വാദിഹുദാ വാര്‍ഷിക സമ്മേളനം നാളെ (18-01-12) തുടങ്ങും

താമരശ്ശേരി: ഓമശ്ശേരി വാദിഹുദാ എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ഇസ്‌ലാമിക് സൊസൈറ്റിയുടെ 14-ാം വാര്‍ഷികം ജനവരി 18 മുതല്‍ 22 വരെ നടക്കും. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന വാര്‍ഷികപരിപാടിയുടെ ഭാഗമായി അഞ്ച് കെട്ടിടങ്ങളുടെ ഉദ്ഘാടനം നടക്കും. ഇതോടൊപ്പം വാദിഹുദാ എക്‌സ്‌പോ- 2012 എന്ന പേരില്‍ വിദ്യാഭ്യാസ, കാര്‍ഷിക, വ്യാവസായിക, ശാസ്ത്രസാങ്കേതിക പ്രദര്‍ശനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വാദിഹുദാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ തിരുവനന്തപുരം പ്ലാനറ്റേറിയം, ഐ.എസ്.ആര്‍.ഒ., വനശ്രീ, തപാല്‍വകുപ്പ്, ബി.എസ്.എന്‍.എല്‍., മെഡിക്കല്‍ കോളേജ്, ഖാദിബോര്‍ഡ്, കലിക്കറ്റ് എയര്‍പോര്‍ട്ട് എന്നിവയുടെ സ്റ്റാളുകള്‍ ഉണ്ടാകും. കാര്‍ഷിക വിപണനമേള, മാജിക് ഒരു പഠനം, സംസാരിക്കുന്ന പാവ എന്നിവയും ഒരുക്കും.
18-ന് രാവിലെ 9.30ന് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം വി.എം. ഉമ്മര്‍ എം.എല്‍.എ.യും സ്മാര്‍ട്ട് ക്ലാസ്‌റൂം ഉദ്ഘാടനം മുന്‍ എം.എല്‍.എ. ജോര്‍ജ് എം. തോമസും നിര്‍വഹിക്കും. വൈകിട്ട് 6.30-ന് പ്രാരംഭ സമ്മേളനം സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. വാദിഹുദാ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ് ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ഉസ്താദ് സെയ്ദ് മുഹമ്മദ് നിസാമി മതപ്രഭാഷണം നടത്തും.

19-ന് വൈകിട്ട് 6.30ന് വാദിഹുദാ മസ്ജിദിന്റെ ഉദ്ഘാടനം ഒമാന്‍ സുപ്രീംകോടതി ജഡ്ജി ശെയ്ഖ് അബ്ദുല്‍ജലീല്‍ അഹ്മദ് അല്‍കമാലി നിര്‍വഹിക്കും. പൊതുസമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഓണമ്പള്ളി മുഹമ്മദ് ഫൈസി മതപ്രഭാഷണം നടത്തും. 20-ന് ഉച്ചയ്ക്ക് 2.30-ന് ബഹിരാകാശത്തേക്കൊരു യാത്ര പരിപാടിയില്‍ 'നാസ' റിസോഴ്‌സ് പേഴ്‌സണ്‍ അബ്ദുല്‍ ഗഫൂര്‍ പാണക്കാട് ക്ലാസെടുക്കും. 6.30-ന് ഓഡിറ്റോറിയം ഉദ്ഘാടനം എം.കെ. രാഘവന്‍ എം.പി. നിര്‍വഹിക്കും. പി.ടി.എ. റഹീം എം.എല്‍.എ. അധ്യക്ഷത വഹിക്കും. സഈദ് ഫൈസി കൊല്ലം മതപ്രഭാഷണം നടത്തും.
21-ന് വൈകിട്ട് അഗതി മന്ദിരത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സി. മോയിന്‍കുട്ടി എം.എല്‍.എ. അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ദഫ് മത്സരം നടക്കും. 22-ന് സമാപന സമ്മേളനവും വാദിഹുദാ ഇംഗ്ലീഷ് സ്‌കൂള്‍ കെട്ടിടവും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ അധ്യക്ഷത വഹിക്കും. മന്ത്രി എം.കെ. മുനീര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍, ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള എന്നിവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ ഇ.കെ. ഹുസൈന്‍ ഹാജി, ജനറല്‍ കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ, ജനറല്‍ സെക്രട്ടറി എ.കെ. അബ്ദുല്ല, ട്രഷറര്‍ എം.പി. ഇബ്രാഹിംകുട്ടി ഹാജി, നാസര്‍ ഫൈസി കൂടത്തായി, യു.കെ. ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു