ഹദീസ് നിഷേധം: മുജാഹിദുകള് ആടിയുലയുന്നു

ആരാധനക്കും പ്രാര്‍ത്ഥനക്കും പുത്തന്‍നിര്‍വചനം പടച്ചുണ്ടാക്കുകയും അതിനായി കല്‍പിത ന്യായങ്ങള്‍മെനഞ്ഞുണ്ടാക്കുകയും ചെയ്‌ത മുജാഹിദ്‌ പ്രസ്ഥാനം ജിന്ന്‌ ബാധയേറ്റ്‌ തകരുമ്പോള്‍ സ്വത്വം നിലനിര്‍ത്താന്‍ ഹദീസ്‌ നിഷേധം നടത്തുകയാണ്‌ അതിന്റെ ആചാര്യന്മാര്‍. നിലനില്‍പ്‌ അവരെ സംബന്ധിച്ചേടത്തോളം ശ്രമകരമായിക്കഴിഞ്ഞു.

മരം നടലും ഖുനൂതിലെ അഴകൊഴമ്പന്‍ നിലപാടും ചില സംഘടനാ പ്രശനങ്ങളും പുരാതന വഹാബീ നിര്‍വചനത്തില്‍ പിടിച്ചുനില്‍ക്കലും സലാം സുല്ലമിയോടുള്ള സമീപനങ്ങളുമൊക്കെ ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലുള്ള ഒരു ഗ്രൂപ്പിനെ മാറ്റി നിര്‍ത്താന്‍ കാരണമായി പറഞ്ഞവര്‍ ഏറ്റവും വലിയ ആയുധമായി എഴുന്നള്ളിച്ചത്‌ സലാം സുല്ലമിയുടെ ഹദീസ്‌ നിഷേധം ആയിരുന്നു.
പ്രാമാണികമായി മുസ്‌ലിം സമൂഹം ബഹുമാനപൂര്‍വ്വം കണ്ടുവന്നിരുന്ന സ്വഹീഹുല്‍ ബുഖാരിയുടക്കമുള്ള ഗ്രന്ഥങ്ങളെ വളരെ നിസാരവല്‍കരിച്ച്‌ തള്ളിക്കളയുന്ന സലാംസുല്ലമിയുടെ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി,അദ്ദേഹം ചേകനൂരിസത്തിലേക്കാണ്‌ പോകുന്നതെന്ന്‌ സകരിയ്യാ സ്വലാഹിയെപ്പോലുള്ള ചിലര്‍ ആരോപിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ മുജാഹിദ്‌ പ്രസ്ഥാനം തന്നെ അത്തരം ഹദീസ്‌ നിഷേധമെന്ന ചെപ്പടിവിദ്യയില്‍ കൂടിയാണ്‌ ഇവിടെ നട്ടുപിടിപ്പിക്കാന്‍ പൂര്‍വ്വിക വഹാബികള്‍ മെനക്കെട്ടത്‌ എന്നവര്‍ മറന്നു. തിരുനബ(സ്വ)യുടെ ആത്മാര്‍ത്ഥ പൂര്‍ണമായ അദ്ധ്യാപനങ്ങളെ തമസ്‌കരിച്ചില്ലായിരുന്നുവെങ്കില്‍ ബ്രിട്ടീഷ്‌ കൊളോണിയലിസ്റ്റ്‌ വിത്തായ ഇബ്‌നു അബ്ദുല്‍ വഹാബിന്റെ പ്രസ്ഥാനം ഇവിടെ ജനിക്കില്ലായിരുന്നു. യഥാര്‍ത്ഥത്തില്‍ മുജാഹിദ്‌ പ്രസ്ഥാനത്തെ ഇക്കണ്ടകാലം ഇവിടെ പിടിച്ചു നിര്‍ത്തിയത്‌ അവരുടെ പ്രത്യക്ഷവും പരേക്ഷവുമായ ഹദീസ്‌ നിഷേധമായിരുന്നു. അത്‌ മറച്ചുവെച്ചുകൊണ്ടാണിപ്പോള്‍ ഇരുഗ്രൂപ്പുകളും ഹദീസ്‌ നിഷേധികളെന്ന്‌ പരസ്‌പരം ആരോപിക്കുന്നത്‌.

