ്ങളോട് നീതികാണിക്കുമ്പോള്‍ ഉണ്ടാവുന്ന നീതി നിര്‍വ്വഹണമാണ് സാമൂഹിക സൗന്ദര്യത്തിന്റെ സവിശേഷതയെന്നും സമസ്ത നേതാക്കള്‍ കാണിച്ചു തന്ന രാജപാതയിലൂടെ സഞ്ചരിക്കാനുള്ള ഉള്‍ക്കരുത്ത് നേടാന്‍ ഈ സമ്മേളനവും ഉപയോഗപ്പെടുത്തണമെന്നും തങ്ങള്‍ ഉണര്‍ത്തി.
സമ്മേളന നഗരിയില്‍ ചേര്‍ന്ന സ്വാഗത സംഘത്തിന്റെയും കീഴ്ഘടകങ്ങളുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, ജിഫ്രി മുത്തുകോയ തങ്ങള്‍, പി.പി.മുഹമ്മദ് ഫൈസി, കെ.ടി.ഹംസ മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഹാജി.കെ. മമ്മദ് ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എ.റഹ്മാന്‍ ഫൈസി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.