ഹജ്ജ് ക്യാമ്പിന് സമാപനം; ഹജ്ജ് കമ്മിറ്റി വഴി മക്കയില്‍ എത്തിയത് 8817 പേര്‍

കൊണ്ടോട്ടി: അവസാന തീര്‍ത്ഥാടകരെയും പുണ്യഭൂമിയിലേക്ക് യാത്രയാക്കിയതോടെ ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് സമാപനമായി. രാവിലെ 9നു പുറപ്പെട്ട സംഘത്തില്‍ 286 പേരുണ്ട്. വെയ്റ്റിങ് ലിസ്റ്റില്‍ പുതുതായി അവസരം ലഭിച്ചവരും ഗവണ്‍മെന്റ് ക്വാട്ടയില്‍ തിരഞ്ഞെടുത്ത 33 പേരുമാണ് ഇതില്‍ കൂടുതല്‍. 168 സ്ത്രീകളും 126 പുരുഷന്‍മാരുമാണ്. ഇതോടെ 8817 പേര്‍ ഹജ്ജ് കമ്മിറ്റി വഴി മക്കയില്‍ എത്തി. മൂന്ന് പേര്‍ മക്കയില്‍ മരണപ്പെട്ടു. അബ്ദുല്‍ ഹയ്യ് തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഒരു പരാതികളും ആക്ഷേപങ്ങളുമില്ലാതെ  യും പോരയ്മക്കു ഇടം കൊടുക്കാതെയാണ് ഈ വര്‍ഷത്തെ ക്യാമ്പ് പൂര്‍ത്തീകരിച്ചത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ 15 ദിവസം പൂര്‍ണ്ണമായും ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള സേവനത്തിനായി മാറ്റിവെച്ചു. 9000ത്തോളം തീര്‍ത്ഥാടകരും ഒരു ലക്ഷത്തോളം സന്ദര്‍ശകരും ക്യാമ്പിലെത്തിയിരുന്നു. 166 പുരുഷന്മാരും 85 സ്ത്രീകളും വളണ്ടിയര്‍മാരായി സേവനത്തിനുണ്ടായിരുന്നു. 80 കഴിഞ്ഞവരും കൂട്ടത്തിലുണ്ടായിരുന്നു. പ്രായം മറന്ന് 15 ദിവസം ഹാജിമാര്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു ഇവരും. ഭക്ഷണ കമ്മിറ്റിയും കെ. മുഹമ്മദുണ്ണി ഹാജിയുടെ നേതൃത്വത്തില്‍ വെള്ളവും വെളിച്ചവും കമ്മിറ്റിയും ട്രാന്‍സ്‌പോര്‍ട്‌സ് കമ്മിറ്റിയും വിവിധ വകുപ്പുകളും ചിട്ടയായ പ്രവര്‍ത്തനം നടത്തി സേവനത്തിന് മാതൃക കാണിച്ചു.
നേരത്തെ തന്നെ ഹജ്ജ് ട്രൈനര്‍മാരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കിയത് ഇത്തവണ ഹാജിമാര്‍ക്ക് ആശ്വാസമായി. യാത്ര സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ നേരത്തെ തന്നെ ട്രൈനര്‍മാര്‍ നല്‍കിയിരുന്നു. ഇതുവഴി ഹാജിമാരുടെ ഒരു ലഗേജും തുറന്ന് കെട്ടേണ്ട സാഹചര്യമുണ്ടായില്ല. ക്യാമ്പിലെ ചെറിയ പോരായ്മകള്‍ പോലും കണ്ടെത്തി നികത്താനും ധന്യമാക്കാനും ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ സദാ ജാഗ്രത പുലര്‍ത്തി. സേവനം ചെയ്ത വളണ്ടിയമാര്‍ക്ക് ചെയര്‍മാന്‍ പ്രത്യേകം അഭിനന്ദമറിയിച്ചു. ഒക്‌ടോബര്‍ 31 മുതല്‍ ആരംഭിക്കുന്ന മടക്കയാത്രക്ക് വിമാനത്താവളത്തില്‍ വളണ്ടിയര്‍ സേവനം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ചെയര്‍മാന്‍ ബാപ്പു മുസ്‌ലിയാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സി.ബി. അബ്ദുല്ല ഹാജി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, ഇ.സി. മുഹമ്മദ് മുജീബ് പുത്തലത്ത് സംബന്ധിച്ചു.