അന്ധവിശ്വാസത്തിലേക്കൊരു പിന്‍വിളി എന്ന മഞ്ഞ പുസ്‌തത്തിലൂടെ പുതിയ വിവാദത്തിന്‌ തുടക്കമിട്ട ഐ.എസ്‌.എം. സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം കെ.കെ.പി. അബ്ദുല്ലയെ കുരുക്കാന്‍ സക്കരിയ്യാക്കള്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണിപ്പോള്‍. അബ്ദുല്ലയുടെ മെമ്പര്‍ഷിപ്പ്‌ പോലും വിവാദത്തിലാണത്രെ. അയാള്‍ക്ക്‌ മെമ്പര്‍ഷിപ്പിന്‌ വേണ്ടി ശുപാര്‍ശ ചെയ്‌തത്‌ പ്രൊഫ. അബ്ദുവാണ്‌. കെ.എന്‍.എമ്മിന്‌ നിരക്കാത്ത നിലയില്‍ ഹദീസ്‌ നിഷേധം പ്രകടിപ്പിക്കുന്ന ഇദ്ദേഹത്തിന്‌ മെമ്പര്‍ഷിപ്പ്‌ നല്‍കുവാന്‍ പ്രാദേശിക നേതൃത്വം തയ്യാറാവാതിരുന്നപ്പോള്‍ അബ്ദുവിന്റെ ഇടപെടല്‍ ഉണ്ടാവുകയായിരുന്നുവെന്നാണ്‌ അറിയുന്നത്‌. പ്രൊഫ. അബ്ദു കെ.എന്‍.എം. ക്യാമറമാന്‍ ആയ സിദ്ദീഖിന്‌ മെമ്പര്‍ശിപ്പ്‌ നല്‍കാന്‍ ശുപാര്‍ശ ചെയ്‌തതിന്റെ പേരില്‍ കോടതിയില്‍ കേസ്‌ പോലും നേരിടുന്നുണ്ട്‌. അബ്ദു, ടി.പി. അബ്ദുല്ലക്കോയ മദനി, എ.പി. അബ്ദുല്‍ ഖാദിര്‍ മൗലവി, സിദ്ദീഖ്‌ എന്നിവര്‍ക്കെതിരെ പ്രദേശിക കെ.എന്‍.എം. നേതൃത്വം കേസ്‌ കൊടുക്കുകയും അനുകൂലവിധി സമ്പാദിക്കുകയും ചെയ്‌തു കഴിഞ്ഞു.

കെ.സി. അബൂബക്കര്‍ മൗലവിയുടെ പുത്രനായ നിഅ്‌മത്തുല്ല ഫാറൂഖിയും എസ്‌.എല്‍.ആര്‍.സിയുടെ കെ.വി. അബ്ദുല്‍ ലത്വീഫ്‌ മൗലവിയും ഡോ. ബശീര്‍ കണ്ണൂരും പുതിയ ചേരിയില്‍നിന്ന്‌ ഹദീസ്‌ നിഷേധത്തിന്‌ ശ്രമിക്കുന്നതായാണ്‌ ആരോപണം. ഇതിന്ന്‌ കരുത്ത്‌ പകരാന്‍ ഔദ്യോഗിക നേതൃത്വം ശ്രമിക്കുന്നതിന്റെ പേരിലാണ്‌ നിലക്കാത്ത കലമ്പല്‍ ഉയരുന്നത്‌.

ഹദീസ്‌ നിഷേധം മുജാഹിദുകള്‍ക്ക്‌ ഒരു കാലത്തും പുത്തരിയായിട്ടില്ല. ഇവരുടെ ആദ്യരൂപമായ മുഅ്‌തസിലത്തും ഇതേ രൂപത്തില്‍ തന്നെയാണ്‌ സഞ്ചിരിച്ചിരുന്നത്‌. ഇബ്‌നു അബ്ദുല്‍ വഹാബും കെ.എം. മൗലവിയും ഇതേ രൂപം സ്വീകരിച്ചവരാണ്‌. ഈ പാത ആധുനിക മുജാഹിദ്‌ പണ്ഡിതരും സ്വീകരിച്ചിട്ടുണ്ട്‌. എ.പി. അബ്‌ദുല്‍ ഖാദിര്‍ മൗലവിയും സകരിയ്യാ സ്വലാഹിയും അബ്ദുസ്സലാം സുല്ലമിയും ഇതില്‍നിന്ന്‌ വിഭിന്നരല്ല. ഇരു വിഭാഗങ്ങളായി വേറിട്ടു പോയതിന്‌ ശേഷം ജിന്നുപിശാച്‌ വാദത്തില്‍ മാത്രമല്ല, മറ്റ്‌ ചില വിഷയങ്ങളിലും ഈ ആരോപണ പ്രത്യാരോപണങ്ങള്‍ ചെന്ന്‌ തറക്കുന്നുണ്ട്‌. മുസ്‌ലിം ബഹുഭൂരിപക്ഷത്തെ കാഫിറുകളാക്കാന്‍ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ തങ്ങള്‍ക്ക്‌ നേരെ തിരിഞ്ഞുകുത്തുകയും നാളിതുവരെ സമൂഹത്തിന്‌ മുമ്പില്‍ പറഞ്ഞത്‌ അബദ്ധമാണെന്ന്‌ ബോധ്യപ്പെടുകയും ചെയ്‌തിട്ടും സംഘടനാ പരമായ ദുരഭിമാനം മാത്രമാണ്‌ അവരെ പലതും തുറന്നുപറയുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തുന്നത്‌.

