കോഴിക്കോട്: വ്രതാനുഷ്ഠാനങ്ങളുടെ പുണ്യം നിറഞ്ഞ ദിനരാത്രങ്ങള്‍ക്കൊടുവില്‍ വിശ്വാസികള്‍ ചെറിയപെരു ന്നാള്‍ ആഘോഷിച്ചു. നാടെങ്ങും പെരുന്നാള്‍ ദിനത്തിലെ പ്രത്യേക നമസ്‌കാരത്തിനായി ജനം ഒഴുകിയെത്തി പുതുവസ്ത്രങ്ങളണിഞ്ഞ്, സുഗന്ധദ്രവ്യങ്ങള്‍ പൂശി, നഗരത്തിരക്കിലേക്കിറങ്ങി അവര്‍ ആഘോഷത്തിന് മാറ്റുകൂട്ടി. ബന്ധുഗൃഹസന്ദര്‍ശനം നടത്തി, ആശംസകള്‍ കൈമാറി, ഒരുമാസം കൊണ്ടാര്‍ജിച്ച വ്രതപുണ്യത്തിന് വിശ്വാസികള്‍ തിളക്കം കൂട്ടി അവര്‍ പരമകാരുണികന്റെ അനുഗ്രഹം തേടി.
മസ്ജിദുകളിലെ പെരുന്നാള്‍ നമസ്‌കാരത്തിലും ഖുതുബാ പ്രഭാഷണത്തിലും ഏറെ വിശ്വാസികള്‍ പങ്കുകൊണ്ടു. ചെറിയപെരുന്നാള്‍ ഉറപ്പിച്ച ശനിയാഴ്ച സന്ധ്യ മുതല്‍ പാവപ്പെട്ടവര്‍ക്കുള്ള സക്കാത്ത് വിതരണവും സജീവമായിരുന്നു. സ്‌നേഹവും സൗഹാര്‍ദവും സുദൃഢമാക്കുന്നതിനും വ്രതാനുഷ്ഠാ നത്തിലൂടെ കൈവന്ന ആത്മീയചൈതന്യം തുടര്‍ജീവിതത്തില്‍ നിലനിര്‍ത്തുന്നതിനുമുള്ള ബാധ്യത ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ഖത്തീബുമാരുടെ പ്രഭാഷണങ്ങള്‍.