മത-ഭൗതിക സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന് അനിവാര്യം - മുനവ്വറലി തങ്ങള്‍

കൊടുവള്ളി: ധര്‍മബോധം നഷ്ടപ്പെടുകയും ധാര്‍മികമൂല്യങ്ങള്‍ക്ക് വില കല്പിക്കപ്പെടാതിരി ക്കുകയും ചെയ്യുന്ന ഇക്കാലത്ത് മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിലൂടെ ഇത് നേടിയെടുക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കളരാന്തിരി എം.എച്ച്. മദ്രസ ഖത്തര്‍ കമ്മിറ്റി സംഘടിപ്പിച്ച അവാര്‍ഡ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെയര്‍മാന്‍ കെ.പി. കുഞ്ഞോതി അധ്യക്ഷത വഹിച്ചു. എ.പി.എം. ബാവ ജീറാനി മുഖ്യപ്രഭാഷണം നടത്തി. കെ.ഇ.എസ്. ഖത്തര്‍ കമ്മിറ്റിയുടെ പ്രഥമ 'മുഅല്ലിം' അവാര്‍ഡിന് അര്‍ഹനായ പി.കെ. സാജിദ് ഫൈസിക്കും മറ്റ് അവാര്‍ഡ് ജേതാക്കള്‍ക്കും മുനവ്വറലി ശിഹാബ് തങ്ങള്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. 30 വര്‍ഷത്തിലേറെ 'ഖിദ്മ' പ്രസിഡന്റ് സ്ഥാനത്ത് സേവനമനുഷ്ഠിക്കുന്ന സി.പി.കുഞ്ഞായിന്‍കുട്ടി ഹാജിയെ ചടങ്ങില്‍ ആദരിച്ചു.

മഹല്ല് ഖാസി എ.കെ. റഹ്മാന്‍ ഫൈസി, വി.എം. ഉമ്മര്‍ എം.എല്‍.എ, കാരാട്ട് റസാഖ്, എം.അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍, കെ.ടി. ശംഷീര്‍, ഡോ.വി.സി. ഹാരിസ്, ഡോ.എന്‍.കെ. ആശിഖ് അലി, ഡോ.പി.ടി. സുല്‍ഫിക്കര്‍ അലി എന്നിവര്‍ പ്രസംഗിച്ചു. എന്‍.കെ.എ. മജീദ് സ്വാഗതവും പി. മുഹമ്മദ് നന്ദിയും പറഞ്ഞു.