കോഴിക്കോട്: കേരളത്തിലെ പ്രമാദമായ കേശ വിവാദത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ അന്വേഷിക്കുന്ന 'വ്യാജമുടി; ഒരു പോസ്റ്റ്മോര്ട്ടം റിപ്പോര്‍ട്ട്' പുസ്തകം പ്രകാശനം ചെയ്തു. കോഴിക്കോട് പ്രസ്ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളാണ് പ്രകാശന കര്‍മ്മം നടത്തിയത്. മുസ്തഫ ഹാജി ചെറിയക്കാട് പുസ്തകം ഏറ്റുവാങ്ങി.
കാരന്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മത സ്ഥാപനത്തില്‍ പ്രവാചകന്‍ മുഹമ്മദ് (സ) യുടെ തിരുകേശമുണ്ടെന്ന അവകാശ വാദവുമായി സുന്നി വിഭാഗത്തിലെ ന്യൂനപക്ഷ ചേരിയായ കാന്തപുരം വിഭാഗം രംഗത്തു വന്നതോടെയാണ് കേശവിവാദം പൊട്ടിപ്പുറപ്പെടുന്നത്. പ്രസ്തുത കേശത്തിലെ ആധികാരികതയെ ചോദ്യം ചെയ്ത് ഇതര മുസ്‍ലിം സംഘടനകള്‍ ഐക്യകണ്ഠേന പരസ്യ പ്രസ്താവനകള്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള സംവാദങ്ങളും ഖണ്ഡനങ്ങളുമായി കേരളീയ മുസ്‍ലിം സാമുദായിക പരിസരത്ത് മുടി വിവാദം കത്തിക്കയറി
മുടി പ്രവാചകന്‍റേതാണെന്ന് തെളിയിക്കാനുള്ള സനദ് (കൈമാറ്റ ശൃംഖല) കാന്തപുരത്തെ മുടിക്കില്ലെന്നതായിരുന്നു എതിര്‍ കക്ഷികളുടെ ആരോപണം. ഇതുവരെ കാന്തപുരം വിഭാഗം പ്രസ്തുത സനദ് ഹാജറാക്കയിട്ടില്ലെന്നും ഇവര്‍ അവകാശപ്പെടുന്നു. അതേസമയം ആധികാരിക കൈമാറ്റ രേഖ തങ്ങളുടെ പക്കലുണ്ടെന്ന നിലപാടിലാണ് കാന്തപുരം വിഭാഗം. തങ്ങള്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ പരസ്യമായി അവരിത് വെളിപ്പെടുത്തിയിട്ടില്ല.
ഇത്തരമൊരു സ്ഥിതി വിശേഷത്തിലാണ് മുടി വിവാദത്തിന്‍റെ യഥാര്‍ത്ഥ ഉള്ളുകളികള്‍ വെളിപ്പെടുത്തുന്ന പുസ്തകം പ്രകാശിതമാവുന്നത്. സംഘടനാ പരമായ പക്ഷപാതിത്വങ്ങളില്ലാതെ സ്വതന്ത്രമായ അന്വേഷണമാണ് വ്യാജമുടി ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ള രീതിശാസ്ത്രമെന്ന് ഗ്രന്ഥകാരന്‍ ടി. അബ്ദുസ്സമദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദാറുല്‍ ഹുദാ സ്റ്റുഡന്‍റ്സ് യൂണിയന്‍ (ഡി.എസ്.യു) ആണ് പുസ്തകം പുറത്തിറക്കുന്നത്. വ്യാജകേശാവതരണത്തിലൂടെ പ്രയോജകര്‍ പ്രവാചകനെ നിന്ദിക്കുന്നിടത്തേക്കു വരെ എത്തിയിരിക്കുകയാണെന്ന് പ്രസാധകര്‍ ആരോപിച്ചു. കേരളീയ മുസ്‍ലിം സമൂഹത്തെ ബന്ധപ്പെട്ടവര്‍ മതപരമായ ആശയക്കുഴപ്പത്തിലാക്കി. അതിനുള്ള പരിഹാര ക്രയമാവും ഈ പുസ്തകം; പ്രസാധകര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് മുഹ്‍സിന്‍ കുറുന്പത്തൂര്‍, ജാബിര്‍ തൃക്കരിപ്പൂര്‍, റശീദ് ഏലംകുളം, സുഹൈല്‍ വിളയില്‍, നൈസാം കുറ്റിപ്പുറം, ആഫ്താബ് കാസര്‍ഗോഡ് തുടങ്ങിയവര്‍ പങ്കെടുത്തു