ആത്മീയ ചൂഷണത്തിന്‌ പിന്നില്‍ വ്യവസായതാല്‍പര്യം : അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌

തൊടുപുഴ: ആത്മീയ ചൂഷണത്തിന്‌ പിന്നില്‍ സാമ്പത്തക-വ്യാവസായിക താല്‍പര്യമാണെന്നും മതപണ്ഡിതരുടെ വേഷം ചമഞ്ഞ്‌ ഇത്തരം വിലകുറഞ്ഞ പണികള്‍ ചെയ്യുന്നത്‌ സമൂഹത്തിലെ ധാര്‍മിക അന്തരീക്ഷത്തെ കളങ്കപ്പെടുത്താനേ സഹായിക്കൂവെന്നും അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ പറഞ്ഞു. ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി SKSSF സംസ്ഥാന കമ്മിറ്റി 18ന്‌ മംഗലാപുരത്ത്‌ നിന്ന്‌ ആരംഭിച്ച വിമോചനയാത്രക്ക്‌ തൊടുപുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ത്വലബ വിങ്‌ സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ മുഹമ്മദ്‌ മുഹ്‌സിന്‍ ബുഖാരി കുറുമ്പത്തൂര്‍ ഉദ്‌ഘാടനം ചെയ്‌തു.

ഇസ്‌ലാമിക ചരിത്രത്തില്‍ വ്യാജന്മാര്‍ പുത്തരിയല്ലെന്നും സാമ്പത്തിക അഭിവൃദ്ധിക്ക്‌ വേണ്ടി ചൂഷണാത്മ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കാന്‍ മുമ്പും ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും വ്യാജന്മാരെ സ്വീകരിക്കാന്‍ പൊതുജനത്തെ ഇനി കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യാത്രയുടെ പത്താം ദിവസമായ ഇന്നലെ വൈകിട്ടാണ്‌ ഇടുക്കി ജില്ലയില്‍ പ്രവേശിച്ചത്‌. ജില്ലയിലെത്തിയ യാത്രാസംഘത്തെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ സ്വീകരണ വേദിയിലേക്ക്‌ ആനയിച്ചത്‌.

അബ്ദുല്‍ ജലീല്‍ ഫൈസി ആധ്യക്ഷം വഹിച്ചു. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, നാസര്‍ ഫൈസി കൂടത്തായി, കെ.എന്‍.എസ്‌ മൗലവി, ഖാദിര്‍ ഫൈസി പാലക്കാട്‌, ഹൈദര്‍ മുസ്‌ലിയാര്‍, കൂന്നം, ടി.കെ അബ്‌ദുല്‍ കരീം മൗലവി, മുഹമ്മദ്‌ തരുവ, ജാബിര്‍ തൃക്കരിപ്പൂര്‍, നാസര്‍ സഖാഫി പടിഞ്ഞാറേത്തറ, മുഹമ്മദ്‌ തരുവണ, അയ്യൂബ്‌ കൂളിമാട്‌, സഈദ്‌ വല്ലപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു. ജസീര്‍ ദാരിമി സ്വാഗതവും അബ്‌ദുല്‍ കബീര്‍ റഷാദി നന്ദിയും പറഞ്ഞു.
യാത്രയുടെ പതിനൊന്നാം ദിവസമായ ഇന്ന്‌ രാവിലെ 10 മണിക്ക്‌ മണ്ണഞ്ചേരി, ഉച്ചക്ക്‌ 3 മണിക്ക്‌, 4ന്‌ അടൂര്‍, വൈകിട്ട്‌ 7ന്‌ കായംകുളം എന്നിവിടങ്ങളില്‍ സംഘം പര്യടനം നടത്തും.