തിരുവനന്തപുരം : കേരളീയ സമൂഹത്തില്‍ ആത്മീയ വേഷം ചമഞ്ഞ് മുസ്ലിം സമുദായത്തിന്റെ അനിഷേധ്യ നേതൃത്വത്തെ വെല്ലുവിളിക്കും വിധം പാണക്കാട് കുടുംബത്തെക്കാള്‍ ഉയരാന്‍ ശ്രമിക്കുന്നത് ശുദ്ധ മൗഢ്യമാണെന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു. കേരളീയ സമൂഹത്തില്‍ പാണക്കാട് കുടുംബത്തിനുള്ള മേല്‍ക്കോയ്മ ചരിത്രം സമ്മതിച്ചതാണെന്നും അത് തിരുത്താന്‍ മാത്രം ആരും വളര്‍ന്നിട്ടില്ലെന്നും അത്തരം പാഴ്വേലകള്‍ക്ക് ശ്രമിക്കുന്നത് കേരളത്തിലെ ധാര്‍മിക അന്തരീക്ഷത്തെ തകര്‍ക്കാനേ സഹായിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ് എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന് കഴിഞ്ഞ പതിനെട്ടിന് മംഗലാപുരത്ത് നിന്നും തുടങ്ങിയ വിമോചനയാത്രയുടെ തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.