മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷികസമ്മേളനം പ്രമാണിച്ച് നടത്തുന്ന സന്ദേശയാത്രയ്ക്ക് ശനിയാഴ്ച ഒമ്പതിന് പാണക്കാട്ട് തുടക്കമാകുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളന സ്വാഗതസംഘം മുഖ്യരക്ഷാധികാരി പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ജാഥാക്യാപ്റ്റനും സമസ്തസെക്രട്ടറിയുമായ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ക്ക് പതാക കൈമാറുന്നതോടെ ജാഥയ്ക്ക് തുടക്കമാവും.
ജാഥ 23ന് കന്യാകുമാരിയിലെ കുളച്ചലില്‍ തുടങ്ങി ഫിബ്രവരി രണ്ടിന് മംഗലാപുരത്ത് സമാപിക്കും. ജാഥ 23ന് ഒന്‍പതുമണിക്ക് കുളച്ചലില്‍ സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തമിഴ്‌നാട്ടിലെ കന്യാകുമാരി, നീലഗിരി ജില്ലകളിലും കര്‍ണാടകയിലെ തെക്കന്‍ കന്നട, കൊടക് ജില്ലകളിലുമായി 61 കേന്ദ്രങ്ങളില്‍ ജാഥയോടനുബന്ധിച്ചുള്ള പൊതുസമ്മേളനങ്ങള്‍ നടക്കും. ഓരോ ജില്ലയിലും 85 വളണ്ടിയര്‍മാര്‍ ജാഥയെ അനുഗമിക്കും.
സമസ്ത വാര്‍ഷികസമ്മേളനം ഫിബ്രവരി 23 മുതല്‍ 26 വരെ വേങ്ങരയിലെ കൂരിയാടാണ് നടക്കുക.
പത്രസമ്മേളനത്തില്‍ സമസ്ത വൈസ് പ്രസിഡന്റ് എം. ടി. അബ്ദുള്ള മുസ്‌ലിയാര്‍, സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, ഹാജി . കെ. മമ്മദ്‌ഫൈസി, കെ.എ. റഹ്മാന്‍ ഫൈസി എന്നിവര്‍ പങ്കെടുത്തു.