കരുവാരകുണ്ട്: മത ഭൗതികരംഗത്തെ മികച്ച പ്രസ്ഥാനമാണ് ദാറുന്നജാത്തെന്നും അതിന്റെ സ്ഥാപക നേതാവായ കെ.ടി. മാനു മുസ്‌ലിയാര്‍ ലാളിത്യജീവിതത്തിലടിയുറച്ച മഹത്‌വ്യക്തി യായിരുന്നെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ പറഞ്ഞു.
ദാറുന്നജാത്തിന്റെ 36-ാം വാര്‍ഷിക സമ്മേളനത്തിന്റെയും കെ.ടി. മാനു മുസ്‌ലിയാര്‍ അനുസ്മരണത്തിന്‍േറയും രണ്ടാംദിനം ആദര്‍ശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. പി. സൈതാലി മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, മൊയ്തീന്‍ഫൈസി പുത്തനഴി, അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, മുസ്തഫ അഷ്‌റഫി കക്കുംപടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദാറുന്നജാത്തിന് വേണ്ടി സൗദി അറേബ്യയില്‍ നടത്തിയ കെ.ടി. മാനു മുസ്‌ലിയാരുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കിയ 'കഥ പറയുന്ന വഴിയോരങ്ങള്‍' എന്ന പുസ്തകം പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ദാറുന്നജാത്ത് ജിദ്ദാകമ്മിറ്റി വൈസ് പ്രസിഡന്റ് എ.ടി. സൈനുദ്ദീന് നല്‍കി പ്രകാശനം ചെയ്തു. സലാം ഫൈസി ഇരിങ്ങാട്ടിരി പുസ്തകം പരിചയപ്പെടുത്തി.
മൂന്നാംദിനമായ ശനിയാഴ്ച രാവിലെ 9.30 മുതല്‍ 3.30 വരെ ഖുര്‍ആന്‍ ചരിത്രപഠനം സ്ത്രീകള്‍ക്കു മാത്രമായി നടക്കും. രാവിലെ 10 മണിക്ക് മഹല്ല് സംഗമം, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. സൈതാലിക്കുട്ടി ഉദ്ഘാടനംചെയ്യും. വൈകീട്ട് ഏഴിന് കലാനിശയും നടക്കും