ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി..വിശുദ്ധിയുടെ നിറവില്‍ മിനാ താഴ്വര; തീര്‍ത്ഥാടകലക്ഷങ്ങള്‍ നാളെ അറഫയിലേക്ക്‌..

മക്ക: ഇബ്രാഹീം നബിയുടെ വിളിക്കുത്തരം നല്‍കി അല്ലാഹുവിന്റെ അതിഥികളായി മക്കയിലെത്തിയ ശുഭ്രവസ്‌ത്രധാരികള്‍ നാളെ അറഫയില്‍ സംഗമിക്കും. ശനിയാഴ്‌ച രാത്രി മുതല്‍ മിനായിലെത്തിയ തീര്‍ത്ഥാടകസഹസ്രങ്ങള്‍ നാളെ പുലര്‍ച്ചെയോടെ അറഫയിലേക്കുള്ള പ്രയാണം ആരംഭിക്കും. ലോക മുസ്‌ലിം സമ്മേളനമെന്നു വിശേഷിപ്പിക്കുന്ന ഹജ്ജിന്റെ പൂര്‍ണതയ്ക്ക്‌ അറഫയില്‍ നില്‍ക്കല്‍ നിര്‍ബന്ധമാണ്‌. നാളെ ഉച്ചയോടെ അറഫയിലെത്തുന്ന വിശ്വാസികള്‍ ളുഹ്‌റും അസറും ഒന്നിച്ചു ചുരുക്കി നമസ്‌കരിക്കും. ശേഷം ഹാജി മാര്‍ സൌദി ഗ്രാന്‍ഡ്‌ മുഫ്‌തി ശെയ്‌ഖ്‌ അബ്ദുല്‍ അസീസ്‌ ബിന്‍ അബ്ദുല്ലാ ആലു ശെയ്‌ഖിന്റെ നേതൃത്വത്തില്‍ മസ്‌ജിദുന്നമിറയില്‍ നടക്കുന്ന അറഫ ഖുതുബയില്‍ പങ്കെടുക്കും. വൈകുന്നേരത്തോടെ വിശ്വാസികള്‍ തങ്ങള്‍ ചെയ്‌തുപോയ തെറ്റ്‌ പ്രപഞ്ചനാഥനോട്‌ ഏറ്റുപറഞ്ഞു കാരുണ്യത്തിന്റെ മലയെന്ന്‌ അറിയപ്പെടുന്ന ജബലുര്‍റഹ്‌മയുടെ താഴ്‌വരയില്‍ പ്രാര്‍ഥനയില്‍ മുഴുകും. സൂര്യാസ്‌തമയത്തോടെ ഹാജിമാര്‍ മുസ്‌ദലിഫയിലേക്കു നീങ്ങും. അവിടെ രാപാര്‍ത്തതിനുശേഷം ജംറകളില്‍ എറിയാനുള്ള ചെറിയ കല്ലുകള്‍ ശേഖരിച്ച്‌ ചൊവ്വാഴ്‌ച പുലര്‍ച്ചെയോടെ വീണ്‌ടും മിനായിലേക്ക്‌. മിനായില്‍നിന്ന്‌ മശാഇര്‍ ട്രെയിന്‍ സര്‍വീസ്‌ വഴിയാണ്‌ ഹാജിമാര്‍ അറഫയിലേക്കു പോവുക.
തിരക്ക്‌ അനുഭവപ്പെടാന്‍ സാധ്യതയുള്ള ഇവിടെ ഹാജിമാരെ സഹായിക്കാനായി പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുള്ള ഹജ്ജ്‌ വോളന്റിയര്‍മാര്‍ രംഗത്തുണ്‌ടാവും. വിവിധ പ്രവാസി സംഘടനകളുടെ മൂവായിരത്തോളം വോളന്റിയര്‍മാരാണ്‌ ഇത്തവണ മിനായില്‍ സേവനത്തിലുള്ളത്‌. മദീന സന്ദര്‍ശനത്തിലുള്ള മുഴുവന്‍ തീര്‍ത്ഥാടകരും ഹജ്ജില്‍ പങ്കെടുക്കാനായി കഴിഞ്ഞദിവസം മക്കയിലെത്തിയിട്ടുണ്‌ട്‌.
മുപ്പതുലക്ഷത്തോളം തീര്‍ത്ഥാടകരാണ്‌ ഈ വര്‍ഷം ഹജ്ജിനായി പുണ്യഭൂമിയിലെത്തിയത്‌. മിനായില്‍ താമസിക്കുന്ന ഹാജിമാര്‍ക്കു തീപ്പിടിക്കാത്ത അത്യാധുനികസംവിധാനമുള്ള തമ്പുകളാണ്‌ ഒരുക്കിയത്‌.
മിനായില്‍ ഒറ്റപ്പെടാനും വഴിതെറ്റാനും സാധ്യതയുള്ളതിനാല്‍ അവിടെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ ലൈന്‍ ആരംഭിച്ചിട്ടുണെ്‌ടന്ന്‌ വോളന്റിയര്‍ കോ–ഓഡിനേറ്റര്‍ അറിയിച്ചു