സുന്നി മഹല്ല് ഫെഡറേഷന്‍ സമസ്ത സമ്മേളന പ്രചാരണജാഥ 16ന് തുടങ്ങും

കാസര്‍കോട്: സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത 85-ാം വാര്‍ഷിക സമ്മേളന പ്രചാരണജാഥ ഫിബ്രവരി 16, 17 തീയതികളില്‍ പര്യടനം നടത്തും. സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ വാര്‍ഷിക സമ്മേളനം വേങ്ങര കുരിയാട്ട് നടത്തുന്നതിന് മുന്നോടിയായാണ് സന്ദേശയാത്ര നടത്തുന്നതെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.

16ന് രാവിലെ 10 മണിക്ക് കാലിക്കടവില്‍ പാണക്കാട് സയ്യിദ് അബാസ് അലി ശിഹാബ് തങ്ങള്‍ സന്ദേശയാത്ര ഉദ്ഘാടനം ചെയ്യും. ചെര്‍ക്കളം അബ്ദുള്ള ജാഥാക്യാപ്റ്റനും പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ. വൈസ് ക്യാപ്റ്റനും മെട്രോ മുഹമ്മദ് ഹാജി ഡയറക്ടറുമായിരിക്കും. 12 മണിക്ക് നീലേശ്വരം, 2.30ന് കാഞ്ഞങ്ങാട് മടിയന്‍, 3.30ന് ബേക്കല്‍, 4.30ന് കോട്ടിക്കുളത്ത് സമാപനം. 16ന് പിണങ്ങോട് അബൂബക്കര്‍ മൗലവി എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും പ്രസംഗിക്കും.

17ന് രാവിലെ 10 മണിക്ക് മഞ്ചേശ്വരം, 1.30ന് കുമ്പള, 3ന് ബദിയടുക്ക, 4ന് തളങ്കര മാലിക് ദിനാര്‍ ജുമാമസ്ജിദ് പരിസരത്ത് സമാപനം. 17ന് എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍ പ്രസംഗിക്കും. സമസ്ത വാര്‍ഷിക സമ്മേളനത്തിന് 400 വാഹനങ്ങളിലായി സമസ്ത യുടെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തകര്‍ സംബന്ധിക്കും.
സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ., ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, ജോയിന്റ് സെക്രട്ടറി ഇബ്രാഹിം മുണ്ട്യത്തടുക്ക എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.