തിരൂരങ്ങാടി : അന്താരാഷ്‌ട്ര ഇസ്‌ലാമിക് കോണ്‍ഫ്രന്‍സില്‍ സംബന്ധിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ വിദേശ പ്രതിനിധികള്‍ക്ക് ദാറുല്‍ ഹുദാ കാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ ഊഷ്‌മള സ്വീകരണം. വൈവിധ്യവും മനോഹാരിതവുമായ കേരളത്തിന്റെ വിവിധ മാപ്പിള കലാപരിപാടികളുടെ ദൃശ്യവിരുന്നൊരുക്കിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിനിധികളെ സ്വീകരിച്ചത്. ദഫ് പ്രോഗ്രാമിന്റെയും മറ്റും അകമ്പടിയോടെ കാമ്പസിലെത്തിയ പ്രതിനിധികള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് സ്വീകരണ പരിപാടികളൊരുക്കിയത്.
ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സിറ്റിട്യൂഷന്‍ വിദ്യാര്‍ത്ഥികളൊരുക്കിയ ഉത്തരേന്ത്യന്‍ ഖവ്വാലിയും ബുര്‍ദ്ദാ പാരായണവും ഡോക്യുമെന്ററി പ്രദര്‍ശനവും മറ്റു മാപ്പിള കലാരൂപങ്ങളും വേദിയില്‍ അരങ്ങേറി. കേരളത്തില്‍ സംസ്‌കാരിക കലാ രൂപങ്ങളെ നിറസാന്നിധ്യത്തോടെ ആസ്വാദിച്ച സംഘം ലോകത്തിന് ഇത്തരം പരിപാടികളെ കൂടുതല്‍ പരിചയപ്പെടുത്തണമെന്ന അഭ്യാര്‍ത്ഥനയോടെയാണ് വേദി വിട്ടത്.