മലപ്പുറം : തീരദേശത്തെ ഇളക്കി മറിച്ച SKSSF വിമോചനയാത്രയുടെ ജില്ലയിലെ രണ്ടാം ദിന പ്രയാണം അക്ഷരാര്‍ഥത്തില്‍ ജനകീയ പ്രതിഷേധമായി. നൂറു കണക്കിന് വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ അകമ്പടി സേവിച്ച പ്രയാണം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ സംഘടനയുടെ ശക്തിപ്രകടനം കൂടിയായിരുന്നു. താനൂരില്‍ നിന്ന് തിരൂര്‍, കോട്ടക്കല്‍, വളാഞ്ചേരി, പൊന്നാനി എന്നീ സ്വീകരണ സ്ഥലങ്ങളിലേക്ക് വിഖായ വളണ്ടിയര്‍മാരും പ്രവര്‍ത്തകന്‍മാരും പ്രയാണത്തെ അനുഗമിച്ചു.ആത്മീയ ചൂഷണം അനുവദിക്കില്ലെന്ന പ്രഖ്യാപനവമായി സംഘടാകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ആയിരങ്ങളാണ് സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥയെ വരവേല്‍ക്കാന്‍ തടിച്ചു കൂടിയത്. നട്ടുച്ച വെയിലത്തും ആളുകള്‍ യാത്രയെ സ്വീകരിക്കാന്‍ മണിക്കൂറുകള്‍ കാത്തു നിന്നു.
യാത്രയെ പൊതുസമൂഹം ഏറ്റെടുത്തു എന്നതിന്‍റെ തെളിവാണ് വന്‍ജനബാഹുല്യമെന്ന് തിരൂരില്‍ സ്വീകണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.തിരൂര്‍, കോട്ടക്കല്‍, വളാഞ്ചേരി എന്നിവടങ്ങളിലെ സ്വീകരണ സമ്മേളനം ഏറ്റുവാങ്ങി വിമോചന യാത്ര തൃശൂര്‍ ജില്ലയിലെ വടക്കേകാട് സമാപിച്ചു.