സമസ്ത 85ാം വാര്‍ഷിക സമ്മേളനം സന്ദേശ യാത്രക്ക് പ്രൗഡോജ്വല തുടക്കം

കന്യാകുമാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 85ാം വാര്‍ഷിക പ്രചാരണ യാത്രക്ക് പ്രൗഡോജ്വല തുടക്കം. സത്യസാക്ഷി കളാവുക എന്ന പ്രമേയവുമായി സമസ്ത സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന സന്ദേശ യാത്ര ക്കാണ് കന്യാകുമാരിയിലെ കുളച്ചലില്‍ തുടക്കമായത്. 
ഉദ്ഘാടന സമ്മേളനം വീക്ഷിക്കാനെത്തിയ നൂറു കണക്കിന് പ്രവര്‍ത്തകരുടെ അധരങ്ങളില്‍ നിന്നുയര്‍ന്ന തക് ീര്‍ ധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ യാത്ര ഉദ്ഘാടനം ചെയ്തു.
പ്രവാചകചര്യ പിന്‍പറ്റി കേരളത്തിലെ മുസ്‌ലിം ജനസാമാന്യത്തിന് സത്യമാര്‍ഗം കാണിച്ച ആധികാരിക പണ്ഡിതസഭ സമസ്ത മാത്രമാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഉദ്ഘാടന സമ്മേളനത്തിന് നേര്‍സാക്ഷ്യങ്ങളാവാന്‍ ഒത്തുകൂടിയ ജനം. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍,പി.പി. ഉമര്‍ മുസ്‌ലി.യാര്‍ കൊയ്യോട്, ഹാജി കെ.മമ്മദ് ഫൈസി, പി.പി. മുഹമ്മദ് ഫൈസി, കെ.എ റഹ്മാനി ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുറഹിമാന്‍ കല്ലായി,റഹ്മത്തുല്ല ഖാസിമി മൂത്തേടം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, പിണങ്ങോട് അബൂ ക്കര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, അബ്ദുസ്സലാം ജലാലി, അബൂസ്വാലിഹ് ഹസ്‌റത്ത്, സൈനുല്‍ ആബിദീന്‍ മളാഹിരി, യഹ്‌യ നിസാമി സംബന്ധിച്ചു.
രാവിലെ 10 മണിക്ക് ആരംഭിച്ച യാത്രക്ക് കേരളാ അതിര്‍ത്തിയായ പാറശ്ശാലയില്‍ ഊഷ്മളവരവേല്‍പ്പ് നല്‍കി. തൂവള്ള വസ്ത്രമണിഞ്ഞ് നിരവധി ബൈക്കുകളിലും വാഹനങ്ങളിലുമായി എത്തിയ പ്രവര്‍ത്തകരാണ് യാത്രയെ പ്രഥമ സ്വീകരണ കേന്ദ്രമായ ബീമാപള്ളിയിലേക്ക് ആനയിച്ചത്.
കണിയാപുരം, ആലംങ്കോട്, കൊല്ലൂര്‍വിള എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കായംകുളത്ത് വന്‍ സമ്മേളനത്തോടെ ആദ്യദിനം സമാപിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ, റഷീദ് ബീമാപള്ളി, ആലംങ്കോട് ഹസ്സന്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ശരീഫ് ദാരിമി കോട്ടയംപ്രസംഗിച്ചു. നാളെ രാവിലെ ഒമ്പതിന് നീര്‍കുന്നത്ത് നിന്ന് പ്രയാണമാരംഭിക്കും. ആലപ്പുഴ, ചെങ്ങനാശ്ശേരി, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ആലുവയില്‍ സമാപിക്കും.