കൂരിയാട്:(വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍): ആശയപരമായ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാ തെ ഉറച്ചുനില്‍ക്കുമ്പോഴും മുസ്‌ലിംസമുദായത്തിലെ ഐക്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണമെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്ത 85ാം വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരീഅത്ത്, ബാബരി മസ്ജിദ് വിഷയങ്ങളിലെല്ലാം സമസ്ത മുഴുവന്‍ സമൂഹത്തിനും മാതൃക കാണിച്ചിട്ടുണ്ട്. രാജ്യത്തിന്റ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ ഓരോ മുസ്‌ലിമിനും ബാധ്യതയുണ്ട്. പ്രസ്ഥാനത്തിനുള്ളിലും വിശ്വാസികള്‍ തമ്മിലും ഐക്യം തകരാതെ സൂക്ഷിക്കണം- തങ്ങള്‍ ആഹ്വാനംചെയ്തു. ഭീകരവാദ ത്തിന്റെ വഴിയും പ്രവാചകന്റെ പേരില്‍ കൊണ്ടുവന്ന വ്യാജ മുടിയും ഉപയോഗപ്പെടുത്തി ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിനെ സമസ്ത പ്രതിരോധിക്കും.
സമസ്ത ഒന്നേയുള്ളൂ. ഈ പ്രസ്ഥാനത്തിന്റെ പേരില്‍ ആരൊക്കെ രംഗത്തുവന്നാലും അതെല്ലാം വ്യാജവും സമൂഹം അവജ്ഞയോടെ പടിക്കുപുറത്താക്കുന്നതുമാണ്. സമസ്തക്കാര്‍ ഭൗതിക രാഷ്ട്രീയ ത്തിന്റെ ലാഭനഷ്ടം നോക്കി നടക്കുന്നവരല്ല. സമുദായത്തിന്റെ അന്തസ്സിനു വേണ്ടിയുള്ളതാവും സമസ്തയുടെ നയങ്ങള്‍- അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ വിവിധ പുരസ്‌കാരങ്ങള്‍ വിതരണംചെയ്തു. ശതാബ്ദിയുടെ ഭാഗമായി 10 പദ്ധതികള്‍ പ്രഖ്യാപിച്ചു. മഹല്ല് സംവിധാനം കാര്യക്ഷമമാക്കുക, ദര്‍സ് കോ-ഓഡിനേഷന്‍ കൗണ്‍സില്‍, മുഅല്ലിം ശാക്തീകരണം, സമസ്തയുടെ മുഖപത്രം പുറത്തിറക്കല്‍, പ്രവര്‍ത്തനം ദേശീയതലത്തിലേക്കു വ്യാപിപ്പിക്കുക, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുക, വനിതാ-ശിശു ശാക്തീകരണം തുടങ്ങിയവയാണു പദ്ധതികള്‍.
ഇന്നലെ രാവിലെ നടന്ന മുഅല്ലിം സംഗമം ദാറുല്‍ ഹുദാ ഇസ്്‌ലാമിക് സര്‍വകലാശാല വി.സി ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്്‌വി ഉദ്ഘാടനം ചെയ്തു. മൂസക്കുട്ടി ഹസ്രത്ത്, ഓണമ്പള്ളി മുഹമ്മദ് ഫൈസി, കൊട്ടപ്പുറം അബ്ദുല്ല, മുസ്തഫ ഹുദവി ആക്കോട്, എസ് വി മുഹമ്മദലി, സാലിം ഫൈസി കൊളത്തൂര്‍ സംസാരിച്ചു.
പ്രവാസി സെഷന്‍ ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനംചെയ്തു. ഇസ്മായില്‍ കുഞ്ഞു ഹാജി, ഡോ. അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍ വിഷയം അവതരിപ്പിച്ചു. കുട്ടികള്‍ക്കായി നടത്തിയ കുരുന്നുകൂട്ടം അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ഷാഹുല്‍ ഹമീദ് മേല്‍മുറി, യു സി രാമന്‍ സംസാരിച്ചു.