ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി: ഫൈസാബാദില്‍ ഇന്ന്‌ (6-1-12) തിരശ്ശീല ഉയരും

മലപ്പുറം : ദക്ഷിണേന്ത്യയിലെ അത്യുന്നത ഇസ്‌ലാമിക കലാലയമായ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യഃയുടെ 49-ാം വാര്‍ഷിക 47-ാം സനദ്‌ദാന സമ്മേളനത്തിനും ഗോള്‍ഡന്‍ ജൂബിലി ഉല്‍ഘാടന പരിപാടികള്‍ക്കും ഫൈസാബാദില്‍ ഇന്ന്‌ തിരശ്ശീല ഉയരും. വൈകിട്ട്‌ 3.30ന്‌ ജാമിഅഃ നൂരിയ്യ പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികളുടെ ഔദ്യോഗിക തുടക്കമാവും.

3.45ന്‌ ജാമിഅഃ ഇമാം സയ്യിദ്‌ മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സിയാറത്ത്‌ നടക്കും. 4 മണിക്ക്‌ ജാമിഅഃ ജനറല്‍ സെക്രട്ടറി പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങളുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പ്രഥമ സമ്മേളനം ജാമിഅഃ നിസാമിയ്യ വൈസ്‌ ചാന്‍സലറും ഹൈദരാബാദ്‌ മുഫ്‌തിയുമായ ശൈഖ്‌ മുഫ്‌തി ഖലീല്‍ അഹ്‌മദ്‌ ഉല്‍ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി കെ.സി. വേണു ഗോപാല്‍, അസദുദ്ദീന്‍ ഉവൈസി എം.പി, അലീഗഡ്‌ മുസ്‌ലിം യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ പ്രഫ. പി.കെ. അബ്ദുല്‍ അസീസ്‌ മുഖ്യാതിഥികളായിരിക്കും. അല്‍ മുനീര്‍ പ്രകാശനം നിര്‍മാണ്‍ മുഹമ്മദലി ഹാജിക്ക്‌ കോപ്പി നല്‍കി സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിക്കും. എം.പി മാരായ എം.ഐ. ഷാനവാസ്‌, ഹംദുല്ല സഈദ്‌ ലക്ഷദ്വീപ്‌, എം.എല്‍.എ മാരായ മഞ്ഞളാംകുഴി അലി, സി.പി. മുഹമ്മദ,്‌ മുന്‍ മന്ത്രി എന്‍. സൂപ്പി, പി.വി. അബ്ദുല്‍ വഹാബ്‌, അലിഗഡ്‌ മലപ്പുറം ഡയറക്‌ടര്‍ ഡോ. പി. മുഹമ്മദ്‌ പ്രസംഗിക്കും.

6.30 ന്‌ നടക്കുന്ന `നഹ്‌ള' സെഷന്‍ കേരളത്തിലെ മുസ്‌ലിം നവോത്ഥാന ചരിത്രവും വര്‍ത്തമാനവും ചര്‍ച്ച ചെയ്യും. കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന്‌ അഞ്ച്‌ നൂറ്റാണ്ടിലേറെക്കാലമായി നേതൃത്വം നല്‍കി കൊണ്ടിരിക്കുന്ന യമനിലെ ഹളര്‍മൗത്തില്‍ നിന്നെത്തിയ മഖ്‌ദൂമുമാര്‍, സയ്യിദുമാര്‍, മറ്റു പണ്ഡിത കുടുംബങ്ങള്‍ തുടങ്ങിയവര്‍ കേരളത്തില്‍ നടത്തിയ നവോത്ഥാന ജൈത്രയാത്രകള്‍ ചര്‍ച്ച ചെയ്യുന്ന ``കേരളത്തിന്റെ ഹള്‌റമീ പാരമ്പര്യം'' എന്ന വിഷയം കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി അറബിക്‌ വിഭാഗം തലവന്‍ ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍ അവതരിപ്പിക്കും. കേരളത്തിന്റെ ആധികാരിക മത പണ്ഡിത സഭയായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ കഴിഞ്ഞ 85 വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന, അന്തര്‍ദേശീയ ഇസ്‌ലാമിക സമൂഹത്തിന്‌ തന്നെ മാതൃകയായ മത-സാമൂഹിക-സാംസ്‌കാരിക-വിദ്യഭ്യാസ മുന്നേറ്റങ്ങളെക്കുറിച്ച്‌ ആധികാരികമായി ചര്‍ച്ച ചെയ്യുന്ന ``സമസ്‌ത നവേത്ഥാനത്തിന്റെ 85 ആണ്ടുകള്‍`` എന്ന വിഷയം സമസ്‌ത മാനേജര്‍ പിണങ്ങോട്‌ അബൂബക്കര്‍ അവതരിപ്പിക്കും. കേരള മുസ്‌ലിംകളെ വിശ്വാസ വൈകല്യങ്ങളിലേക്ക്‌ നയിച്ച്‌ തകര്‍ക്കാന്‍ ശ്രമിച്ച അഭിനവ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പൊള്ളത്തരങ്ങള്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്‌ടര്‍ റഹ്‌മത്തുല്ല ഖാസിമി മുത്തേടം അവതരിപ്പിക്കും. കേരളത്തിലെ ധാരാളം ഹള്‌റമീ പണ്ഡിതന്മാരുടെ അമൂല്യ രചനകളുടെ കയ്യെഴുത്ത്‌ പ്രതികള്‍ കണ്ടെത്താനും പ്രചരിപ്പിക്കാനും കഠിനാദ്ധ്വാനം നടത്തികൊണ്ടിരിക്കുന്ന കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി മുന്‍ വൈസ്‌ ചാന്‍സലറും തൃപ്പുണിത്തുറ മാനുസ്‌ക്രിപ്‌റ്റ്‌ റിസോഴ്‌സ്‌ സെന്റര്‍ ഡയറക്‌ടറുമായ ഡോ. കെ.കെ.എന്‍. കുറുപ്പ്‌, കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി വി.സി. ഡോ. എം. അബ്ദുസലാം എന്നിവര്‍ അഥിതികളായിരിക്കും. പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കുന്ന സെഷന്‍ ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി. ഉല്‍ഘാടനം ചെയ്യും.