കാന്തപുരത്തിന് മുടി നല്കിനയ ജാലിയവാല തട്ടിപ്പുകാരനെന്ന് നേരില്‍ ബോധ്യമായി: ജിഷാന്‍ മാഹി

കാന്തപുരത്തിന് തിരുകേശം നല്‍കിയെന്നവകാശപ്പെടുന്ന മുംബൈയിലെ ഇഖ്ബാല്‍ മുഹമ്മദ് ജാലിയ വാല വെറും തട്ടിപ്പുകാരനാണെന്ന് എ.പി. വിഭാഗത്തിന്‍െറ പ്രമുഖ പ്രവര്‍ത്തക നായിരിക്കെ കേശത്തിന്‍െറ ആധികാരികത ചോദ്യംചെയ്തതിന്‍െറ പേരില്‍ സംഘടനയില്‍ നിന്ന് പുറത്തു പോകേണ്ടിവന്ന ജിഷാന്‍ മാഹി. മുംബൈയിലെ ചേരിയില്‍ വൃത്തിഹീനമായ സാഹചര്യ ത്തില്‍ മതാചാരങ്ങളുമായി ബന്ധമില്ലാതെയാണ് ജാലിയവാല ജീവിക്കുന്നതെന്ന് നേരിട്ട് കണ്ട് ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പ്രവാചകന്‍േറതെന്നും അനുചര ന്‍മാരുടേതെന്നും അവകാശപ്പെട്ട് നിരവധി വസ്തുക്കളാണ് ജാലിയവാലയുടെ കൈവശമുള്ളത്. ജാലിയവാലയുടെ കുറച്ചുകൂടി പരിഷ്കരിച്ച പതിപ്പാണ് യു.എ.ഇയിലെ അഹമ്മദ് ഖസ്റജിയെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകന്‍ ഉപയോഗിച്ചെന്ന് അവകാശപ്പെട്ട് ഖസ്റജി നല്‍കിയ പാത്രവുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് ജിഷാന്‍ വീണ്ടും രംഗത്തു വന്നത്. തിരുകേശ വിവാദം കൊടുമ്ബിരികൊണ്ട സമയത്ത് ഫേസ്ബുക്കിലൂടെയും ഇന്‍റര്‍നെറ്റ് ക്ളാസ് റൂമിലൂടെയും എതിര്‍വിഭാഗങ്ങളുടെ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കുന്ന തിനും പ്രവര്‍ത്തകരെ ബോധവല്‍ക്കരിക്കുന്നതിനും ചുക്കാന്‍ പിടിച്ചിരുന്നത് ജിഷാന്‍ മാഹിയാണ്. തിരുകേശത്തെക്കുറിച്ച്‌് കൂടുതല്‍ അറിയാനായി മുടി സൂക്ഷിച്ചിരിക്കുന്ന കാരന്തൂര്‍ മര്‍ക്കസിന്‍െറ വൈസ് പ്രിന്‍സിപ്പലായ ഹുസൈന്‍ സഖാഫി ചുള്ളിക്കോടിനോട് ചിലകാര്യങ്ങള്‍ ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി ലഭിക്കാത്തതാണ് സംശയത്തിനിടയാക്കിയതെന്ന് ജിഷാന്‍ പറഞ്ഞു. തുടര്‍ന്ന് കാന്തപുരത്തിന് മുടി നല്‍കിയ മുംബൈയിലെ ഇഖ്ബാല്‍ മുഹമ്മദ് ജാലിയവാലയെ കണ്ട് അന്വേഷിക്കാന്‍ തീരുമാനിക്കുക യായിരുന്നു. 2011ലാണ് മുംബൈയിലെ ജാലിയവാലയുടെ താമസ സ്ഥലത്ത് പോയത്. കൂടെ കാന്തപുരത്തിന്‍െറ ശിഷ്യനും അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുമായിരുന്ന അബ്ദുന്നസീര്‍ അസ്ഹരിയുമുണ്ടായിരുന്നു. പ്രശസ്തനും പണ്ഡിതനുമെന്ന് ഏറെക്കാലം കാന്തപുരം വിഭാഗം അവകാശപ്പെട്ടിരുന്ന ജാലിയവാലയുടെ മുംബൈയിലെ സ്ഥലം കണ്ടുപിടിക്കാന്‍ തന്നെ ഏറെ ബുദ്ധിമുട്ടി.
ബിസിനസുകാരനാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ കൂടെയുണ്ടായിരുന്നവരെ ഒഴിവാക്കി പിറ്റേ ദിവസം തനിച്ച്‌ ചെല്ലാനായിരുന്നു ജാലിയവാലയുടെ നിര്‍ദേശം. അതുപ്രകാരം പോവുകയും പണം നല്‍കുകയും ചെയ്തപ്പോഴാണ് അദ്ദേഹത്തിന്‍െറ കൈവശമുണ്ടായിരുന്നു പതാനായിരക്കണക്കിന് മുടികളും മറ്റ് സാധനങ്ങളും കാണിച്ചുതന്നത്. മര്‍കസില്‍ പഠിച്ചിരുന്ന മുംബൈ സ്വദേശിയായ ആരിഫ് ബറക്കാത്തി വഴിയാണ് ഇദ്ദേഹം കാന്തപുരത്തിന് മൂന്ന് മുടികള്‍ നല്‍കിയിരുന്നത്്. എന്നാല്‍ വര്‍ഷം തോറും പണം അയച്ചുതരാമെന്ന് പറഞ്ഞപ്പോള്‍ തനിക്ക് 18 മുടികള്‍ നല്‍കി. അലമാരയിലും കട്ടിലിനടിയില്‍ പാത്രത്തിലുമായാണ് മുടികള്‍ സൂക്ഷിച്ചിരുന്നത്. യു.എ.ഇയിലെ അഹമ്മദ് ഖസ്റജിക്ക് നല്‍കിയ തരത്തിലുള്ള നീളമേറിയ മുടിയുണ്ടോയെന്ന ചോദിച്ചപ്പോള്‍ അത് രണ്ടാഴ്ചത്തേക്ക് ഒരാള്‍ കൊണ്ടുപോയെന്നായിരുന്നു മറുപടി. പ്രവാചകന്‍െറ സന്തത സഹചാരികളായിരുന്ന അബൂബക്കര്‍ സിദ്ദീഖ്, ഉമര്‍ എന്നിവരുടെ മുടിയും ഉണ്ടെന്ന് പറഞ്ഞ ജാലിയവാല ഒരു കെട്ടില്‍ നിന്ന് തന്നെ അതെല്ലാം വേര്‍തിരിച്ച്‌ കാണിച്ചുതന്നു. ഇതെങ്ങനെ തരിച്ചറിയുന്നുവെന്ന് ചോദിച്ചപ്പോള്‍ 35 വര്‍ഷമായി ഇത് കൈാര്യം ചെയ്യുന്നതിനാല്‍ അതെല്ലാം എളുപ്പമാണെന്ന് മറുപടി നല്‍കി. അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മുഹ്യുദ്ദീന്‍ ശൈഖിന്‍െറ കളര്‍ ഫോട്ടോ, പ്രവാചകന്‍െറ മകള്‍ ഫാത്തിമ ഉപയോഗിച്ചിരുന്ന കമ്ബിളിപ്പുതപ്പ് തുടങ്ങി ഒട്ടനവധി 'വിശുദ്ധ വസ്തുക്കളും' കാണിച്ചുതന്നു. ഇത് ധരിച്ച്‌ ആരുടെയെങ്കിലും തോളില്‍ തട്ടിയാല്‍ അദ്ദേഹത്തില്‍ നിന്ന് ആഗ്രഹിക്കുന്നതെന്തും സാധിക്കുമെന്ന് പറഞ്ഞ് വെള്ളിമോതിരവും നല്‍കി. മുംബൈയിലെ പാവങ്ങളായ സ്ത്രീകളാണ് ജാലിയവാലയുടെ പ്രധാന ഉപഭോക്താക്കള്‍. മതപരമായ അടിസ്ഥാന അറിവുകളോ ആചാര അനുഷ്ഠാനങ്ങളോ അദ്ദേഹം നിര്‍വഹിക്കാറില്ളെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ജാലിയവാലയുടെ കൈവശമുള്ളതുപോലെ നിരവധി സാധനങ്ങള്‍ അഹമ്മദ് ഖസ്റജിയുടെ കൈവശവുവുമുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. മുമ്ബ് കോട്ടക്കലില്‍ നടന്ന ഉലമ കോണ്‍ഫറന്‍സില്‍ കാന്തപുരം അവതരിപ്പിച്ച മുടിയുടെ അടിസ്ഥാന രേഖയിലുള്ളത് ജാലിയവാലക്ക് മുമ്ബേ മുടി കൈവശം വെച്ചിരുന്നത് അബ്ദുല്‍ ഖാദര്‍ ജീലാനി എന്ന പേരാണ്. എന്നാല്‍ മുടി പാരമ്ബര്യമായി കിട്ടിയതാണെന്നവകാശപ്പെടുന്ന