ജാമിഅഃ നൂരിയ്യയെ അന്തര്‍ദേശീയ ഇസ്‌ലാമിക്‌ ഇന്‍സ്റ്റിറ്റിയൂട്ടാക്കി ഉയര്‍ത്തും : ഹൈദരലി തങ്ങള്‍

മലപ്പുറം : കേരളത്തിലെ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായ ജാമിഅഃ നൂരിയ്യയെ അന്തര്‍ദേശീയ പ്രശസ്‌തമായ ഇസ്‌ലാമിക്‌ ഇന്‍സ്റ്റിറ്റിയൂട്ടാക്കി ഉയര്‍ത്തുമെന്ന്‌ ജാമിഅഃ നൂരിയ്യഃ പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി ഓഫീസ്‌ ഉല്‍ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു തങ്ങള്‍.

 ലോക മുസ്‌ലിംകള്‍ക്ക്‌ തന്നെ മാതൃകയായ കേരളത്തിലെ മതപഠന സംവിധാനങ്ങളും പ്രബോധന പ്രവര്‍ത്തനങ്ങളും ആഗോള ഇസ്‌ലാമിക സമൂഹത്തിന്‌ പരിചയപ്പെടുത്തുന്നതിന്‌ ജാമിഅയുടെ പബ്ലിക്‌ റിലേഷന്‍ സംവിധാനം വിപുലപ്പെടുത്തും. മുസ്‌ലിം സമുദായത്തിന്റെ ശോഭനമായ ഭാവി ലക്ഷ്യമാക്കിയുള്ള പരിപാടികള്‍ക്കും പഠനങ്ങള്‍ക്കും ജാമിഅഃ നൂരിയ്യ നേതൃത്വം നല്‍കും. ഗോള്‍ഡന്‍ ജൂബിലി വര്‍ഷത്തില്‍ തന്നെ ഇത്തരം ഒട്ടേറെ പദ്ധതികള്‍ക്ക്‌ തുടക്കം കുറിക്കുമെന്നും തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ 50 വര്‍ഷമായി കേരളത്തിലെ മുസ്‌ലിംകള്‍ക്ക്‌ ആത്മീയ ധൈഷണിക രംഗങ്ങളില്‍ ദിശാബോധം നല്‍കിയ കേരളത്തിലെ ബഹുഭൂരി ഭാഗം മഹല്ലുകള്‍ക്കും മതപരമായ നേതൃത്വം നല്‍കി കൊണ്ടിരിക്കുന്ന ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ നാഴികകല്ലാക്കി മാറ്റാന്‍ സമുദായം മുന്നോട്ട്‌ വരണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്‌തു.
സമസ്‌ത പ്രസിഡണ്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, എ.പി. മുഹമ്മദ്‌ മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കോട്ടുമല മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍, പി. അബ്ദുല്‍ ഹമീദ്‌, ടി.കെ. പരീക്കുട്ടി ഹാജി, അബ്ദുറഹ്‌മാന്‍ ഉണ്ണിക്കോയ തങ്ങള്‍ പാണ്ടിക്കാട്‌, എം.ടി. കുഞ്ഞുട്ടി ഹാജി, ടി.പി. ഇപ്പ മുസ്‌ലിയാര്‍, സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍, കുഞ്ഞാണി മുസ്‌ലിയാര്‍ മേലാറ്റൂര്‍, മാമുക്കോയ ഹാജി, മുഹമ്മദ്‌ കോയതങ്ങള്‍ പാതാക്കര, സയ്യിദ്‌ ആബിദ്‌ ഹുസൈന്‍ തങ്ങള്‍, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, അരീക്കുഴിയില്‍ ഉമറുല്‍ ഫാറൂഖ്‌ ഹാജി, പുത്തനഴി മൊയ്‌തീന്‍ ഫൈസി, മുഹമ്മദലി ശിഹാബ്‌ ഫൈസി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, സലീം ഫൈസി പൊറോറ എന്നിവര്‍ സംസാരിച്ചു. ഹാജി കെ. മമ്മദ്‌ ഫൈസി സ്വാഗതവും എ.ടി. മുഹമ്മദലി നന്ദിയും പറഞ്ഞു.