പട്ടിക്കാട്: സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം -അബ്ദുറബ്ബ്

പട്ടിക്കാട്: സമസ്ത നിര്‍വഹിക്കുന്ന നവോത്ഥാന സംരംഭങ്ങള്‍ ശ്ലാഘനീയമാണെന്ന് മന്ത്രി അബ്ദുറബ്ബ്. കേരള മുസ്‌ലിം ജനതയെ തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കാന്‍ അവ സഹായി ച്ചെന്നും അദ്ദേഹം പറഞ്ഞു. പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജിന്റെ 49-ാം വാര്‍ഷിക 47-ാം സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന 'സമകാലികം' സെഷന്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 അറബിയടക്കമുള്ള പൗരസ്ത്യ ഭാഷകള്‍ക്കായുള്ള ഒരു സര്‍വകലാശാല പരിഗണനയിലുണ്ടെന്നും അത് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ത്വരപ്പെടുത്തുമെന്നും വിദ്യഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു.
മദ്രസ്സ നവീകരണ പദ്ധതി വ്യാപകമായി നടപ്പാക്കാന്‍ മദ്രസ്സകള്‍ രംഗത്ത് വരണമെന്നും ഈ വിഷയത്തില്‍ ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അറബി ഭാഷയുടെ വളര്‍ച്ച കൂടി ലക്ഷ്യമാക്കി പൗരസ്ത്യ ഭാഷ സര്‍വ്വകലാശാല തുടങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും. മദ്രസ്സ നവീകരണ പദ്ധതിയിലേക്ക് പുസ്തകം വാങ്ങുന്നത് സംബന്ധിച്ച് ബുക്മാര്‍ക്ക് നടത്തുന്ന പ്രചാരണങ്ങളില്‍ മദ്രസ്സ ഭാരവാഹികള്‍ വഞ്ചിതരാവരുതെന്നും മദ്രസ്സകള്‍ക്ക് ഇഷ്ടമുള്ള സ്ഥാനപനത്തില്‍ നിന്ന് പുസ്തകം വാങ്ങാന്‍ അനുവദിച്ചു കൊണ്ടുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ..
 

സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്തയും ഇന്ത്യയിലെ പ്രബോധന പ്രവര്‍ത്തനങ്ങളും എന്ന വിഷയം എം.എ മുഹമ്മദ് ഫൈസി ഓണമ്പിള്ളി അവതരിപ്പിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍, മുസ്തഫ ഫൈസി, ചന്ദ്രിക അസോസിയേറ്റഡ് എഡിറ്റര്‍ സി.പി. സൈതലവി സാഹിബ് എന്നിവര്‍ പ്രസംഗിച്ചു. എസ്.എം ജിഫ്രി തങ്ങള്‍ കക്കാട്, മൊയ്തീന്‍ ഫൈസി പുത്തനഴി, മെട്രൊ മുഹമ്മദ് ഹാജി സംബദ്ധിച്ചു.സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍ സ്വാഗതവും ഇല്‍യാസ് കാളാവ് നന്ദിയും പറഞ്ഞു.