അടങ്ങാത്ത വിവാദങ്ങള്‍
ഇപ്പോള്‍ ഹദീസ്‌ നിഷേധ ആരോപണം സുല്ലമിയില്‍ നിന്നുമാറി, ഔദ്യോഗിക പക്ഷത്തെ ഉന്നതരിലേക്കാണ്‌ തിരിഞ്ഞിരിക്കുന്നത്‌. തങ്ങളുടെ പണ്ഡിത സഭാ കാര്യദര്‍ശികൂടിയായ അബ്‌ദുറഹ്മാന്‍ സലഫി അടക്കമുള്ളവര്‍ സലാം സുല്ലമിയുടെ ഹദീസ്‌ നിഷേധത്തിലേക്കാണ്‌ പോകുന്നതെന്ന്‌ യുവപണ്ഡിതര്‍ ആരോപിക്കുന്നു. ഇവിടെ ഇപ്പോള്‍ സലഫിയും സ്വലാഹിയും തമ്മിലാണ്‌ ഏറ്റുമുട്ടല്‍. സകരിയ്യാ സ്വലാഹിയും യുവതുര്‍ക്കികളും എഴുതിവിട്ട അസ്‌ത്രങ്ങള്‍ തല്‍കാലത്തേക്ക്‌ നേതൃത്വം കണ്ണുരുട്ടിയപ്പോള്‍ മാറ്റിവെച്ചിരുന്നു. തന്റെ `ഗവേഷണം' തുടരുന്നതിനനുസരിച്ച്‌ സ്വാലിഹിക്ക്‌ ഇരുപ്പറക്കാതായി. അദ്ദേഹം പിന്നെയും തന്റെ ശ്രദ്ധയില്‍പ്പെട്ട ഹദീസുകള്‍ ഉറക്കെപറയാന്‍ തുടങ്ങി. ഇബ്‌നു തീമിയും ഫൗസാനും അല്‍ബാനിയും ഇബ്‌നു ബാസും ഒക്കെ ഉദ്ദരിക്കപ്പെട്ടു. നാം ആരുടെയും മുഖല്ലിദുകളല്ല. ശൈഖ്‌ മുഹമ്മദ്‌ മൗലവിയും കെ.പി. മുഹമ്മദ്‌ ബ്‌നു അഹ്‌മദും ഉസ്‌മാന്‍ സാഹിബും പറഞ്ഞിട്ടുണ്ടോ എന്ന്‌ നോക്കിയാല്‍ മതിയത്രെ! അമ്പമ്പോ അപ്പോള്‍ ശൈഖിന്റെയും കെ.പി.യുടെയും ഡോക്ടറുടെയും മുഖല്ലിദുകളാണോ? എന്നാലും കുടുങ്ങുമല്ലോ മുജാഹിദുകളേ, അദൃശ്യമാര്‍ഗത്തിലൂടെ സഹായിക്കാനും ഉപദ്രവിക്കാനും പടച്ച തമ്പുരാന്‌ മാത്രമേ കഴിയുകയുള്ളൂ എന്നാണ്‌ വാദമെങ്കില്‍; പിശാചുക്കള്‍ക്ക്‌ സഹായിക്കാനാവുമെന്ന്‌ ഉസ്‌മാന്‍ ഡോക്ടര്‍ എഴുതിവെച്ചിട്ടുണ്ടല്ലോ? ``മനുഷ്യ ദൈവങ്ങള്‍ക്ക്‌ അവരുടെ കൂട്ടുകാരനായ പിശാചില്‍നിന്ന്‌ ചില ഉപകാരങ്ങള്‍ ലഭിക്കുന്നു.'' (അല്‍മനാര്‍ റമദാന്‍ വിശേഷാല്‍ പതിപ്പ്‌ 1998)

ബിംബങ്ങള്‍ക്കും പ്രതിമകള്‍ക്കും അര്‍പിക്കപ്പെടുന്ന പൂജകളുടെയും നൈവേദ്യങ്ങളുടെയും പേരിലും വാഗ്വാദങ്ങള്‍ നടക്കുകയാണ്‌. വിഗ്രഹങ്ങളില്‍ പിശാച്‌ ആവാഹിച്ചിട്ടുണ്ട്‌. സര്‍വ്വ വിഗ്രഹങ്ങളിലും ശൈത്വാന്റെ ചൈതന്യമുണ്ട്‌ എന്ന്‌ ശംസുദ്ദീന്‍ പാലത്തും ഡോ. സുബൈറും സകരിയ്യാ സ്വലാഹിയും പറയുമ്പോള്‍ ഇതേ വാദം ഡോക്ടര്‍ ഉസ്‌മാനും സല്‍സബീലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. (1997 ഫെബ്രുവരി സല്‍സബീല്‍)
ജിന്നുകളോടും ശൈത്വാനിനോടും ഉപകാരം തേടലും പ്രതീക്ഷിക്കലും അവര്‍ക്ക്‌ അമാനുഷിക- മനുഷ്യന്‌ ചെയ്യാന്‍ കഴിയാത്ത- കഴിവുകള്‍ ഉണ്ട്‌ എന്ന്‌ വിശ്വസിക്കലും ശിര്‍ക്കാണെങ്കില്‍ അത്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ എല്ലാ വാദങ്ങളുടെയും ആസനം ഇളക്കുന്നുവെന്ന ബോധം ഉണ്ടായതിനാലാണല്ലോ ഇപ്പോള്‍ ഔദ്യോഗിക മുജാഹിദ്‌ നേതൃത്വം യുവതുര്‍ക്കികള്‍ക്കെതിരെ തിരിയുന്നത്‌. തങ്ങളുടെ ആശയത്തിലേക്ക്‌ ആ പ്രസ്ഥാനത്തിന്റെ ആളുകളെ അംഗീകരിപ്പിക്കാന്‍ സാധിച്ചത്‌ തങ്ങളുടെ വാദം യഥാര്‍ത്ഥമായതിനാലാണെന്നും അതിന്റെ നിലനില്‍പിനും പ്രചാരണത്തിനും ഏതറ്റംവരെയും പോവാം എന്നും സകരിയ്യയും കൂട്ടരും വാദിക്കുന്നു. ഹദീസുകള്‍വെച്ചുള്ള ഇവരുടെ കളിയെ പ്രതിരോധിക്കാനാകാതെ സ്‌തംഭിച്ചു നില്‍ക്കുകയാണ്‌ നേതൃത്വം. പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍വെച്ച്‌ വിവിധ ചര്‍ച്ചകള്‍ നടന്നിട്ടും മേല്‍കോയ്‌മ കിട്ടാതിരുന്ന വാദം തന്റെ ആസൂത്രിത ഇടപെടല്‍കൊണ്ട്‌ നേതൃത്വത്തെകൊണ്ട്‌ അംഗീകരിപ്പിക്കാന്‍ സകരിയ്യക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.
മടവൂരിനോടുള്ള അകലം കുറയുകയും യുവതുര്‍ക്കികള്‍ക്കെതിരെ പടനയിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്ന മുജാഹിദ്‌ പ്രസ്ഥാനത്തിലെ ഔദ്യോഗിക നേതൃത്വം ഒരു വന്‍ വെല്ലുവിളിക്ക്‌ മുമ്പിലാണ്‌ വിറങ്ങലിച്ചു നില്‍ക്കുന്നത്‌. അബദ്ധജഡില വാദത്തില്‍ ആടിയുലയുന്ന പ്രസ്ഥാനം ആദര്‍ശപരമായി തകര്‍ന്നടിയുന്നു. പടച്ച തമ്പുരാന്റെ സൃഷ്‌ടികളെയും അവര്‍ക്ക്‌ സ്രഷ്‌ടാവ്‌ നല്‍കിയ കഴിവുകളെയും മനസ്സിലാക്കി പൂര്‍വ്വിക മഹത്തുക്കള്‍ കാണിച്ചു തന്ന സത്യസരണിയില്‍ സഞ്ചരിക്കുക മാത്രമാണ്‌ മുജാഹിദുകള്‍ക്ക്‌ കരണീയം. നിഷ്‌പക്ഷമായി ചിന്തിക്കാന്‍ തയ്യാറുള്ളവര്‍ അഹ്‌ലുസുന്നയുടെ യഥാര്‍ത്ഥ വഴിയിലേക്ക്‌ കടന്നുവരും. തീര്‍ച്ച. ദുരഭിമാനം അവര്‍ക്ക്‌ തടസ്സമാവാതിരിക്കട്ടെ.
മുജീബ്‌ ഫൈസി പൂലോട്‌