ഈദുല്ഫിത്വര്‍ പാരസ്പര്യം വളര്ത്തുക

കോഴിക്കോട്: മാനവ സമൂഹത്തിന് സ്‌നേഹത്തിന്റെയും, സേവനത്തിന്റെയും ഉന്നത മാതൃകകള്‍ നല്‍കി പെരുന്നാള്‍ സുദിനം പാരസ്പര്യത്തിന് ശക്തിപകരാന്‍ പൂര്‍വ്വാധികം ശ്രദ്ധയോടെ ആഘോഷി ക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹീം മുസ്‌ലിയാര്‍ എന്നിവര്‍ പുറപ്പെടുവിച്ച പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. ത്യാഗത്തിനും, സമര്‍പ്പണത്തിനും മൂര്‍ത്ത ഭാവങ്ങള്‍ സമര്‍പ്പിച്ച വൃതകാലം വഴി നേടിയ വിശുദ്ധി ഉന്നതമാക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ടി.കെ.എം. ബാവ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ എന്നിവര്‍ പെരുന്നാള്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

പെരുന്നാളിന്റെ പൊരുളറിഞ്ഞ് പ്രവര്‍ത്തിക്കാനും തതനുസരിച്ചുള്ള ആഘോഷങ്ങളാക്കാനും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ: കെ. ആലിക്കുട്ടി മുസ്‌ലിയാരും, കടമകള്‍ നിര്‍വ്വഹിക്കാനുള്ള കരുത്തുനേടാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ട് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ നദ്‌വി എന്നിവരും പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

വൈജ്ഞാനിക മണ്ഡലങ്ങളില്‍ വ്യാപൃതരായി മാനവ സമൂഹത്തിന് ദിശാബോധം നല്‍കാന്‍ എസ്.കെ.എസ്.എസ്.എഫ്. പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി ഓണംപള്ളി എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. മലിനവും കളങ്കപൂര്‍ണ്ണവുമായ പൊതു സമൂഹത്തില്‍ നിന്ന് അകളങ്കവും, വിശുദ്ധിയുമുള്ള ജനപഥങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ പെരുന്നാള്‍ നമ്മോടാവശ്യപ്പെടുന്നതായി എസ്.കെ.എം.ഇ.എ. പ്രസിഡണ്ട് ഡോക്ടര്‍ യു.വി.കെ. മുഹമ്മദ്, ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.  ആഘോഷങ്ങള്‍ നന്മയിലാവുകയെന്ന ഉദാത്ത മൂല്യം പെരുന്നാള്‍ ഉയര്‍ത്തുന്നതായി സുന്നി ബാലവേദി പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ഈദ് സന്ദേശത്തിലൂടെ പറഞ്ഞു.