വടകര: ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം 15ന്

വടകര: വടകര ജുമുഅത്ത് പള്ളി ദര്‍സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം 15ന് വൈകിട്ട് നാലിന് പാണക്കാട് സയ്യിദ്‌ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് സംഘാടക സമിതി പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഹിഫ്‌ള് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സനദ്ദാനവും അദ്ദേഹം നിര്‍വഹിക്കും. ഖുര്‍ആന്‍ അതിന്റെ പാരായണ നിയമങ്ങള്‍ക്കനുസരിച്ച് ഹൃദിസ്ഥമാക്കാന്‍ പഠിപ്പിക്കുന്ന വിദ്യാലയമാണ് ഹിഫ്‌ള് കോളേജ്. രണ്ടരക്കോടി രൂപ ചെലവിലാണ് കോളേജിന് കെട്ടിടം നിര്‍മിക്കുന്നത്. ശിലാസ്ഥാപനത്തിനു മുന്നോടിയായി 13ന് ഉച്ചയ്ക്ക്‌ശേഷം പതാക ഉയര്‍ത്തല്‍, 14ന് ഉദ്‌ബോധന സമ്മേളനം, വൈകിട്ട് ആറിന് പ്രഭാഷണം.

15ന് നടക്കുന്ന സമാപന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ ഇ.അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ചെറുശ്ശേരി സൈനുദ്ദിന്‍ മുസ്‌ല്യാര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. തുടങ്ങിയവര്‍ പങ്കെടുക്കും.പത്രസമ്മേളനത്തില്‍ കെ.കെ.മഹമൂദ്, പി.ഹസ്സന്‍ കുട്ടി ഹാജി, എം.സുബൈര്‍ ഹാജി, എന്നിവര്‍ പങ്കെടുത്തു