ജാലിയവാലയോട് പിതാവിന്‍െറ പേര് ചോദിച്ചപ്പോള്‍ ദോറാജിവാല എന്നാണ് പറഞ്ഞത്. അബൂബക്കര്‍ സിദ്ദീഖിന്‍െറ പിന്‍മുറക്കാരാണ് തങ്ങളെന്ന് അവകാശപ്പെടുന്ന അദ്ദേഹം കാലിലെ മുറിവിന്‍െറ പാട് കാണിച്ച്‌ ഇത് അബൂബക്കറിനെ പാമ്ബുകടിച്ച അടയാളമാണെന്നും പാരമ്ബര്യമായി എല്ലാവര്‍ക്കും ഈ അടയാള മുണ്ടെന്നും അവകാശപ്പെട്ടു. ഇദ്ദേഹം പ്രവാചക കുടുംബമല്ളെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കാന്തപുരത്തിന്‍െറ അടിസ്ഥാന രേഖയില്‍ പറയുന്നവ 40 പേരുകളില്‍ പലരും നബിയുടെ കുടുംബ പരമ്ബരയില്‍പ്പെടുന്നവരാണ്. തിരുകേശത്തിന് നിഴല്‍ ഉണ്ടാവില്ളെന്നതും അത് കത്തി നശിക്കുകയില്ളെന്നും എല്ലാ പണ്ഡിതന്‍മാരും അംഗീകരിച്ചതാണെങ്കിലും ജാലിയവാലയുടെ കൈയില്‍ നിന്ന് ലഭിച്ച മുടി തീക്കൊളുത്തിയപ്പോള്‍ കത്തി നശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം എ.പി. വിഭാഗത്തിലെ പ്രമുഖ നേതാക്കളായ പൊന്‍മള അബ്ദുല്‍ഖാദര്‍ മുസല്യാറോടും പേരോട് അബ്ദുറഹ്മാന്‍ സഖാഫിയോടും വെളിപ്പെടുത്തിയെങ്കിലും പുറത്ത് പറയരുതെന്നായിരുന്നു നിര്‍ദേശം. ജാലിയ വാലയില്‍ നിന്ന് ലഭിച്ച മുടിയെ സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്കിടെയാണ് അബൂദബിയിലെ അഹമ്മദ് ഖസ്റജിയും മര്‍ക്കസിലത്തെി കാന്തപുരത്തിന് മറ്റൊരു മുടി കൈമാറിയത്. പ്രവാചകന്‍ സ്വപ്നത്തില്‍ ദര്‍ശനം നല്‍കി എ.പി. അബൂബക്കര്‍ മുസല്യാര്‍ക്ക് മുടി നല്‍കണമെന്ന് ആവശ്യപ്പെട്ടതായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കൈമാറ്റം. എന്നാല്‍, ഖസ്റജിക്ക് മുടി ലഭിച്ചത് ജാലിയവാലയില്‍ നിന്നാണെന്ന് പറയുന്നു. മുടിക്ക് അടിസ്ഥാന രേഖയൊന്നുമില്ളെന്ന് അദ്ദേഹത്തിന്‍െറ സഹോദരന്‍ ഹസന്‍ ഖസ്റജി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. യു.എ.ഇയിലെ മുന്‍മന്ത്രിയുടെ മകന്‍ കൂടിയായ ഖസ്റജിയെ എ.പി വിഭാഗം ഇടക്കിടെ കേരളത്തിലേക്ക് കൊണ്ടുവരാറുണ്ടെങ്കിലും ജാലിയവാലയെ ഇതുവരെ ഒരു വേദിയിലേക്കും ക്ഷണിച്ചിട്ടില്ല. ജാലിയവാല വെളിച്ചത്തുവന്നാല്‍ ഇത് തട്ടിപ്പാണെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്നതാണ് കാരണം. പ്രവാചകന്‍െറ മുടി തിരുശേഷിപ്പാണെന്നും ഏറെ പുണ്യമുള്ളതാണെന്നും വിശ്വസിക്കുന്നു. എന്നാല്‍ ഇതിന്‍െറ പേരില്‍ വിശ്വാസികളെ വഞ്ചിക്കുന്നതിന് പകരം, അത് പ്രവാചകന്‍െറതാണെന്ന് ബോധ്യമുണ്ടെങ്കില്‍ തെളിയിക്കുകയാണ് കാന്തപുരം വേണ്ടതെന്ന് ജിഷാന്‍ പറഞ്ഞു.